ശ്രീ രമണമഹര്‍ഷി

സെപ്തംബര്‍ 25, 1935

72. കെ. എസ്‌. നാരായണയ്യര്‍ ജപത്തെപറ്റി ഭഗവാനോട്‌ ചോദിച്ചു.

ഉ: ഒച്ചകൂടാതെ ജപിക്കുക. മനസ്സുകൊണ്ടോര്‍മ്മിക്കുക. ധ്യാനിക്കുക. ഇവ ജപത്തിന്റെ മുറകളാണ്‌. അനായേസേനയുള്ള നിരന്തര ജപം ഒടുവില്‍ സിദ്ധിക്കും. അവിടെ ജപിക്കുന്നവനും ജപവും ഏകകാര്യത്തിലിരിക്കും. ‘ഞാന്‍ ആര്‌’ എന്ന ചോദ്യരൂപത്തിലുള്ള ജപമാണ്‌ ഏറ്റവും വിശേഷം.

73. ഗുരുകൃപയില്ല, അനുഗ്രഹമില്ല. എന്തുചെയ്യുമെന്ന്‌ കൂടെ കൂടെ ഏങ്ങിപ്പോകുന്നു. എന്ന്‌ ഏകനാഥറാവു ഭഗവാനെ അറിയിച്ചപ്പോള്‍ ഭഗവാന്‍:

ഉ: ഇത്‌ അറിവില്ലായ്മയാണ്‌. ഏങ്ങുന്നതാരാണെന്നു ചിന്തിച്ചു നോക്കണം. ഉറങ്ങുമ്പോള്‍ ഈ വിഷമങ്ങളൊന്നുമില്ലല്ലോ. അവിടെ ‘ഞാന്‍’ എന്ന അഹന്തയുമില്ല. അഹന്തയുദിച്ചാല്‍ ഇത്തരം വിചാരങ്ങള്‍ തുടര്‍ന്നുണ്ടാവും. അതിനാല്‍ ദുഃഖനിവൃത്തിക്ക്‌ അഹന്തയുടെ മൂലകാരണത്തെ അന്വേഷിച്ചറിയണം. ഉറക്കത്തില്‍ ഏതാണ്ട്‌ നമ്മുടെ തനിയവസ്ഥയാണുള്ളത്‌. അപ്പോഴെങ്ങനെയാണ്‌ യാതൊരു ദുഃഖവും കൂടാതെ ആനന്ദമായിരിക്കുന്നു എന്നറിയണം.

ചോ: പ്രോത്സാഹജനകമായിട്ടൊന്നുമില്ലാത്തതിനാല്‍ സാധനകള്‍ ബലപ്പെടുന്നില്ല.

ഉ: ധ്യാനത്തിലിരിക്കുമ്പോള്‍ ചെറുതായിട്ടെങ്കിലും ഒരു ശാന്തി തോന്നുന്നില്ലേ? അത്‌ പുരോഗതിയുടെ ലക്ഷണമാണ്‌. നിരന്തരമായഭ്യസിച്ചാല്‍ ആ ശാന്തി തുടര്‍ന്നു പ്രകാശിക്കും. അത്‌ ഗുണാതീത നിലയിലെത്തിക്കും. അതാണ്‌ തീര്‍ന്ന നിലയെന്ന്‌ ഭഗവദ്‌ഗീതയിലും പറഞ്ഞിരിക്കുന്നത്. ഏക്കവും ഊക്കവുമെല്ലാം ത്രിഗുണങ്ങളില്‍പ്പെട്ടതാണ്‌. മനോമയമായ ത്രിഗുണങ്ങളെയും താണ്ടി ഗുണാതീത നിലയിലെത്തേണ്ടതാണ്‌.

ഇതിനു മുന്‍പുള്ള അവസ്ഥകളെ അശുദ്ധതത്വം മിശ്രതത്വം ശുദ്ധതത്വമെന്നെല്ലാം പറയും. രജോഗുണത്താലും തമോഗുണത്താലും മലിനപ്പെട്ടിരിക്കുന്നതാണ്‌ അശുദ്ധതത്വം. അപ്പോള്‍ സത്വപ്രധാനമായതാണ്‌ മിശ്രതത്വം. രജസ്തമോഗുണങ്ങള്‍ മുഖ്യമാവാനിടയില്ലാതെ സ്വയം പ്രകാശിക്കുന്നത്‌ ശുദ്ധതത്വം. ഈ സര്‍വ്വത്തെയും താങ്ങി നില്ക്കുന്നത്‌ ഗുണാതീതം.

74. ഭഗവാനെ വിചാരിക്കുമ്പോഴെല്ലാം അദ്ദേഹം എന്നിലിരിക്കുന്നു. മാത്രമല്ല, അദ്ദേഹത്തെ വിചാരിക്കാതിരിക്കുമ്പോഴും അദ്ദേഹം എന്നിലിരിക്കുന്നു. ഇല്ലെങ്കില്‍ ‘ഞാനെങ്ങനെ നില നില്‍ക്കും” എന്നു മി. ഫ്‌റൈറ്റ്‌മാന്‍ എന്ന എഞ്ചിനീയര്‍ ഒരു കത്തിലെഴുതിയിരുന്നത്‌ സന്നിധിയില്‍ ഒരാള്‍ വായിക്കുകയുണ്ടായി.

75. മുന്‍പ്‌ വിദേശീയസ്ഥാനപതി മന്ദിരത്തിലിരുന്ന ഗ്രാന്റ്‌ ഡഫ്‌ ആശ്രമത്തിലേയ്ക്കെഴുതിയ കത്തില്‍ ഇപ്രകാരം പറഞ്ഞിരുന്നു.

‘ഭഗവാന് എന്റെ ഹൃദയപൂര്‍വ്വമായ നമസ്കാരം. എന്റെ പ്രശ്നങ്ങള്‍ക്കെല്ലാം അദ്ദേഹത്തെ ഓര്‍മ്മിച്ചാല്‍ മതി. സമാധാനം കിട്ടുന്നുണ്ട്‌. മാത്രമല്ല എന്റെ മുന്‍പില്‍ ഭഗവാന്റെ സാന്നിധ്യസുഖവും ഞാനനുഭവിച്ചുവരുന്നു.