നവംബര്‍ 19, 1935
101. അംബാലയില്‍ നിന്നും വന്ന ഒരു ഭക്തന്‍:
ദ്രൗപതിയുടെ വസ്ത്രം നീണ്ടുകൊണ്ടിരുന്നു എന്നു പറയുന്നതിന്റെ യുക്തിയെന്തായിരിക്കും?
ഉ: ആത്മീയ കാര്യങ്ങള്‍ തത്വങ്ങള്‍ ആസ്പദമാക്കിയുള്ളവയല്ല. തത്വാതീതമാണ്. ദ്രൗപതി, തന്നെ ഭഗവാനര്‍പ്പിച്ചപ്പോള്‍ ഈ അത്ഭുതം നടന്നതായതിനാല്‍ അതില്‍ ദ്രൗപതിക്കൊരു കൈങ്കര്യവുമുണ്ടായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഭഗവാനെ ശരണം പ്രാപിക്കുക.
ചോ: ഹൃദയത്തെ പ്രാപിക്കുന്നതെങ്ങനെയാണ്?
ഉ: ഇപ്പോള്‍ നിങ്ങള്‍ ഹൃദയത്തെ വിട്ടിരിക്കുകയാണോ?
ചോ: ഞാന്‍ ശരീരത്തിലിരിക്കുന്നു.
ഉ: ശരീരത്തില്‍ ഏതെങ്കിലും ഒരു ഭാഗത്തിലോ, മുഴുവനിലും ചേര്‍ന്നോ?
ചോ: ശരീരം മുഴുവനിലും തന്നെ.
ഉ: ശരീരത്തില്‍ എവിടെ ആരംഭിച്ചു, പിന്നീട് എവിടെ വ്യാപിക്കുന്നു?
ചോ: അറിയാന്‍ പാടില്ല.
ഉ: നാം എപ്പോഴും ആത്മാവില്‍ത്തന്നെയിരിക്കുന്നു. അതിനെ വേര്‍പിരിഞ്ഞെങ്കിലല്ലേ വീണ്ടും പ്രാപിക്കേണ്ടൂ. ഉറക്കത്തില്‍ നാം ഏവിടെ എങ്ങനെയിരിക്കുന്നു. ജാഗ്രത്തില്‍ എങ്ങനെയിരിക്കുന്നു. ഇതെല്ലാം അഹങ്കാരന്റെ അവസ്ഥകളെന്നല്ലാതെ നമ്മുടെ അല്ല. ഈ അവസ്ഥാഭേദങ്ങളൊന്നും കൂടാതെ സത്യം ഒരേ അവസ്ഥയില്‍ നില്‍ക്കുന്നു.
ചോ: ഭഗവാന്‍ പറയുന്നത് മനസ്സിലാകുന്നുണ്ട്. എന്നാല്‍ അനുഭവത്തില്‍ എത്തുപെടുന്നില്ല.
ഉ: എത്തുന്നില്ല എന്ന അറിയായ്മ ആര്‍ക്ക്?
ചോ: ഇതുകളൊന്നും മനസ്സിലാകുന്നില്ല.
ഉ: എത്തുപെടുന്നില്ല എന്ന ധാരണ തെറ്റാണ്. അങ്ങനെ കരുതുന്നതാരാണ്?
ചോ: ഞാനെന്നു തന്നെ പറയണം.
ഉ: എപ്പോഴും നാം നാമായിട്ടുതന്നെ ഇരിക്കുന്നു. മറ്റൊരിരിപ്പില്ല. താന്‍ തന്നെ താനായിട്ടിരിക്കുന്നതിനെക്കാള്‍ എളുപ്പം വേറൊന്നില്ല. ഇതിനൊരു പ്രയത്നവും വേണ്ട. മറ്റൊരാളിന്റെ സഹായവും ആവശ്യമില്ല. ശരീരം ഞാനെന്ന വിപരീതജ്ഞാനത്തെ വിട്ടാല്‍ മാത്രം മതി. പിന്നീടുള്ളത് നമ്മുടെ സഹജമായ ആത്മാകാരമാണ്.
102. ഈ ഭക്തന്‍ അടുത്ത ദിവസവും ഹാജരായി. ശാസ്ത്രജ്ഞാനം അനുഭവത്തെത്തരുകില്ല. അതിനു ഗുരൂപദേശം വേണമെന്നു പറയുന്നു. എത്രയോ ശാസ്ത്രഗ്രന്ഥങ്ങള്‍ നോക്കിയിരുന്നിട്ടും ഒരനുഭവവും ഉണ്ടാകുന്നില്ല. ഞാനെന്തു ചെയ്യണമെന്നു ഭഗവാന്‍ പറയണം.
ഭഗവാന്‍ ഉത്തരം പറയാതെ മൗനത്തിലിരുന്നു. ആഗതന് ആ മൗനം തന്നെ സമാധാനമായി ഭവിച്ചു.
103. ഇതിനെ സംബന്ധിച്ച് ഭഗവാന്‍ അടുത്ത ദിവസം രാവിലെ ഇപ്രകാരം പറഞ്ഞു.
ജപം, ധ്യാനം, യോഗം തുടങ്ങിയതില്‍ ഒന്നുപദേശിക്കണമെന്നു താനാഗ്രഹിക്കുന്നു. എന്നാല്‍ താന്‍ മുന്‍പെന്തു ചെയ്തിരുന്നു എന്നൊന്നും പറയുകയുമില്ല. പിന്നെയവര്‍ക്കെന്തുപദേശിക്കാനൊക്കും? ജപത്തെയും അതിന്റെ ഫലത്തെയും പറ്റി ചിന്തിക്കുന്നതിനു മുന്‍പ് ജപിക്കുന്നതാര്, ഫലമുണ്ണുന്നതാര് എന്നറിയേണ്ടേ? ഇതെല്ലാം കഷ്ടിച്ചു ചെയ്തിട്ട്, ഫലത്തിനെ കാത്തിരിക്കും. ഫലമെന്നു പറയുന്നത് വല്ല ദര്‍ശനമോ, സ്വപ്നമോ, സിദ്ധികളോ ആയിരിക്കും, അതൊന്നുമുണ്ടായില്ലെങ്കില്‍ അതിന്മേല്‍ പരാതി പറയുകയാവും, ദര്‍ശനാദികള്‍ അഭിവൃദ്ധിയുടെ അടയാളമല്ല. മന്ത്രജപാദികള്‍ ചെയ്യുന്നവന്‍ തന്നെക്കൂടി അതുകളോടൊത്തര്‍പ്പിക്കണം. അങ്ങനെ മന്ത്രം ഒരിക്കല്‍ ജപിച്ചാല്‍ അതിന്റേതായ ഫലം ഉണ്ടാവും. സ്ഥിരബുദ്ധിയോടുകൂടി ഇരിക്കുക എന്നതാണതില്‍ പ്രധാനം.