ശ്രീ രമണമഹര്‍ഷി
ജനുവരി 6, 1936

ചോ: താന്‍ ‘ബഹായ്‌’ മത സിദ്ധാന്തം പഠിച്ചതോടെ തന്റെ ശൈവ സിദ്ധാന്തത്തിലുള്ള വിശ്വാസത്തിനു ശൈഥില്യം വന്നു പോയി എന്നും തന്നെ ശിക്ഷിക്കണമെന്നും ചോദ്യ കര്‍ത്താവപേക്ഷിച്ചു.

ഉ: തന്റെ ആത്മാവിനെ ദൃഢമായറിഞ്ഞാല്‍ ലോകത്തൊന്നിനും തന്നെ ചലിപ്പിക്കാന്‍ കഴിയുകയില്ല എന്നു ഭഗവാന്‍ സമാധാനിപ്പിച്ചു.

ചോ: ബഹായികള്‍ മറ്റുള്ളവരുടെ വിചാരം മനസ്സിലാക്കുന്നു.

ഉ: അതെ. അതു സാധ്യമാണ്‌. നിങ്ങളുടെ വിചാരങ്ങളെ മറ്റൊരുത്തന്‍ മനസ്സിലാക്കുന്നു. മനസ്സിനെ അറിയാന്‍ ഒരുവന്‍ ഉണ്ടായിരിക്കണം. എല്ലാ വിചാരങ്ങള്‍ക്കും നിത്യസാക്ഷിയായിരിക്കുന്നവനെ അറിയണം. വിചാരങ്ങള്‍ ചലിക്കുന്നു. സാക്ഷി ഒട്ടും ചലിക്കുന്നില്ല.

ചോ: എന്നെ അനുഗ്രഹിക്കണം.

ഉ: അരുള്‍ എപ്പോഴും ഉള്ളതാണ്‌. (അനുഗ്രഹം). അതേതെങ്കിലും ഒരു സമയത്തേയ്ക്കുള്ളതല്ല. നിങ്ങള്‍ ബഹാവുല്ലയേയും മറ്റുള്ളവരെയും പറ്റി എന്തിനു ചിന്തിക്കുന്നു. നിങ്ങള്‍ നിങ്ങളെ അറിയുക. സര്‍വ്വവും സത്യമാണെന്നു കരുതുക. അയാളെയും സത്യമാണെന്നു കരുതുക. അയാള്‍ക്കും സത്യത്തെ വിട്ടു നില്‍ക്കാന്‍ സാധ്യമല്ല. നിങ്ങളുടെ വിശ്വാസത്തിനു മാറ്റം വരാം. പക്ഷെ സത്യം മാറുകയില്ല.

ചോ: എനിക്കു സിദ്ധാന്തത്തിന്റെ പൊരുള്‍ പറഞ്ഞു തരുമോ?

ഉ: അവരുടെ നിര്‍ദ്ദേശങ്ങളെ അനുസരിക്കൂ. പിന്നീട്‌ സംശയം ഉണ്ടാകുന്നുവെങ്കില്‍ ചോദിക്കൂ. അവരുടെ നിര്‍ദ്ദേശങ്ങള്‍ നിങ്ങളെ മൗനത്തില്‍ എത്തിക്കും. വ്യത്യാസങ്ങള്‍ തോന്നുന്നത്‌ ബാഹ്യവിഷയങ്ങളെ സംബന്ധിച്ചാണ്‌. അവരുടെ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ അനുസരിച്ചാല്‍ ഭേദങ്ങളെല്ലാമൊഴിയും. രാജാവിന്റെ മകനെ ഒഴിച്ച്‌ മറ്റാരെയും രാജകുമാരനെന്നു പറയാന്‍ സാധ്യമല്ല. അതുപോലെ ശുദ്ധിയുള്ളതേ ശുദ്ധമാവൂ.

ശിഷ്യനാവുന്നതും ഉപദേശം സ്വീകരിക്കുന്നതും ശരണാഗതിയും എല്ലാം ബാഹ്യസാധനങ്ങള്‍ മാത്രം. ഇതുകള്‍ക്കെല്ലാത്തിനും ആധാരമായ സത്യത്തെ മറക്കരുത്‌.

ചോ: ദക്ഷിണാമൂര്‍ത്തിയുടെ ഉപദേശത്തിന്റെ പ്രത്യേകത എന്താണ്‌?.

ഉ: അതിനെപ്പറ്റി പല വ്യഖ്യാനങ്ങളും ഒരോരുത്തരുടെ ബുദ്ധിയനുസരിച്ചുണ്ടായിട്ടുണ്ട്‌. നിങ്ങള്‍ക്കിഷ്ടം തോന്നുന്നതിനെ നിങ്ങള്‍ സ്വീകരിക്കുക.