ശ്രീ രമണമഹര്‍ഷി

നവംബര്‍ 9, 1935

95. മേജര്‍ എ. ഡബ്ല്യു. ചാഡ്വിക്‌ ഇപ്രകാരം ചോദിച്ചു.

തനിക്ക്‌ ചിലപ്പോള്‍ സാക്ഷാല്‍ക്കാര അനുഭൂതി ഉണ്ടാകാറുണ്ടെന്നും എന്നാല്‍ അതിന്റെ ശക്തി കുറെ നേരം ഉണ്ടായിരുന്നിട്ട്‌ പിന്നീട്‌ ക്രമേണ ഇല്ലാതായിപ്പോകുമെന്നും മി. എഡ്വേര്‍ഡ്‌ കാര്‍പ്പന്റര്‍ ഒരു പുസ്തകത്തിലെഴുതിയിരിക്കുന്നു. എന്നാല്‍ ശ്രീ രമണഗീതയില്‍ പറയുന്നത്‌ ഹൃദയഗ്രന്ഥി ഒരിക്കല്‍ ഭേദിച്ചാല്‍ അത്‌ എന്നത്തേക്കും ഭേദിച്ചതു തന്നെ എന്നാണ്‌. ആത്മാനുഭൂതിക്കു ശേഷവും ബന്ധം ഏര്‍പ്പെടുമോ?

ഉ: ഗുരുവരുളാല്‍ സ്വപ്രകാശ അഖണ്ഡൈക സച്ചിദാനന്ദസ്വരൂപപ്രാപ്തി വന്ന് ആനന്ദം പൂണ്ട ശിഷ്യന്‍ ഗുരുപാദത്തില്‍ സാഷ്ടാംഗപ്രണാമം ചെയ്തു.

“അനുപമമായ ഈ മഹാ അനുഗ്രഹത്തിനു ഞാനെന്തു നന്ദി ചെയ്യാന്‍ എന്നു ചോദിച്ചപ്പോള്‍ ഗുരുനാഥന്‍ കാരുണ്യപൂര്‍വ്വം അവനെ നോക്കി ‘ഈ ആനന്ദത്തെ വിട്ടുകളയാതെ നീ എന്നും ആനന്ദസ്വരൂപത്തില്‍ തന്നെ ഇരുന്നുകൊള്ളുന്നത്‌ മാത്രമാണ്‌ ഗുരുദക്ഷിണ’ എന്നരുളിച്ചെയ്തതായി *കൈവല്യനവനീതത്തില്‍ പറഞ്ഞിരിക്കുന്നു.
(* പതിനേഴാം നൂറ്റാണ്ടില്‍ ഗുരു താണ്ടവരായര്‍ തമിഴ്‌ ഭാഷയില്‍ എഴുതിയ കൃതി)

ചോ: ഇത്ര വിശേഷമായ അനന്ദത്തെ ഒരാള്‍ എങ്ങനെ നഷ്ടപ്പെടുത്തും?

ഉ: ജ്ഞാനം ദൃഢമാകാത്ത അവസ്ഥയില്‍ അനാദി വാസനയാല്‍ തിരിഞ്ഞുമാറി വീണ്ടും അജ്ഞാനത്തില്‍ പെട്ടെന്നു വരാം.

ചോ: ഒരിക്കല്‍ അനുഭവിച്ച ആനന്ദം നിലച്ചുപോകാതെ അതിനെ ഹനിക്കുന്ന വിഘ്നങ്ങളെന്താണ്‌? അവയെ തരണം ചെയ്യുന്നതെങ്ങനെ?

ഉ: തന്നെ അറിയാത്ത അജ്ഞാനം ഇങ്ങനെയോ, അങ്ങനെയോ എന്ന സംശയവും ശരീരം ഞാനാണ്‌, ലോകം ഉള്ളതാണ്‌ എന്നു കരുതുന്ന വിപരീതവുമാണ്‌ വിഘ്നങ്ങള്‍. ഇവ മൂന്നും ശ്രവണ, മനന നിദിധ്യാസനങ്ങളാലൊഴിയും.

