ശ്രീ രമണമഹര്‍ഷി

ജനുവരി 6, 1936

ചോ; കേവലസത്തയെന്നൊന്നുണ്ടോ? അതിനും വ്യവഹാര സത്തയ്ക്കും തമ്മിലുള്ള സംബന്ധമെന്ത്‌? (എന്ന്‌ നല്ല പഠിപ്പുള്ള ഒരാള്‍)

ഉ: ഈ രണ്ട്‌ വിഭിന്നസത്തകളും എവിടെ ഇരിക്കുന്നു?
എല്ലാം മനസ്സ്‌ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ്‌. ആ മനസ്സോ, ജാഗ്രത്തില്‍ ചേഷ്ടിക്കുന്നതും ഉറക്കത്തില്‍ മായുന്നതും. മനസ്സുള്ളിടത്തോളം ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കും.

ചോ: കേവലസത്തയെ പ്രാപിക്കുന്നതിനു മുന്‍പ്‌ പടിപടിയായി പുരോഗമിക്കണമെന്ന്‌ പറയുന്നു. സത്യവസ്തുവിന്‌ പല നിലകളുണ്ടോ?

ഉ: സത്യവസ്തുവിനില്ല. ജീവനുണ്ട്‌. പുത്തനായിട്ടെന്തെങ്കിലും ലഭിച്ചാല്‍ അത്‌ നഷ്ടപ്പെടുകയും ചെയ്യും. പക്ഷേ വസ്തു ഇതൊന്നിലും പെടുകയില്ല.

ചോ: അങ്ങനെയാണെങ്കില്‍ എനിക്കെന്തുകൊണ്ട് അത് എത്തുപെടുന്നില്ല?

ഉ: ഈ അജ്ഞാനം ആര്‍ക്കാണ്‌? താന്‍ മറക്കപ്പെട്ടിരിക്കുന്നുവെന്നു ബ്രഹ്മം നിങ്ങളോട്‌ വന്നു പറയുന്നോ? ബ്രഹ്മം മറയ്ക്കപ്പെട്ടിരിക്കുന്നു (അഗോചരം) എന്നു പറയുന്നത്‌ ജീവനാണ്‌. അപ്പോള്‍ അജ്ഞാനം ആര്‍ക്കാണെന്നു കണ്ടുപിടിക്കൂ.

ഉ: ശുദ്ധത്തില്‍ ഈ അശുദ്ധി എങ്ങനെയുണ്ടായി? പരിപൂര്‍ണ്ണവസ്തു എങ്ങനെ അപൂര്‍ണ്ണമായി?

ഉ: ഈ ആപേക്ഷികത്വം ആര്‍ക്കാണ്‌? അശുദ്ധി ആര്‍ക്ക്‌? ബ്രഹ്മം അശുദ്ധമല്ല. അതുകൊണ്ടതിനോട്‌ ചോദിക്കാനൊക്കുകയില്ല. യോജിക്കാനൊക്കുകയില്ല. ഒരു ജ്ഞാനിക്കിത്തരം ചോദ്യം ഉദിക്കാനുമിടയില്ല. ഈ രണ്ടിനും ഇടയില്‍ എന്തോ ഒരു സങ്കല്‍പമുണ്ടായി പല സംശയങ്ങളെയും ഇളക്കിവിടുന്നു. അതഹങ്കാരനാണ്‌. അത്‌ തോന്നിമറയുന്നു. നീ പൂര്‍ണ്ണമായിരിക്കെ എന്തിനപൂര്‍ണ്ണത്വം തോന്നുന്നു? മതങ്ങളെല്ലാം അങ്ങനെയാണ്‌ പഠിപ്പിക്കുന്നത്‌. അനുഭവങ്ങള്‍ എങ്ങനെയെല്ലാം മാറിയാലും അനുഭവിക്കുന്നവന്‍ മാറുന്നില്ല.
‘ഞാന്‍ പൂര്‍ണ്ണമാണ്‌, ശുദ്ധവുമാണ്‌. ആരുടെ ഉറക്കത്തിലും ഇതിനു വ്യത്യാസമില്ലാത്തതിനാല്‍ അക്കാര്യം സ്പഷ്ടവുമാണ്‌.

ചോ: ഈ വിധം പരിപൂര്‍ണ്ണനാണെങ്കില്‍ ഞാനെന്തുകൊണ്ടതറിയുന്നില്ല.

ഉ: അപൂര്‍ണ്ണത്വം ഉറക്കത്തിലും തോന്നിയില്ലല്ലോ. പിന്നെന്തിനാണ്‌ ജാഗ്രത്തിലെ ‘ഞാന്‍’. താന്‍ അപൂര്‍ണ്ണനാണെന്നു കരുതുന്നത്? അവിടെ എന്തോ കുഴപ്പമുണ്ട്‌. ഇല്ലാത്ത സങ്കല്‍പങ്ങളെ എല്ലാം ഉണ്ടാക്കിവച്ചുകൊണ്ട്‌ ദുഃഖിക്കുകയാണ്‌ ജാഗ്രത്തിലെ ‘ഞാന്‍’.