ഡിസംബര്‍ 24, 1935
118. വെല്ലുര്‍ വൂര്‍ഹിസ് കോളേജ് തെലുങ്ക് പണ്ഡിതന്‍ ശ്രീ രങ്കാചാരി ഭഗവാനോട് നിഷ്ക്കാമ കര്‍മ്മത്തെപറ്റി ചോദിച്ചു. അദ്ദേഹത്തിനു സമാധാനമൊന്നും പറഞ്ഞില്ല. അല്‍പനേരം കഴിഞ്ഞ് ഭഗവാന്‍ മലയ്ക്ക് സമീപം പോയി. ഈ പണ്ഡിതനും മറ്റു ചിലരും പിന്തുടര്‍ന്നു. വഴിയില്‍ ഒരു മുള്‍ക്കമ്പ് കിടന്നത് ഭഗവാന്‍ കയ്യിലെടുത്തു. അദ്ദേഹം തറയിലിരുന്നു ആ കമ്പിലെ മുള്ളുകളെ മാറ്റി ഒരു പരുപരുത്ത ഇലകൊണ്ട് മിനുസപ്പെടുത്തി. ഇതു ചെയ്യാന്‍ അദ്ദേഹം 6 മണിക്കൂര്‍ സമയം എടുത്തിരിക്കും. തന്റെ കമ്പു കളഞ്ഞുപോയ ഒരാട്ടിടയന് ഭഗവാന്‍ ഈ കമ്പ് കൊടുത്തു. അവന്‍ സസന്തോഷം വാങ്ങിക്കൊണ്ടുപോയി. ഭഗവാനും ഭക്തന്മാരും ആശ്രമത്തിലേക്ക് മടങ്ങി. തന്റെ ചോദ്യത്തിനുത്തരം ലഭിച്ചു എന്ന് പണ്ഡിതന്‍ സമാധാനപ്പെട്ടു.
119. ആശ്രമത്തില്‍ നാലു നായ്ക്കളുണ്ടായിരുന്നു. താന്‍ കഴിക്കാത്ത ആഹാരം ആ നായ്ക്കള്‍ കഴിക്കുകയില്ലെന്നു ഭഗവാന്‍ പണ്ഡിതനോട് പറഞ്ഞു. പരീക്ഷിക്കാന്‍ പണ്ഡിതന്‍ ആ പട്ടികള്‍ക്ക് ആഹാരം കൊടുത്തു. അവ തൊട്ടില്ല. അല്‍പനേരം കഴിഞ്ഞ് ഭഗവാന്‍ അതില്‍ നിന്നും അല്‍പം എടുത്ത് തിന്നു. പിന്നീട് പട്ടികള്‍ നാലും ചേര്‍ന്ന് ബാക്കി തിന്നു തീര്‍ത്തു.
120. ഒരാള്‍ കണ്ണുകള്‍ മറച്ചിരുന്ന രണ്ട് മയിലുകളെ ആശ്രമത്തില്‍ കൊണ്ട് വന്നു. ഭഗവാന്‍ അവയുടെ കണ്‍മറ മാറ്റാന്‍ പറഞ്ഞു. കണ്ണുകള്‍ തുറന്നയുടനേ അവ പെട്ടെന്നു ദൂരെ പറന്നു പോയി. വീണ്ടും അവയെ സന്നിധിയില്‍ കൊണ്ട് വന്നു. വീണ്ടും അവ പറന്ന് അകലെപ്പോയി. അവ പട്ടികളെപ്പോലെ പഴക്കമുള്ളവയല്ല. അതിനെ വിട്ടേയ്ക്കാന്‍ പറഞ്ഞു ഭഗവാന്‍. അവ മലയിലേക്ക് പറന്നു പോയി.