സെപ്തംബര്‍ 25, 1935
76. ശ്രീ കെ. എസ്. എന്‍. അയ്യര്‍:
ചോ: ലോകവ്യവഹാരങ്ങളാല്‍ മനസ്സ് പല വാക്കിനു ചിതറിപ്പോവുന്നു. അതിനിടയില്‍ ധ്യാനം അസാധ്യമായിത്തോന്നുന്നു.
ഉ: അസാധ്യമായൊന്നുമില്ല. നിങ്ങളുടെ സംശയത്തിനു യോഗവാസിഷ്ഠത്തില്‍ സമാധാനം പറഞ്ഞിട്ടുണ്ട്.
(1) വിഷയചിന്തയൊഴിഞ്ഞയിടത്ത് തന്നില്‍ പ്രകാശിക്കുന്ന പരിപൂര്‍ണ്ണത്വത്തോടുകൂടി ലോകത്ത് ഉലാവുക.
(2) ഉള്ളില്‍ ആശയറ്റ്, വാസനയുമൊഴിഞ്ഞ്, ബാഹ്യമായി മറ്റുള്ളവര്‍ക്കൊപ്പം ഈ ലോകത്തിരിക്കൂ.
(3) മഹാനുഭാവത്വവും മാധുര്യവും വര്‍ദ്ധിച്ചവനായി ജഗത്തോടുചേര്‍ന്നു നിന്ന് ഉള്ളില്‍ എല്ലാം ഒഴിച്ചവനായും (നിവര്‍ത്തിച്ചവനായും) ഇരിക്കൂ.
(4) എല്ലാ കാര്യങ്ങളും നല്ലവണ്ണം ചിന്തിച്ച് നിന്ദ്യമല്ലാത്ത ഔന്നത്യത്തെ ഉള്‍ക്കരുത്തോട് പറ്റിനിന്ന് ലോകത്തിരിക്കൂ.
(5) ഉള്ളില്‍ നിരാശയോടും വെളിയില്‍ ആശയുള്ള ഭാവത്തോടും, ഉള്ളില്‍ ശാന്തിയോടും എന്നാല്‍ വെളിയില്‍ അശാന്തനെപ്പോലെയും ലോകത്തിരിക്കൂ.
(6) ഉള്ളില്‍ വ്യവഹാരമില്ലാതെയും എന്നാല്‍ വെളിയില്‍ വ്യവഹാരമുള്ളവനെപ്പോലെ ഭാവിച്ചും അകത്ത് അകര്‍ത്താവായും പുറത്ത് കര്‍ത്താവായും ലോകത്തിരിക്കൂ.
(7) നീ സൃഷ്ടിയെപ്പറ്റി നല്ല അറിവുള്ളവനാകയാല്‍ ആ അഖണ്ഡവീക്ഷണത്തോടെ യഥേഷ്ടം ലോകത്തിരിക്കൂ.
(8) ഉത്സാഹം, ആനന്ദം, ഭ്രമം, കോപം, പരിശ്രമം, കുഴപ്പം മുതലായവ പ്രകടിപ്പിച്ചുകൊണ്ട് (ഉള്ളില്‍ ഇതൊന്നുമില്ലാതെയും) ലോകത്തിരിക്കൂ.
(9) അഹന്തയൊഴിച്ച് അകം കുളിര്‍ന്ന് ജ്ഞാനാംബരത്തിലെ നിഷ്കളങ്കപ്രകാശം പരത്തിക്കൊണ്ട് ലോകത്തിരിക്കൂ.
(10) ആശാപാശത്തെ നീട്ടിക്കൊണ്ടുപോകാതെ ഏതു നിലയിലും സമത്വമുള്ളവനായി വെളിയില്‍ മുന്‍വ്യവഹാരത്തോട് ചേര്‍ന്നുനിന്നും ലോകത്തിരിക്കൂ.
(മുകളില്‍ പറഞ്ഞ പത്തും യോഗവാസിഷ്ഠത്തില്‍ “പൂര്‍ണ്ണാം ദൃഷ്ടി അവഷ്ടഭ്യം” എന്നു തുടങ്ങുന്ന പത്ത് പദ്യങ്ങളുടെ സാരമാണ്)