ശ്രീ രമണമഹര്‍ഷി

നവംബര്‍ 29, 1935

108. എല്ലാം ‘സത്തി’ല്‍ നിന്നുമാണുണ്ടാകുന്നതെന്ന്‌ ഉദ്ദാലകന്‍ ശ്വേതകേതുവിനുപദേശിച്ചു. നിദ്രയില്‍ നാം സത്തിനോട്‌ ചേര്‍ന്നിരിക്കുകയാണെങ്കില്‍ നാം എന്തുകൊണ്ടതറിയുന്നില്ല?

ഉ: എത്രയോ പുഷ്പങ്ങളിലുമുള്ള തേനൊന്നായിരിക്കുന്നു. എവിടെവിടെയെല്ലാം നിന്നെടുത്തതെന്ന ഭേദം അതിലില്ല. അതുപോലെ നിദ്രയില്‍ ജീവന്മാര്‍ തങ്ങളുടെ തനിസ്വഭാവത്തിലിരിക്കുന്നു. എവിടെ, എങ്ങനെ എന്നൊന്നുമറിയാതെ ആ നിലയില്‍ ആണ്ടിരിക്കുന്നു. ഉണരുമ്പോള്‍ വീണ്ടും പഴയ വ്യക്തിത്വങ്ങളെ കടന്നു പിടിച്ചുകൊള്ളുന്നു.

ചോ: തേന്‍ തിരിയെ പൂക്കളില്‍ പോകുന്നില്ല എന്നാല്‍ ജീവരാശികള്‍ ഉണരുമ്പോള്‍ പഴയ പ്രകൃതികളെ കൈക്കൊള്ളൂകയാണല്ലോ?

ഉ: കടലില്‍ ലയിച്ച നദികള്‍ക്ക്‌ മുന്‍രൂപം നഷ്ടമാകുന്നുണ്ട്‌. എന്നാല്‍ ആ ജലം ആവിയായി മേഘമായി മലകളില്‍ വര്‍ഷിച്ചു നദികളാകുന്നു. അതുപോലെ ജീവന്മാര്‍ ഉറക്കത്തില്‍ സ്വബോധം നഷ്ടപ്പെട്ടാലും ഉണരുമ്പോള്‍ അതത്‌ വാസനകളോടുകൂടിയ പഴയ രൂപത്തെ പ്രാപിക്കുന്നു.

ചോ: ഇതെങ്ങനെ സാധ്യമാവുന്നു?

ഉ: കവരങ്ങള്‍ വെട്ടിയാലും മരം വീണ്ടും വളരും. ഉയിരിനു കേടുവരാത്തിടത്തോളം അങ്ങനെയാണ്‌. അതുപോലെ മരിക്കുമ്പോള്‍ ജീവവാസനകള്‍ ഹൃദയത്തില്‍ ലയിച്ചു നില്‍ക്കും. നശിക്കുകയില്ല. ഹൃദയം (ആത്മാവ്‌) മറ്റൊരുപാധിയെ സ്വീകരിക്കുമ്പോള്‍ ഈ വാസനകള്‍ വീണ്ടും ഉണരും.

ചോ: ഹൃദയത്തില്‍ ഒടുങ്ങി നില്‍ക്കുന്ന സൂക്ഷ്മമായ വാസനകളീല്‍നിന്നും സര്‍വ്വവും വെളിപ്പെടുന്നതെങ്ങനെ?

ഉ: ചെറിയ ആലിന്‍കുരുവില്‍നിന്നും വലിയ ആല്‍വൃക്ഷമുണ്ടാവുന്നതുപോലെ നാമരൂപപ്രപഞ്ചമെല്ലാം ആത്മാവില്‍നിന്നും വെളിപ്പെടുന്നു.

ചോ: സത്താണ്‌ സര്‍വ്വത്തിനും ആദി എങ്കില്‍ അത്‌ അജ്ഞാതമായിട്ടിരിക്കുന്നതെങ്ങനെ?

ഉ: ഉപ്പുകട്ടി ഗോചരമാണ്‌. അത്‌ വെള്ളത്തില്‍ കലങ്ങിയാല്‍ ഗോചരമല്ല. എന്നാലും രുചി നിമിത്തം ഉപ്പിന്റെ സാന്നിധ്യം ഗോചരമാണ്‌. അങ്ങനെ എങ്ങും വ്യാപകമായ സത്ത്‌ ബുദ്ധിക്കു ഗോചരമല്ലെങ്കിലും അതിനും മേലുള്ള അതീന്ദ്രിയാവസ്ഥയില്‍ അനുഭവമാകുന്നു.

ചോ: എങ്ങനെ?

ഉ: ഒരാളിനെ കണ്ണുകെട്ടി ഒരു കാട്ടില്‍ കൊണ്ട്‌ വിട്ടുകളഞ്ഞാല്‍ ആരോടെങ്കിലും ചോദിച്ചു ചോദിച്ച് ‌ പഴയ സ്ഥാനത്തെത്തിക്കൊള്ളുന്നതുപോലെ അജ്ഞാനി തന്റെ ആദിയെപ്പറ്റി മഹത്തുക്കളോട്‌ ചോദിച്ചറിഞ്ഞ്‌ ആ മഹനീയ സ്ഥാനത്തെത്തുന്നു. “വാക്കു മനസ്സിലും മനസ്സ്‌ പ്രാണനിലും പ്രാണന്‍ തേജസ്സിലും തേജസ്സ്‌ പരദേവതയാകുന്ന പരം പൊരുളിലും നില നില്‍ക്കും” എന്ന്‌ ഛാന്ദോഗ്യോപനിഷത്തില്‍ പറയുന്നു.

ചോ: ജ്ഞാനിയും അജ്ഞാനിയും മരിക്കുന്നു. എന്നാല്‍ ജ്ഞാനിക്കു മാത്രം പുനര്‍ജന്മമില്ലാതാകുന്നതെങ്ങനെ?

ഉ: അജ്ഞാനി അറിയാതെ ഉറങ്ങുന്നതുപോലെ അറിയാതെ ചാവുന്നു. അറിയാതെ വീണ്ടും ജനിക്കുന്നു. ആ ജീവന്‍ മയങ്ങി അജ്ഞാനത്തില്‍ ലയിച്ചു പോകുന്നു. അതേ ജീവസംസ്കാരത്തോടുകൂടി മറ്റൊരുപാധിയില്‍പ്പറ്റി വീണ്ടും ജനിക്കുന്നു. ജ്ഞാനി ശരീരത്തോടുകൂടി ഇരിക്കവേ തന്നെ ജീവനെ സത്തായ ആത്മാവിലൊടുക്കി യാതൊരു സംസ്കാരവും അവശേഷിക്കാത്തവനായിരിക്കും. സംസ്കാരം അവശേഷിക്കാത്തിടത്ത്‌ പുനര്‍ജന്മവുമില്ല.