തല്‍ക്കാലിക അനുഭവത്താല്‍ ബന്ധമൊഴിഞ്ഞതായിവരുകയില്ല. അപ്പോഴത്തേക്ക്‌ ബന്ധമറ്റ്‌ വിമുക്തനായെന്നു തോന്നിയാലും ബന്ധവാസനകള്‍ ഉള്ളില്‍ സൂക്ഷ്മരൂപേണ മറഞ്ഞു നില്‍ക്കും. പിന്നീട്‌ എഴുമ്പിത്തുടങ്ങും. ഇപ്പ്രകാരം വീണ്ടും ബദ്ധരായിത്തീരുന്നവരെ യോഗഭ്രഷ്ടരെന്നു പറയും. വാസനകള്‍ വീണ്ടും ഉദയമാകാനിടകൊടുക്കാതെ താന്‍ തന്നിലേ നിന്നുകൊണ്ടാല്‍ വാസനകള്‍ ഒഴിഞ്ഞു മാറും. വാസനകള്‍ നിശ്ശേഷം മാഞ്ഞിടത്ത്‌ ദൃഢജ്ഞാനം നിരന്തരമായും സഹജമായും പ്രകാശിക്കും. അജ്ഞാനബന്ധം പിന്നീടൊരിക്കലും കുരുക്കുകയേയില്ല.

ചോ: ഇതുപോലെ സത്യം ശ്രവിക്കാന്‍ ചിലര്‍ക്കേ ഭാഗ്യമുണ്ടാവുകയുള്ളൂ എന്നു പറയുന്നു!

ഉ: ശ്രവണം രണ്ടുവിധം. ഒന്ന്‌ ഗുരുമുഖത്തില്‍നിന്നും. ‘ഞാനാര്’ എന്ന ചോദ്യം തന്നില്‍ തന്നെ ഉദിച്ച്‌ ഉള്ളില്‍ സ്വയം അന്വേഷിച്ച്‌ അഖണ്ഡ, അഹംസ്ഫൂര്‍ത്തിയാണ്‌ താനെന്നു സ്വയം ബോധിച്ചുകൊള്ളുന്നത്‌ മറ്റൊന്ന്‌. ഇതാണ്‌ ശരിയായ ശ്രവണം. തന്നില്‍ ഉണ്ടാകുന്ന ശ്രവണത്തെ അനുസന്ധാനം ചെയ്യുന്നത്‌ മനനം. അതില്‍ ഏകാഗ്രനായി ഭവിക്കുന്നത്‌ നിദിധ്യാസനം.

ചോ: താല്‍ക്കാലിക ആത്മാനുഭവം സമാധിയാകുമോ?

ഉ: അല്ല, അത്‌ നിദിധ്യാസനമേയാകുന്നുള്ളു.

ചോ: എങ്ങനെയും യഥാര്‍ത്ഥ തത്വോപദേശം അപൂര്‍വ്വം പേര്‍ക്കേ സിദ്ധിക്കയുള്ളൂ.

ഉ: ജ്ഞാനമാര്‍ഗ്ഗത്തെ അവലംബിക്കുന്നവര്‍ ഉപാസനകള്‍ ചെയ്തു തീര്‍ത്തവര്‍ (കൃതോപാസകര്‍), തീര്‍ക്കാത്തവര്‍ (അകൃതോപാസകര്‍) എന്നു രണ്ടു മട്ടുണ്ട്‌. കൃതോപാസകന്‍ നിരന്തരഭക്തിയാല്‍ വാസനകളെ ഏതാണ്ട്‌ വിജയിച്ചു ചിത്തശുദ്ധിവരുത്തി അനുഭവങ്ങള്‍ക്കാളാകും. അങ്ങനെയുള്ളവര്‍ സദ്ഗുരു മുഖേന ആത്മതത്വം ഗ്രഹിച്ച്‌ ആത്മാനുഭവം നേടും. മറ്റവര്‍ ഉപദേശത്തിനു ശേഷവും സാധനകളെ ശീലിക്കേണ്ടി വരും.

ശ്രവണമനനനിദിധ്യാസനങ്ങളാല്‍ മനസ്സിന്റെ ഭ്രമം അല്‍പാല്‍പമായി ഒടുങ്ങി കാലക്രമത്തില്‍ അനുഭവപരായണരായിത്തീരും. നിദിധ്യാസനത്തിന്റെ ഒടുവില്‍ നാലാമതുള്ള സമാധിക്കു പക്വനായിത്തീരും. അനുഭവം സിദ്ധിച്ചവരെത്തന്നെ ചിലര്‍ ബ്രഹ്മവിത്ത്‌, വരന്‍, വരീയാന്‍, വരിഷ്ഠന്‍ എന്നു അനുക്രമത്തില്‍ പറയുന്നു. എന്നാലും അവരെല്ലാം ജീവന്മുക്തരാണെന്നതിനാക്ഷേപമില്ല.

