ശ്രീ രമണമഹര്‍ഷി

ഡിസംബര്‍ 17, 1935

112. ഭഗവാന്‍ പ്രവചിച്ച ഉപദേശമജ്ഞരിയെ പഠിച്ചുകൊണ്ടിരുന്ന പോള്‍ ബ്രണ്ടന്‍ ജീവേശ്വരജഗല്‍ഭേദമെല്ലാം മിഥ്യ എന്ന ഭാഗത്തെ പരാമര്‍ശിച്ച്‌ ‘അവിടെ ഈശ്വരന്‍ എന്നതിനു പകരം സൃഷ്ടിശക്തി, അഥവാ ഈശ്വരസ്വരൂപം എന്നായാല്‍ നന്നായിരിക്കുകയില്ലേ?’ എന്നു ചോദിച്ചു.

ഉ: എല്ലാം എന്നു പറയുന്ന സമഷ്ടിയെയും സത്തിനെയും ചേര്‍ത്താണ്‌ ഈശ്വരന്‍ എന്നു പറഞ്ഞത്‌. അഹന്ത മുതലായ ഇന്ദ്രിയ കരണാദികളെയും സത്തിനെയും ചേര്‍ത്ത്‌ ജീവനെന്നും പറയുന്നു. നാമരൂപങ്ങളെയും സത്തിനെയും ചേര്‍ത്ത്‌ ജഗത്തെന്നു പറയുന്നു. ഈ മൂന്നിലും സത്തൊന്നു മാത്രമേ സത്യമായിട്ടുള്ളു. എല്ലാമെന്ന സമഷ്ടിയും അഹങ്കാരനെന്ന ജീവോപാധിയും നാമരൂപഭേദവും തോന്നല്‍ മാത്രം. സത്തിനെയും തോന്നല്‍ മാത്രമായ അസത്തിനെയും കൂട്ടിച്ചേര്‍ത്ത്‌ സത്തിനെ അസത്തായിട്ടും അസത്തിനെ സത്തായിട്ടും നേരെ വിപരീതമായി ധരിച്ചു ഭ്രമിക്കുന്നു. ലോക വ്യവഹാരത്തില്‍ ഉള്ളതെന്നും ഇല്ലാത്തതെന്നും പറയുന്ന രണ്ടുമല്ലാത്തതാണ്‌ ‘സത്ത്‌’. ഈശ്വരനെന്നതുള്‍പ്പെടെ സര്‍വ്വഭാവനയുമറ്റതാണ്‌ സത്യസ്വരൂപം. അതിനാല്‍ ഭാവനയില്‍ പെട്ട ‘ഈശ്വരന്‍’ എന്ന മനസ്സിന്റെ സങ്കല്‍പം യഥാര്‍ത്ഥമല്ല. ഹീബ്രുവിലെ ‘യെഹോവ’ (I am)എന്ന വാക്ക്‌ ഈശരന്റെ സത്യത്തെ ശരിയായി കുറിക്കുന്നുണ്ട്‌. ഉപാധിയുടെ ബന്ധമില്ലാത്ത സമാധിയുടെ സന്മാത്രം വാക്കിനും ഭാവനക്കും എത്തിപെടാത്ത അതീതമാണ്‌. അതിനാല്‍ ഈശ്വരന്‍ എന്ന വാക്കിവിടെ ഉപയോഗിച്ചിരിക്കുന്നതില്‍ പിശകൊന്നുമില്ല. അത്‌ മാറ്റരുത്‌. മാറ്റാന്‍ സാധ്യവുമല്ല.

ചോ: ലോകത്ത്‌ ചരിത്രാതീത കാലത്തും ആദ്ധ്യാത്മികം ഉണ്ടായിരുന്നു. പക്ഷേ ബുദ്ധി ഇന്നത്തെപ്പോലെ അന്നു വികസിച്ചിരുന്നില്ല. ‘ആരുടെ ബുദ്ധി’ എന്നു ഭഗവാന്‍ ചോദിച്ചതിനു ‘ആത്മാവായ തന്റെ ബുദ്ധി’ എന്നു ബ്രണ്ടന്‍ ഉത്തരം പറഞ്ഞു. ബുദ്ധി, ആത്മാവിന്റെ ഒരു കരണമാണ്‌. അതുമൂലം നാനാ വിഷയങ്ങളെയും അറിയുന്നു. ബുദ്ധി ആത്മാവല്ല.. എന്നാല്‍ അതാത്മാവിനെ വേര്‍പിരിഞ്ഞിരിക്കുന്നില്ല. ആത്മാവുമാത്രമാണ്‌ സനാതനം. ബുദ്ധി ഒരു തോന്നല്‍ മാത്രം. അത്‌ നാനാ വിഷയങ്ങളിലും ഓടുന്നു. ബുദ്ധി പണ്ടുമുണ്ട്‌. ഇന്ന്‌ വികസിച്ചതു ബുദ്ധിയല്ല. അത്‌ നാനാ വിഷയങ്ങളിലും ഓടുന്നതിനെപ്പറ്റിയാണ്‌ പറഞ്ഞത്‌. നമ്മുടെ സാധാരണ അനുഭവത്തെ നോക്കാം. ഗാഢനിദ്രയില്‍ ബുദ്ധിക്ക്‌ അധികം പ്രകാശമില്ല. ഇപ്പോള്‍ നല്ല പ്രകാശം. ശൈശവത്തില്‍ ബുദ്ധി അധികം പ്രകാശിക്കുന്നില്ല. വളരുന്തോരും പ്രകാശിക്കുന്നു. ഉറക്കത്തിലും ശിശുപ്രായത്തിലും ബുദ്ധി ബീജരൂപത്തില്‍ ഇല്ലായിരുന്നുവെങ്കില്‍ പിന്നീടെങ്ങനെ അത്‌ വെളിപ്പെടും?. ഇതറിയാന്‍ ചരിത്രങ്ങളെ തിരിഞ്ഞു നോക്കേണ്ട. ചരിത്രസത്യമെല്ലാം അത്‌ പഠിക്കുന്നവന്റെ മനസ്സിന്റെ അളവൊപ്പിച്ചിരിക്കും.

113. ഒരാന്ധ്രക്കാരന്‍ കര്‍മ്മയോഗത്തെപ്പറ്റി ചോദിച്ചു. നമ്മുടെ കര്‍മ്മമെല്ലാം ഒരു നടനെപ്പോലെ ചെയ്യണം. കര്‍മ്മങ്ങള്‍ക്കെല്ലാം സത്ത്‌ ആധാരമായുണ്ടായിരിക്കും. അതിനെ ഓര്‍മ്മിച്ച്‌ കര്‍മ്മങ്ങള്‍ ചെയ്യുക. ആഗതന്‍ ചിത്തശുദ്ധിയെപ്പറ്റി ചോദിച്ചു. ചിത്തശുദ്ധി മറ്റെല്ലാം വിട്ടിട്ട്‌ ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചിരിക്കാനുള്ളതാണ്‌. ഏകാഗ്രത എന്നു പറയുന്നതും ഇതു തന്നെ. ഏകാഗ്രത ചിത്തശുദ്ധിക്കുള്ളതാണ്‌.