ജൂലൈ 19, 1935
66. സ്മൃതി, നിദ്ര, മരണം എന്നിതുകളെക്കുറിച്ച് അറിയാനായി ഒരു വിദ്വാന്‍ ആശ്രമത്തിലേക്കു കത്തയച്ചിരുന്നു. അതു വായിച്ചപ്പോള്‍ മറുപടി അയയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നു കരുതി മാറ്റി വച്ചിരുന്നു. പിന്നീട് അക്കാര്യം ഭഗവാന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇങ്ങനെ മറുപടിയുണ്ടായി. “സങ്കല്‍പ്പത്തിലുള്ള ‘ഞാന്‍’ വേറെ, യഥാര്‍ത്ഥത്തിലുള്ള ഞാന്‍ (ആത്മാവ്) വേറെ. ഈ വിവരം അറിയാതിരിക്കുന്നതാണ് അനര്‍ത്ഥങ്ങള്‍ക്ക് ഹേതു. ഗുണം, രൂപം മുതലായവ ആത്മാവിനുള്ളതല്ല. അവ അഹന്തയെ സ്പര്‍ശിക്കുന്നവയാണ്. ഈ സൂക്ഷ്മജ്ഞാനത്തെ അറിയാതിരിക്കുന്നതിനെ മാറ്റുകയാണ് നാം വേണ്ടത്. അജ്ഞാനത്തെ മാറ്റാനായിരിക്കണം നമ്മുടെ ശ്രമം. ആത്മാവിനെ അറിഞ്ഞുകൊള്ളാന്‍ വേണ്ടിയാകരുത്. അജ്ഞാനമകന്നാല് പിന്നെ ഉള്ളത് ആത്മാവൊന്നു മാത്രമാണെന്നു ന്നറിയാനൊക്കും. ഇങ്ങനെ തന്റെ ആദി, നിത്യ, സത്യ, ആത്മസ്വരൂപത്തില്‍ തന്നെ ഇരുന്നുകൊള്ളാനെന്തു പ്രയാസം?” എന്നീ പ്രകാരം അനായാസമായി സമാധാനം പറഞ്ഞു കൊടുത്തു.