ശ്രീ രമണമഹര്‍ഷി

ജനുവരി 5, 1936

128. ചില ഫ്രഞ്ചു സ്ത്രീപുരുഷന്മാരും ചില അമേരിക്കക്കാരും ദര്‍ശനത്തിനു വന്നിരുന്നു. അവര്‍ പല ചോദ്യങ്ങളുന്നയിച്ചു.

അതിലൊന്ന്‌: പാശ്ചാത്യര്‍ക്കു പൗരസ്ത്യരുടെ സന്ദേശമെന്താണ്‌?
(ഒരു ചോദ്യത്തിനുമുത്തരം പറഞ്ഞില്ല)

പിന്നെടൊരു ചോദ്യത്തിനിപ്രകാരം ഉത്തരം പറഞ്ഞു.

നിങ്ങള്‍ ഞാനുണ്ട്‌ എന്നെങ്ങനെ പറഞ്ഞു? നിങ്ങളെ ഒരു വിളക്കു കൊണ്ട്‌ നോക്കിയിട്ടു പറഞ്ഞതാണോ? അതോ ഗ്രന്ഥങ്ങളില്‍ നിന്നും കേട്ടു പഠിച്ചോ?

ചോ: ശീലം കൊണ്ട്‌ പറഞ്ഞു.

ഉ: അതെ ‘ശീലം’ ആണു ശരിയായ വാക്ക്‌. അതനുഭവമാണ്‌. അറിവു വേറെ, അനുഭവം വേറെ. അറിയുന്നവന്‍ അറിയപ്പെടുന്ന വസ്തുക്കളോട്‌ ചേര്‍ന്നത്‌ അറിവ്‌. അനുഭവം ഭേദകാര്യങ്ങളൊന്നും കൂടാതെയും നിര്‍വ്വിഘ്നമായും അനസ്യൂതമായും സ്വയം പ്രകാശിക്കുന്നത്‌.