ശ്രീ രമണമഹര്‍ഷി

ജനുവരി 15, 1936

135. മദ്രാസ്‌ അടയാറില്‍ നടന്ന ബ്രഹ്മജ്ഞാന മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്ന മൂന്നു യൂറോപ്യന്‍ സ്ത്രീകള്‍ ഭഗവാനെ കാണാന്‍ വന്നിരുന്നു. താഴെ കാണുന്ന സംഭാഷണം നടന്നു.

ചോ: ഈ സൃഷ്ടി സംവിധാനം മുഴുവനും ശരിയായിട്ടുള്ളതാണോ? അതൊ ഇതില്‍ എന്തെങ്കിലും തിരുത്തിക്കൊണ്ടു പോകേണ്ടതുണ്ടോ?

ഉ: സൃഷ്ടിയില്‍ പാകപ്പിഴ ഒന്നുമില്ല. പിശകുണ്ടെങ്കില്‍ അത്‌ നമ്മിലാണ്‌. നമ്മുടെ തെറ്റിനെ നാം തിരുത്തിക്കൊണ്ടാല്‍ എല്ലാം ശരിയായിട്ടു തന്നെ ഇരിക്കും.

ചോ: ഉറക്കത്തില്‍ ഉള്ള അനുഭവത്തെ അറിയാന്‍ എന്തെങ്കിലും ഉപായമുണ്ടോ?

ഉ: ഉപായത്തിന്റെ ആവശ്യമൊന്നുമില്ല. സുഖമായി ഉറങ്ങി എന്നും അപ്പോള്‍ ഒന്നും അറിഞ്ഞില്ല എന്നും എല്ലാവര്‍ക്കും പൊതുവേ അനുഭവമാണ്‌. മറ്റൊന്നും സംഭവിക്കുന്നുമില്ല.

ചോ: എനിക്കു ബോധ്യമാവുന്നില്ല. ഉറക്കത്തിലെ ഞാന്‍ സൂക്ഷ്മലോകത്ത്‌ സഞ്ചരിക്കുന്നു. എന്നാല്‍ ആ അനുഭവങ്ങള്‍ ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല.

ഉ: സൂക്ഷ്മലോകം സ്വപ്നത്തെ സംബന്ധിച്ചുള്ളതാണ്‌. ഞാന്‍ പറഞ്ഞത്‌ ഗാഢനിദ്രയെപറ്റി യാണ്‌.

ചോ: ലോകത്ത്‌ ദുഃഖമുണ്ടാകുന്നതിനു കാരണമെന്ത്‌? നമ്മുടെ പ്രയത്നം കൊണ്ടത്‌ ശമിപ്പിച്ചുകൂടെ?

ഉ: നമ്മുടെ യഥാര്‍ത്ഥനിലയെ അറിഞ്ഞാലേ പരിഹാരമുണ്ടാവുകയുള്ളൂ.

ചോ: ലോകത്തിനു നന്മ ചെയ്യാന്‍ പെട്ടെന്ന്‌ ആത്മജ്ഞാനത്തെ ആര്‍ജിച്ചു കൂടെ?

ഉ: നമ്മുടെ പ്രശ്നങ്ങളെ തീര്‍ക്കാന്‍ നമുക്ക്‌ കഴിയുന്നില്ല. അതിനുവേണ്ടി ദൈവത്തെ പ്രാര്‍ത്ഥിക്കുക. അതാണ്‌ മുഖ്യം. അങ്ങനെ ചെയ്താല്‍ ദൈവം നമ്മെയും ലോകത്തെയും കാക്കും.

ചോ: നാം പ്രാപിക്കേണ്ട ഉത്തമ ലക്ഷ്യമേത്‌?

ഉ: തന്നെ താനുണരുന്നതാണ്‌.

ചോ: അവനവനു തക്ക ഗുരുവിനെ എങ്ങനെ പ്രാപിക്കാന്‍?

ഉ: തീവ്രമായ ധ്യാനത്തിന്റെ ഫലം നിമിത്തം സദ്‌ഗുരുവിനെ ലഭിക്കും.

136. ഡോക്ടര്‍ ജി. എച്ച്‌. മേസ്‌ എന്ന ഹോളണ്ട്‌ (ഡച്ച്‌) കാരന്‍ വന്നിരുന്നു. നല്ല പഠിത്തവും യോഗ്യതയും ആദ്ധ്യാത്മിക വിചാരവും ഉള്ള ആ ചെറുപ്പക്കാരന്‍ ചില പുസ്തകങ്ങളുമെഴുതിയിട്ടുണ്ട്‌.