ഡിസംബര്‍ 24, 1935
121. രണ്ട് മുസ്ലീം ഭക്തന്മാര്‍ വന്നു. ഒരാള്‍ ഇപ്രകാരം സംഭാഷണമാരംഭിച്ചു.
ചോ: ഈശ്വരനു രൂപം ഉണ്ടോ?
ഉ: ഉണ്ടെന്നാരു പറഞ്ഞു?
ചോ: ഈശ്വരനു രൂപമില്ലെങ്കില്‍ വിഗ്രഹാരാധന ശരിയാവുമോ?
ഉ: ഈശ്വരനെങ്ങനെയിരിക്കുന്നുവെന്ന് ആരു കണ്ടു? നാമെങ്ങനെ ഇരിക്കുന്നുവെന്നു നോക്കാം. നിങ്ങള്‍ക്കു രൂപമുണ്ടോ?
ചോ: ഉണ്ടല്ലോ. തിരിച്ചറിയത്തക്ക രൂപത്തോടുകൂടി ഞാനിതാ ഇരിക്കുന്നല്ലോ?
ഉ: അപ്പോള്‍ കൈ,കാല്‍ അവയവങ്ങളോടു കൂടിയ ഈ എണ്‍ചാണ്‍ ശരീരമാണ് നിങ്ങള്‍?
ചോ: അതെ, സംശയമെന്ത്?
ഉ: ഉറങ്ങുമ്പോള്‍ ശരീരത്തെ അറിയുന്നില്ലല്ലോ. ആ സമയത്ത് നിങ്ങള്‍ ഉണ്ടോ, എങ്ങനെ?
ചോ: ഉണരുമ്പോള്‍ ഉറങ്ങിയതിനെ അറിയുന്നു.
ഉ: ഈ ശരീരമാണ് താനെങ്കില്‍ ചത്ത ശരീരത്തെ കുഴിച്ചിടാന്‍ പാടില്ല. എന്നെ കുഴിച്ചിടാന്‍ പാടില്ലെന്നു ചത്ത ശരീരം തടുക്കണം.
ചോ: അതെ, അതെ, ശരീരത്തിനുള്ളില്‍ ഇരിക്കുന്ന ജീവനാണ് ഞാന്‍.
ഉ: കണ്ടോ? വാസ്തവത്തില്‍ നമുക്കു രൂപമില്ലെങ്കിലും ഈ ശരീരരൂപത്തോട് ചേര്‍ന്നിരുന്നുകൊണ്ട് അതാണ് നാമെന്നു കരുതുന്നു. അതുപോലെ ശരീരരൂപത്തെ തന്റേതാക്കി ആ രൂപത്തോടിരിക്കുന്ന മനസ്സ് രൂപമില്ലാത്ത ഈശ്വരനെ രൂപമുള്ളവനെന്നു സങ്കല്‍പ്പിച്ച് ആരാധിക്കുന്നതില്‍ തെറ്റെന്ത്? രൂപത്തെ ദത്തെടുത്ത നിങ്ങള്‍ എന്തുകൊണ്ട് ഈശ്വരന് ഒരു രൂപം കൊടുക്കുന്നില്ല?
(കൂടുതലൊന്നും സംസാരിക്കാതെ ആ മുസ്ലിം ഭക്തന്മാര്‍ യാത്ര പറഞ്ഞു മടങ്ങിപ്പോയി)