നവംബര്‍ 7, 1935.
92. ഒരു സന്ദര്‍ശകന്‍: മനോനാശമാര്‍ഗ്ഗം ആപല്‍ക്കരമാണെന്നും മൂര്‍ത്ത്യുപസനയേ ആകാവുള്ളുവെന്നും ചിലര്‍ പറയുന്നു. അതെന്താണ്?
ഉ: ആര്‍ക്കാണാപല്‍ക്കരം? ആപത്തായാലും സമ്പത്തായാലും അത് ആത്മാവിന് അന്യമായിട്ടായിരിക്കാനൊക്കുമോ? ഇടതടവില്ലാതെ ‘ഞാന്‍, ഞാന്‍’ എന്നു വിളങ്ങുന്ന അഖണ്ഡബോധജാഗ്രത്തിന്റെ ഒരു കുമിളയാണ് അഹങ്കാരസ്വരൂപനായ ജീവന്‍. കുമിളയും ജലം തന്നെ. കുമിളയായിട്ടിരിക്കുമ്പോഴും അത് ജലത്തെ വിട്ടിരിക്കുന്നോ? കുമിള പൊട്ടിയാലും കടലില്‍ തന്നെ. ഈ സാര്‍വ്വത്രിക സത്യത്തെ അറിയാതെ കണക്കില്ലാത്ത മാര്‍ഗ്ഗങ്ങളില്‍കൂടിയും കര്‍മ്മം, ഭക്തി, യോഗം തുടങ്ങിയ വിവിധ പിരിവുകളില്‍ കൂടിയും വീണ്ടും അവയുടെ പാഠങ്ങളില്‍ കൂടിയും പാഠാന്തരങ്ങളില്‍ കൂടിയും ഭാഷ്യങ്ങളില്‍ കൂടിയും വൈദഗ്ദ്ധ്യത്തോടുകൂടി ജിജ്ഞാസുക്കളെ നട്ടം തിരിപ്പിക്കുന്നു. വിശദീകരണങ്ങളും അവയുടെ സങ്കീര്‍ണ്ണതകളും മൂലം ജിജ്ഞാസുക്കള്‍ കബളിപ്പിക്കപ്പെടുകയാണ്. ഫലത്തില്‍ അരഭ്രാന്തന്മാരായ ജിജ്ഞാസുക്കളെ മുഴുഭ്രാന്തന്മാരാക്കിത്തീര്‍ക്കുകയാണ്. പ്രമാണങ്ങളെത്ര, നിയമങ്ങളെത്ര, തത്വങ്ങള്‍, സിദ്ധാന്തങ്ങള്‍, മതങ്ങളും വിശ്വാസങ്ങളുമെത്രയെത്ര! അപ്പാ! തന്റെ സത്യമറിയാനാണോ ഇതെല്ലാം?
ഇന്ദ്രിയങ്ങളില്‍ കൂടി അറിയുന്ന വിഷയങ്ങളെ നാം പ്രത്യക്ഷങ്ങളെന്നു പറയുന്നു. ഇന്ദ്രിയങ്ങളുടെ സഹായം കൂടാതെ നേരിട്ട് എപ്പോഴും അറിയപ്പെടുന്ന, ആത്മാവായ, തന്നെപ്പോലെ അത്ര പ്രത്യക്ഷമായ വസ്തു വേറെന്തുണ്ട്? ഇന്ദ്രിയ കരണാദികളുടെ സഹായത്തോടുകൂടി അറിയപ്പെടുന്നത് എങ്ങനെ പ്രത്യക്ഷമാകും? അതിനെ അപ്രത്യക്ഷമെന്നു വേണം പറയാന്‍. താനാകുന്ന അറിവാണ് പ്രത്യക്ഷം. ഇതെല്ലാവര്‍ക്കും പൊതുവായ അനുഭവമാണ്. താനുണ്ടെന്നറിയാന്‍ മറ്റൊന്നിന്റെ സഹായം വേണോ?
ആദിയന്തമറ്റ അഖണ്ഡിത പരിപൂരണം താനായ, തന്മയമായ തന്നെ താന്‍ ‘ഞാന്‍’ എന്നുണരുന്നു. ‘ഞാന്‍’ എന്നത് അതിന്റെ ഉത്തമ നാമം. ഓം തുടങ്ങിയവ പോലും അതിനു ശേഷമുള്ളതാണ്. ആ അഖണ്ഡ ബോധാനുഭവമാണ് മോക്ഷം. ഇതിനാധാരമായ ശ്രുതി ‘അഹം ബ്രഹ്മാസ്മി’ എന്ന മഹാവക്യം. ഇത്രയും പ്രത്യക്ഷമായതിനെ കൂടിയും ചൂണ്ടിക്കാണിച്ചു പഠിപ്പിച്ചിട്ടു മാത്രം അറിയേണ്ടിയിരിക്കുന്നു. ശ്രുതികളുടെ സാരമെന്നു മഹത്തുക്കള്‍ അരുളിച്ചെയ്യുന്നത് ഇതിനെത്തന്നെ.