ഒക്ടോബര്‍ 15, 1935
81. വേദാന്തപഠനത്തില്‍ കഴിഞ്ഞ 20 വര്‍ഷം വിഹരിച്ച ഒരമേരിക്കന്‍ ഡോക്ടര്‍ ബെണ്‍ഹാര്‍ഡ് ബേയ് അന്ന് ഇന്‍ഡ്യയിലായിരുന്നു. അദ്ദേഹം ഭഗവാനെ ദര്‍ശിക്കാന്‍ വന്നു. അദ്ദേഹം ചോദിച്ചു:
എങ്ങനെയാണ് അഭ്യാസം ചെയ്യേണ്ടത്? ഞാന്‍ ഒരു സത്യാര്‍ത്ഥിയാണ്. അഭ്യാസം മനസ്സിന്റെ ഏകാഗ്രതയ്ക്കാണല്ലോ?
ഉ: ഇതുവരെ എന്തഭ്യസിച്ചു വന്നിരുന്നൂ?
ചോ: നാസികാഗ്രത്തെ ലക്ഷ്യമാക്കി ഹൃദയത്തെ ശാന്തമാക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ മനസ്സ് ഏകാഗ്രമാവുന്നില്ല. മനസ്സ് നിലയ്ക്കു നില്ക്കുന്നില്ല.
ഉ: മനസ്സെന്നൊന്നുണ്ടോ?
(അടുത്തിരിക്കുന്ന ഒരു ഭക്തന് പതുക്കെ): മനസ്സ് ചിന്തകളുടെ താവളമാണ്.
ഉ: വിചാരങ്ങള്‍ ആര്ക്കുദിക്കുന്നു? മനസ്സെന്നത് എന്താണെന്നന്വേഷിച്ചാല്‍ അത് മറഞ്ഞു കളയും . താനായ ആത്മാവ് അവശേഷിക്കും. അതിനന്യമൊന്നുമില്ലാത്തതിനാല് അതു കൂമ്പുകയില്ല, വിരിയുകയുമില്ല.
ചോ: ഇത് ഗ്രഹിച്ചുകൊള്ളുക കടുപ്പം. ഏതെങ്കിലും ഒരു മന്ത്രമോ ധ്യാനമോ പറഞ്ഞുതന്നാലെളുപ്പമായിരിക്കും.
ഉ: അങ്ങനെയാണെങ്കില്‍ എല്ലാത്തിനും വിശേഷമായ ‘ഞാനാര്’ എന്ന ജപത്തെ അനുഷ്ഠിക്കാമല്ലോ. തനിക്കു തന്നെക്കാള്‍ സ്പഷ്ടമായ മറ്റെന്തുണ്ട്? എല്ലാവരും ഒഴിയാതെ അതിനെ അറിഞ്ഞുകൊണ്ടാണിരിക്കുന്നത്. അത്രമേല്‍ പ്രത്യക്ഷമായ സ്വസ്വരൂപത്തെ വിട്ടിട്ട് മറ്റെന്തിനെയോ എവിടെയോ ആശ്രയിക്കുന്നതെന്തിന്? അറിയാത്ത ഒന്നിനെ കാംക്ഷിച്ച് ഓടുന്നതില്‍ നിന്നും വിരമിച്ച്, അറിവേ സ്വരൂപമായി തന്റെ മുന്പില് നില്ക്കുന്ന തന്നെയറിഞ്ഞുകൊള്ളുന്നതല്ലേ നല്ലത്?
ചോ: ഞാന്‍ ആത്മാവിനെ എവിടെയാണ് ധ്യാനിക്കേണ്ടത്? ശരീരത്തിന്റെ ഏതു ഭാഗത്ത്?
ഉ: എവിടെ പ്രകാശിക്കുന്നതും ആത്മാവെന്നറിഞ്ഞുകൊണ്ടാല് മതി.
(ഒരു ഭക്തന് പതുക്കെ): നെഞ്ചിന്റെ വലതു വശത്ത് ആത്മാവിന്റെ പീഠമായ ഹൃദയം അവിടെയാണിരിക്കുന്നത്.
(മറ്റൊരു ഭക്തന്): ആത്മാനുഭവമുണ്ടാകുമ്പോള് ജ്യോതിസ്സിന്റെ ഉറവിടം അതു തന്നെ എന്നറിയാം.
ഉ: ശരിയാണ്. അങ്ങനെ തന്നെ.
ചോ: മനസ്സിനെ ലോകബോധത്തില്നിന്നും മാറ്റുന്നതെങ്ങനെ?
ഉ: നമ്മെക്കൂടാതെ ഒരു ലോകമുണ്ടോ? തന്റെ ഇരിപ്പിനെപ്പറ്റി ലോകം പ്രഖ്യാപിക്കുന്നുണ്ടോ? അതിനോട് അതുണ്ടെന്നു നാം പറയുന്നുണ്ടോ? നമ്മുടെ കാഴ്ചയില്‍ മാത്രം ഉള്ള ലോകത്തെ വിട്ടിട്ട് നിരാധാരമായി സ്വയം പ്രകാശിക്കുന്ന നമ്മുടെ സത്യസ്വരൂപത്തെ നാം ബോധിക്കേണ്ടതാണ്.