നവംബര്‍ 29, 1935
ചോ: ഉത്തമമായ ജീവിതമാര്‍ഗ്ഗം എന്താണ്?
ഉ: അത് അവരവരുടെ മനോപരിപാകമനുസരിച്ചിരിക്കും. ജ്ഞാനിക്ക് എല്ലാം തന്മയം. അന്യമില്ല, ലോകമൊന്നു പ്രത്യേകമിരിക്കുന്നുവെന്നും അതില്‍ നാമൊരു ദേഹത്തിരിക്കുന്നുവെന്നും വിചാരിക്കുന്നതു തെറ്റ്. സത്യമെന്തെന്നാല്‍ ലോകമെല്ലാം തനിക്കുള്ളില്‍ ഇരിക്കുന്നു എന്നതാണ്. കണ്ണിനൊത്തു കാഴ്ചയും. കാഴ്ചയുടെ ആരംഭം കണ്ണില്‍ നിന്നുമാണ്. സ്ഥൂലക്കണ്ണുകൊണ്ട് നോക്കിയാല്‍ എല്ലാം സ്ഥൂലരൂപത്തില്‍ തോന്നപ്പെടും. സൂക്ഷ്മക്കണ്ണാകുന്ന മനസ്സുകൊണ്ട് നോക്കിയാല്‍ എല്ലാം സൂക്ഷ്മരൂപത്തില്‍ തോന്നും. ആത്മാവേ കണ്ണായാല്‍ കാണാനന്യമെന്നൊന്നുമില്ലാതിരിക്കും. ആ അനന്ത ആത്മസ്വരൂപം തന്നെ അതിരില്ലാത്ത കണ്ണായി പ്രകാശിക്കും.
ഈ അത്ഭുത മൊഴികള്‍ ശ്രവിച്ച യോഗാനന്ദ ശിഷ്യന്‍ നന്ദി പറഞ്ഞു. ഭേദഭാവനയറ്റ് താന്‍ തന്നില്‍തന്നെ നില്‍ക്കുകയാണ് വലിയ നന്ദി എന്നു ഭഗവാനരുളിച്ചെയ്തു.
107. യോഗാനന്ദന്‍: ആത്മബോധം ഉണ്ടാക്കി ലോകത്തെ ഉദ്ധരിക്കുന്നതെങ്ങനെ? അവര്‍ക്കെന്തു നിര്‍ദ്ദേശം കൊടുക്കണം?
ഉ: ലോകം വിവിധ നിലകളില്‍ ചിന്തിക്കുന്നവരാണ്. ഓരോരുത്തുരുടെയും പക്വതയും അതുപോലെ വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ ഒരു സമൂഹത്തിനു പൊതുവേ ഒരുപദേശം അസാദ്ധ്യമാണ്.
ചോ: ഈശ്വരന്‍ ലോകത്ത് ദുഃഖത്തെ സൃഷ്ടിച്ചിരിക്കുന്നതെന്തിന്? തന്റെ വൈഭവത്താല്‍ ഈശ്വരന്‍ ദുഃഖങ്ങളെയെല്ലാം ഒരു നിമിഷത്തില്‍ മാറ്റിയിട്ട് എല്ലാവര്‍ക്കും ഈശ്വരസാക്ഷാല്‍ക്കാരം കൊടുത്തുകൂടെ?
ഉ: ദുഃഖം അതിനു മാര്‍ഗ്ഗമായിത്തന്നെ നില്‍ക്കുന്നു.
ചോ: മറ്റുതരത്തില്‍ സാക്ഷാല്‍ക്കാരം കൊടുത്തുകൂടെ?
ഉ: അതീശ്വരന്റെ നിയതിയാണ്. ചോദ്യം ചെയ്യാന്‍ നാമാര്?
ചോ: യോഗം, ഭക്തി തുടങ്ങിയവ ദുഃഖനിവൃത്തിക്കു തന്നല്ലോ?
ഉ: അതേ, അവ മൂലംതന്നെ ദുഃഖങ്ങളെ ഒഴിവാക്കുന്നത്.
ചോ: എങ്ങനെയായാലും ക്ലേശമെന്തിനുണ്ടായിരിക്കണം?
ഉ: ക്ലേശമെന്നാലെന്ത്? ക്ലേശിക്കുന്നതാര്?
യോഗാനന്ദന്‍ ഉത്തരം മുട്ടി സംഭാഷണം നിറുത്തി. അദ്ദേഹം എന്നിട്ട് ഭഗവാനെ നമസ്കരിച്ചു. ഉടനെ മടങ്ങിപ്പോകേണ്ടിയിരുന്നതില്‍ വ്യസനിച്ച് ഭക്തിപരവശനായി കാണപ്പെട്ടു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഭഗവാന്റെ ആശീര്‍വാദത്തിനു പ്രാര്‍ത്ഥിക്കുകയും ചെയ്തു.