ജനുവരി 3, 1936
123. അലഹബാദിലെ ഒരു മുസ്ലിം പ്രൊഫസറായ ഡോക്ടര്‍ മുഹമ്മദ് ഹാഫിസ് സയ്യദ് ഭഗവാനെ കാണാന്‍ വന്നു. ബാഹ്യവിഷയരൂപങ്ങളുടെ ആവശ്യമെന്താണെന്നു ചോദിച്ചു.
ഉ: ഈ വിഷയാദികള്‍ തന്നെ നിങ്ങളെക്കൊണ്ടിതു ചോദിപ്പിച്ചു.
ചോ: അതെ, ഞാന്‍ മായാബദ്ധന്‍ തന്നെ. അതില്‍ നിന്നും വിമുക്തനാകുന്നതെങ്ങനെ?
ഉ: മായ ബാധിച്ചിരിക്കുന്നതാരെയാണ്? മോചനം വേണ്ടതാര്‍ക്ക്?
ചോ: ദേഹത്തോടും ഇന്ദ്രിയങ്ങളോടും കൂടിയിരിക്കുന്ന അജ്ഞാനിയായ എനിക്ക്. പോള്‍ ബ്രണ്ടന്റെ പുസ്തകം വായിച്ചതിനുശേഷം ഞാനാരാണെന്ന് ഞാന്‍ തന്നെ പരിശോധിച്ചു. മൂന്നോ നാലോ പ്രാവശ്യം എനിക്കു അതിഹര്‍ഷം തോന്നി. കുറേ നേരം കഴിഞ്ഞു അത് മറഞ്ഞു. അത്മാവോടെങ്ങനെയാണ് ചേര്‍ന്നു നിന്നുകൊള്ളുന്നത്. എന്നെ അനുഗ്രഹിക്കുമോ?
ഉ: പുതുതായിത്തോന്നിയത് പിന്നീട് മറയണം.
ചോ: അനശ്വര സത്യത്തെ പ്രാപിക്കേണ്ടതെങ്ങനെയാണ്?
ഉ: നിങ്ങള്‍ അത് തന്നെയാണ്. താനായ ആത്മാവിനെ നിങ്ങള്‍ക്കെപ്പോഴെങ്കിലും വിട്ടിരിക്കാനോക്കുമോ? താനേ താനായിരിക്കാനെന്തു ബുദ്ധിമുട്ട്?
ഇതിനിടക്ക് ഒരാള്‍ കടന്നു കയറി പല ചോദ്യങ്ങളും ചോദിച്ചിട്ട് ഒടുവില്‍ ചില കുഞ്ഞുങ്ങള്‍ അകാലമരണം പ്രാപിക്കുന്നതിന്റെ കാരണം ചോദിച്ചു. ഞാനവര്‍ക്കു വേണ്ടി ചോദിക്കുകയാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
ഉ: ആ കുഞ്ഞുങ്ങള്‍ വന്നു ചോദിക്കട്ടെ. മുന്‍, പിന്‍ ഒന്നുമറിയാതെ നിങ്ങള്‍ ഭ്രമിക്കുന്നതെന്തിന്?