ജനുവരി 15, 1936
ചോ: ഗാഢനിദ്രയില്‍ ഞാന്‍ ഏതോ ഒരു തരം സമാധിയിലിരിക്കുന്നു എന്നു വിചാരിക്കുന്നു. ആ അനുഭവം ശരിയാണോ?
ഉ: ഈ ചോദിക്കുന്നത് ഉണര്‍ന്നിരിക്കുന്ന ഞാനാണ്. ഉറക്കത്തിലിരിക്കുന്ന ഞാനല്ല. സമാധിക്കുതുല്യമായി ഉണര്‍ച്ചയോടുകൂടിയ ഉറക്കം നിങ്ങള്‍ക്കുണ്ടായിരിന്നുവെങ്കില്‍ സംശയം വരുകില്ലായിരുന്നു.
സമാധി ