നവംബര്‍ 19, 1935
97. പഞ്ചാബില്‍ നിന്നും ദര്‍ശനത്തിനു വന്നിരുന്ന രാമചന്ദര്‍ എന്ന ഭക്തന്‍ ഹൃദയത്തെയും ആത്മസാക്ഷാല്‍ക്കാരത്തെയും പറ്റി ഭഗവാനോട് ചോദിച്ചു.
ഉ: ഹൃദയമെന്നു വേദാന്തങ്ങളില്‍ പറയുന്നത് സ്ഥൂല ശരീരത്തിലുള്ള ഹൃദയമല്ല. ഹൃദ് + അയം (മൈയം) ഇതു കേന്ദ്രമാകുന്നു. എവിടെ നിന്നും ചിന്ത ഉളവാകുന്നുവോ, ഏതിനെ ആധാരമാക്കി ചിന്ത വര്‍ത്തിക്കുന്നുവോ ഒടുവില്‍ ചിന്തകള്‍ എവിടെ ഒടുങ്ങുന്നുവോ അവിടമാണ് ഹൃദയം. വിചാരങ്ങളാണ് മനസ്സ്. വിചാരങ്ങളുടെ സ്വരൂപമാണ് ഈ ലോകം. സര്‍വ്വത്തിനും കേന്ദ്രം ഹൃദയം. ജീവലോകത്തിന്റെ ഉല്‍പത്തി, സ്ഥിതി, ലയങ്ങള്‍ക്കധിഷ്ഠാനമായി ഉപനിഷത്തുക്കളില്‍ പറയപ്പെടുന്ന ബ്രഹ്മമാണ് ഹൃദയം.
ചോ: ആ ഹൃദയത്തെ അറിയുന്നതെങ്ങനെ?
ഉ: ഒരു നിമിഷത്തേക്കുപോലും ആരും തന്നെ അറിയാതെയിരിക്കുന്നില്ല. താന്‍
തനിക്കു ഒരു ക്ഷണനേരത്തേക്കും ഇല്ലാത്തതായിരിക്കുന്നില്ല. എപ്പോഴും ആ ആത്മസ്വരൂപമായിട്ടുതന്നെ ഇരിക്കുന്നു. അത് ഹൃദയമാണ്.
ചോ: ശരിയായിട്ട് മനസ്സിലായിട്ടില്ല.
ഉ: ഉറക്കത്തില്‍ ശരീരവും അഹന്തയും അറിയപ്പെടാതിരുന്നാലും അവ ഇല്ലാതാവുന്നുവോ? ഉള്ളതായിത്തന്നെ ഇരിക്കുന്നു. ഉണരുന്നു. അപ്പോള്‍ നിങ്ങള്‍ക്കുള്ളതെല്ലാം ഉറക്കത്തിലും ഉണ്ടായിരുന്നു. രണ്ടവസ്ഥയിലും താന്‍ ഒന്നു തന്നെ. ഒരേ വ്യത്യാസം. (ഉണര്‍ച്ചയില്‍) അറിയുന്നു (ഉറക്കത്തില്‍) അറിയുന്നില്ല. ലോകം മനസ്സിനോടൊത്തുദിക്കുന്നു. മനസ്സിനോടൊത്തസ്തമിക്കുന്നു. ഉദിക്കുന്നതും അസ്തമിക്കുന്നതും ആത്മാവല്ല. അത് വേറൊന്നാണ്. അതാണ് മനസ്സിനെ ഉണര്‍ത്തുന്നത്, നിലനിറുത്തുന്നത്, ഒടുക്കുന്നതും. അതിനാല്‍ ലോകത്തിനാധാരം മനസ്സാണ്.
നിങ്ങളാരെന്നു കേള്‍ക്കുമ്പോള്‍ നെഞ്ചിന്റെ വലതുഭാഗത്ത് കൈ വച്ചിട്ട് ‘ഞാനാ’ണെന്നു പറയുന്നു. ഇവിടെ നിങ്ങളറിയാതെ ഹൃദയത്തെ ചൂണ്ടിക്കാണിക്കുകയാണ്. അതിനാല്‍ ആത്മാവ് അറിയപ്പെടാവുന്നതാണ്. ശരീരത്തില്‍ അഹന്ത വ്യാപിക്കുന്നത് ഈ മൂലസ്ഥാനത്തുനിന്നുമാണ്. ‘ആരാണ്’ എന്ന് ആരെങ്കിലും നമ്മോട് ചോദിക്കുമ്പോള്‍ ‘ഞാന്‍ തന്നെ’ എന്നുത്തരം പറയുന്നു. ‘ഞാന്‍’ എന്നതാണ് നമ്മുടെ നിജസ്വരൂപം എന്നാലും വിപരീത ജ്ഞാനത്താല്‍ മനസ്സിനോടും ശരീരത്തോടും അതിനെ ബന്ധപ്പെടുത്തി അനര്‍ത്ഥത്തിനിടയാക്കുകയാണ്. ഈ വിപരീതത്തെ മാറ്റുന്നതാണ് ആത്മസാക്ഷാല്‍ക്കാരം. അതായത്, വിപരീതജ്ഞാനം മാറുമ്പോള്‍ ആര്‍ക്കും സ്വതേ എപ്പോഴുമുള്ളതായിരിക്കുന്ന ആത്മാവ് നിരാവരണനായി വിളങ്ങുന്നു.