ജൂലൈ 21, 1935
67. സൗത്തിന്ത്യന്‍ റെയില്‍വെ ഉദ്യോഗസ്ഥന്‍ ശ്രീ കെ. എസ്. എന്‍. അയ്യര്‍ ഭഗവാനെ സന്ദര്‍ശിച്ചു. അദ്ദേഹം ഇങ്ങനെ ഉണര്‍ത്തിച്ചു:
ഞാന്‍ സ്വയം ‘ഞാനാരാണ്’ എന്നു ചോദിക്കുമ്പോള്‍ എന്റെ യുക്തി ഇപ്രകാരം സമാധാനം പറയുന്നു.
‘ഞാന്‍ എന്റെ കയ്യെ കാണുന്നു. ആരു കാണുന്നു. എന്റെ കണ്ണു കാണുന്നു. കണ്ണിനെ എങ്ങനെ കാണാം. കണ്ണാടിയില്‍ കൂടി കാണാം. അതുപോലെ എന്നെ കാണാന്‍ ഒരു കണ്ണാടി വേണം. എന്നില്‍ ഈ കണ്ണാടി എവിടെയിരിക്കുന്നു. അതിന്റെ സ്ഥാനം അറിയാന്‍ പാടില്ല.
ഉ: എന്നാല്‍ ‘ഞാനാരാ’ണെന്ന് നിങ്ങളെന്തിന് അന്വേഷിക്കുന്നു. അതറിയാതെ നിങ്ങള്‍ വിഷമിക്കുന്നു എന്നും മറ്റും പറയുന്നതെന്തിന്? മിണ്ടാതിരുന്നാല്‍ പോരെ? നിങ്ങളുടെ മനസ്സാന്നിധ്യത്തില്‍ നിന്നും എന്തിനിളകിപ്പോകണം?
ചോ: ഇങ്ങനെ അന്വേഷിക്കുന്നതുമൂലം എനിക്ക് ഏകാഗ്രതയുണ്ടാവുന്നു.
ഉ: അതുമൂലം ഏകാഗ്രതമാത്രമേ ലഭിക്കുകയുള്ളോ? നിങ്ങള്‍ക്കു കൂടുതലെന്തുവേണം? ഏകാഗ്രതയേ ആവശ്യമുള്ളൂ? നിങ്ങള്‍ അതിനെ വിട്ടുകളയുന്നതെന്തിന്?
ഉ: ബാഹ്യമായി ഞാന്‍ വലിച്ചിഴയ്ക്കപ്പെടുന്നു.
ചോ: ഞാനാരാണെന്നന്വേഷിക്കുന്നത് ‘ഞാന്‍’ എന്നതിന്റെ ആദിയിലോട്ട് നോക്കുകയാണ്. ആദിയെ കാണുന്നിടത്ത് നിങ്ങളുടെ ഭ്രമം തീര്‍ന്നു. അന്വേഷണം നിലയ്ക്കുന്ന ആദിയെപ്പറ്റി നിരന്തരമായി ചിന്തിച്ചാല്‍ ഭ്രമങ്ങളൊഴിയും. എല്ലാം പ്രാപിച്ചതാവും.
68. സുപ്രസിദ്ധ പ്രൊഫസര്‍ രാധാകമലമുക്കര്‍ജി ഭഗവാനെ കാണാന്‍ വന്നിരുന്നു. നല്ല ശരീരം, യുവത്വം. ശാന്തപ്രകൃതി. ധ്യാനസാധനയാല്‍ തനിക്കുണ്ടായ ചില അനുഭവങ്ങളുടെ രഹസ്യത്തെപ്പറ്റി ഭഗവാനോട് ചോദിച്ചറിയണമെന്ന് ആഗ്രഹിച്ചു. ആത്മസാക്ഷാല്‍ക്കാരം കഠിനമാണെന്നും അതിനു വേണ്ടി ഗുരു കാരുണ്യമുണ്ടാകാന്‍ ആഗ്ഗ്രഹിച്ചിട്ടാണ് താന്‍ വന്നതെന്നും പറഞ്ഞു.
ചോ: ഉപനിഷത്തുകളില്‍ പറഞ്ഞിരിക്കുന്ന ധ്യാനമാര്‍ഗ്ഗം ഇപ്പോള്‍ കാണാനില്ല. ബംഗാളിലുള്ള ഒരു മുനി എനിക്ക് അതുപദേശിച്ചു. എത്രയോ വര്‍ഷം ശരിയായിട്ട് അതഭ്യസിച്ചശേഷം ചില അനുഭവങ്ങള്‍ പ്രകാശിച്ചു. ഭൂമാവെന്ന പരചൈതന്യമാണ് അന്തമറ്റ അഖണ്ഡവസ്തുവെന്നും ‘ഞാന്‍’ എന്നത് അല്‍പജ്ഞാനമാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഇതില്‍ പിശകുണ്ടോ?
ഉ: ഉള്ളത് പരിപൂര്‍ണ്ണ ചൈതന്യമായ ഭൂമാസ്വരൂപം തന്നെയാണ്. അത് അന്തമില്ലാത്തതാണ്. അതിരറ്റതുമാണ്. അതില്‍ നിന്നും ഒരു ജീവബോധം ഏതോ ഒരുപാധിയോട് ചേര്‍ന്നു നിന്നു ചേഷ്ടിക്കുന്നു. ഇതിനെ ആഭാസചൈതന്യം എന്നു പറയുന്നു.
ഈ ആഭാസചൈതന്യത്തെ ആത്മചൈതന്യത്തിലൊടുക്കി വയ്ക്കണം. അതു മാത്രമാണ് നാം ചെയ്യേണ്ടത്.
ചോ: ഭൂമാവ് (ബൃഹത്ത്) ബ്രഹ്മത്തിന്റെ ലക്ഷണമല്ലേ?
ഉ: എവിടെയാണ് കാണാനോ, കേള്‍ക്കാനോ, ചിന്തിക്കാനോ, അന്യമായി ഒന്നുമില്ലാതിരിക്കുന്നത് ആ പരംപൊരുള്‍ തന്നെയാണ് ഭൂമാവ്. അത് ഗുണമോ, ലക്ഷണമോ ഒന്നുമില്ലാത്തത്. അങ്ങനെ, ഇങ്ങനെ എന്നൊന്നും പറയാനൊക്കാത്തത്. ഉള്ളത് പോലെ ഉള്ളത്.
ചോ: അഖണ്ഡനില ഒന്ന് അനുഭവമാകുന്നു. അത് ഭൂമാവെല്ലന്നിരുന്നാലും അതിനടുത്തതിനെ ഭൂമാവെന്നു പറയാമോ?
ഉ: ഉള്ളത് ഭൂമാവൊന്നുമാത്രം. വേറൊന്നുമില്ല. മറ്റെല്ലാം സങ്കല്‍പങ്ങള്‍.
ചോ: മനസ്സിനതീതമായിട്ടുതന്നെയാണ് ഈ അഖണ്ഡാവസ്ഥ ബോധ്യമാവുന്നത്.
ഉ: അതെ അതെ.