96. മേജര്‍ എ. ഡബ്ല്യു. ചാഡ്വിക്‌.

പാശ്ചാത്യരില്‍ ചിലര്‍, ഒരോരവസരങ്ങളില്‍ ബ്രഹ്മജ്ഞാനം അനുഭവമായി എന്നു പറയുന്നതെന്താണ്‌?

ഉ: ഏതോ ഒരവസ്ഥയില്‍ എങ്ങനെയോ പൊടുന്നനവേ തോന്നുന്ന ആ അനുഭവം വന്നതുപോലെ മറയുകയും ചെയ്യും. ഒരിക്കലും വിട്ടുനീങ്ങാതെ ആരിലുമുള്ള അഖണ്ഡചൈതന്യബോധത്തെ അറിഞ്ഞാല്‍ ആ അനുഭവം നിലച്ചു നില്‍ക്കും. ‘താന്‍ ഉണ്ടെന്നെല്ലാവര്‍ക്കും നിശ്ചയമാണ്‌. അതിനെ ആരും നിഷേധിക്കുകയില്ല. ഉറക്കത്തില്‍ അബോധനായും ജാഗ്രത്തില്‍ ബോധവാനായും ഇരിക്കുന്നുവെന്നെല്ലാവരും അവകാശപ്പെടുന്നു. ഈ രണ്ടവസ്ഥയിലും ഇരിക്കുന്ന ആള്‍ ഒന്നാണ്‌, രണ്ട്‌ പേരല്ല. ഉറക്കത്തില്‍ ശരീരബോധമില്ല. ഉണര്‍ച്ചയില്‍ അതുണ്ടെന്ന വ്യത്യാസമേയുള്ളൂ. ഉറക്കത്തില്‍ അഹന്ത അടങ്ങിയിരിക്കുന്നു. ഉണര്‍ച്ചയില്‍ അഹന്തയും ഉണരുന്നു. അത്രയേയുള്ളൂ. തന്റെ യഥാര്‍ത്ഥ ബോധമാകട്ടെ ഈ ഭേദങ്ങളില്ലാതെ എപ്പോഴും താനെ താനായി വിളങ്ങുന്നു. ഉറക്കത്തില്‍ ഉണര്‍വ്വിനെ അറിയിക്കുന്ന ഉപാധികളില്ല. ഉണര്‍ച്ചയില്‍ ഉപാധിയുണ്ടെന്നറിയുന്നു. ഈ ഉപാധിയാണ്‌ ബന്ധം. ശരീരം ഞാനെന്ന തോന്നലാണ്‌ വിപരീതഭാവന. ഈ വിപരീതജ്ഞാനം മാറണം. ഈ പ്രതിബന്ധത്തോന്നല്‍ മാറിയാല്‍ എപ്പോഴുമുള്ള യഥാര്‍ത്ഥ ‘ഞാന്‍’ മറമാറി പ്രകാശിക്കും. ഇത് അപരോക്ഷജ്ഞാനം. ഇത്‌ തോന്നലല്ല. ഒന്നിനാലും മറയ്ക്കപ്പെടുന്നതുമല്ല. ഉള്ളത്‌ ഉള്ളനാളൊക്കെയും ഉള്ളതായിരിക്കും. തോന്നലുകളെല്ലാം മറയും. ശരീരം ജാഗ്രത്തില്‍ മാത്രം ഗോചരമാണ്‌. ശരീരത്തെ ഞാനെന്നഭിമാനിക്കുന്ന അഹന്ത ജാഗ്രത്തില്‍ ഉണ്ടാകുന്നു, ഉറക്കത്തില്‍ ഇല്ലാതാകുന്നു. മുന്‍പറഞ്ഞ വിപരീതജ്ഞാനം ഒഴിയുന്നതാണ്‌ ആത്മസാക്ഷാല്‍ക്കാരം – ആത്മാനുഭവം, അത്‌ പുത്തനല്ല, പഴയതുമല്ല. എപ്പോഴുമുള്ളത്‌. അതിനെ മറയ്ക്കുന്ന ആവരണത്തെ മാറ്റുന്നതാണ്‌ മാര്‍ഗ്ഗം.

ചോ: ഈ ദേഹബോധം മാറിയെങ്കിലോ എന്നാശിക്കുന്നു.

