ഡിസംബര്‍ 14, 1935
110. ഒരമേരിക്കന്‍ വനിത ഭഗവാന്റെ സമാധി അനുഭവങ്ങളെപ്പറ്റി ചോദിച്ചു.
ഭഗവാന്റെ അനുഭവം നമുക്കു പ്രമാണമായിത്തീരും എന്റെ അനുഭവം മറ്റുള്ളവര്‍ക്ക് പഠനാര്‍ഹമായിരിക്കുകയില്ല. സമാധിയില്‍ ഭഗവാന് ഉഷ്ണമോ, തണുപ്പോ അനുഭവപ്പെട്ടോ? പ്രാരംഭത്തില്‍ മൂന്നു വര്‍ഷം ഭഗവാന്‍ സമാധിയിലായിരുന്നപ്പോള്‍ അനുഭവം എങ്ങനെയായിരുന്നു?
ഭഗവാന്‍: മനസ്സിനും അതീത നിലയാണ് സമാധി. അതിനെ വാക്കുകൊണ്ടെങ്ങനെ വര്‍ണ്ണിക്കാന്‍? ഉറക്കത്തില്‍ എങ്ങനെയിരിക്കുമെന്നു പറയാന്‍ കഴിയുകയില്ലെങ്കില്‍ സമാധിയെ എങ്ങനെ വിവരിക്കും?
ചോ: ഉറക്കത്തില്‍ ഒന്നും അറിവില്ലാതിരുന്നു എന്നറിയാം.
ഉ: ഈ അറിവും അറിവില്ലായ്മയും മനോമയമാണ്. സമാധി മനസ്സൊഴിഞ്ഞാലുള്ളതാണ്.
ചോ: എന്നാലും ഏതെങ്കിലും ഒരു തരത്തില്‍ വിവരിച്ചുകൂടെ?
ഉ: അനുഭവം കൊണ്ടേ സമാധി എന്തെന്നറിയാനൊക്കുകയുള്ളൂ.