ഉ: ദേഹത്ത്‌ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളെയെല്ലാം ദൂരെ മാറ്റാം. ദേഹത്തെ എവിടെ മാറ്റിവയ്ക്കാന്‍. അതിനെ എവിടെ എടുത്തു മാറ്റിയാലും പിന്നെയും താനതിലല്ലേ ഇരിക്കുന്നത്‌.

(മേജര്‍ ചാഡ്വിക്‌ ചിരിക്കുന്നു)

സത്യം വളരെ ലഘുവാണ്‌. അത്‌ നാം ജനിച്ചപ്പോഴേ ഉള്ളതാണ്‌. അതിനെപ്പറ്റി അത്രയേ പറയേണ്ടിയുള്ളൂ.

ഈ കേവല സത്യത്തെ ബോധിപ്പിക്കാനും, അത്ഭുതമായിരിക്കുന്നു, എത്ര മതങ്ങള്‍, മാര്‍ഗ്ഗങ്ങള്‍, വിശ്വാസങ്ങള്‍, വാദപ്രതിവാദങ്ങള്‍? ദയനീയം!

ചോ: ജനങ്ങള്‍ കേവലത്വം അഥവാ ഋജുത്വം കൊണ്ട്‌ തൃപ്തരാകുന്നില്ല. അവര്‍ക്ക്‌ സങ്കീര്‍ണ്ണത്വം അല്ലെങ്കില്‍ ആര്‍ഭാടത വേണം.

ഉ: ശരിയാണ്‌. ജനങ്ങള്‍ക്ക്‌ ആഡംബരം വേണം, വിഷയങ്ങള്‍ വേണം, എല്ലാം വിപുലമായിരിക്കണം തല്‍ഫലമായി പല മതങ്ങള്‍ ആവിര്‍ഭവിച്ചു. ഓരോന്നും കുഴപ്പം പിടിച്ചവ, ഓരോന്നിനും ഓരോ വിശ്വാസം, പ്രത്യേകം അനുയായികള്‍. അതുകൊണ്ട്‌ പ്രതിയോഗികളും ഉണ്ടായി.

ഉദാഹരണമായി, ഈശ്വരന്‍ നമുക്ക് എത്തും പിടിയുമില്ലാത്ത സ്വര്‍ഗ്ഗത്തിലിരിക്കുകയാണെന്നു പറഞ്ഞില്ലെങ്കില്‍ ഒരു ക്രിസ്ത്യനു തൃപ്തി തോന്നുകയില്ല. ഈ രഹസ്യം ഒരു ക്രിസ്ത്യാനിക്കു മാത്രമേ അറിയാവു. യേശുക്രിസ്തുവിനു മാത്രമേ നമ്മെ നയിക്കാനുമാവൂ. ക്രിസ്തുവിനെ ആരാധിക്കുക, സ്വര്‍ഗ്ഗം പ്രാപിക്കുക. ഇവനോട്‌ ‘ഹേ, നിങ്ങളുടെ സ്വര്‍ഗ്ഗം നിങ്ങള്‍ക്കുള്ളിലാണിരിക്കുന്നത്‌’ എന്ന കേവലസത്യം പറഞ്ഞാല്‍ അവനു മനസ്സിലാവുമോ? പാമരര്‍ അതിന് അനര്‍ത്ഥങ്ങള്‍ കല്‍പ്പിക്കും. വിവേകിയേ ക്രിസ്തുവിന്റെ ഉപദേശങ്ങളെ ശരിയായി മനസ്സിലാക്കുകയുള്ളൂ.

മേജര്‍ ചാഡ്വിക്‌ തനിക്ക്‌ ധ്യാനത്തില്‍ അകാരണമായേര്‍പ്പെടുന്ന ഭയാശങ്കകളെ ഭഗവാനെ ഉണര്‍ത്തിച്ചു. സ്ഥൂലശരീരത്തില്‍നിന്നും വേര്‍പെട്ട ജീവന്‍ ഭയന്നു പോകുന്നു.

ഉ: ആര്‍ക്കാണീ ഭയം? ദേഹാത്മബുദ്ധിക്കാണീ ഭയം, ജീവന്‍ ശരീരത്തെപ്പിരിഞ്ഞ അനുഭവം തുടരെയുണ്ടാവുമ്പോള്‍ ഈ അനുഭവവുമായി താന്‍ പരിചയിച്ചു വരുമ്പോള്‍ ഭയം മാറിപ്പോവും.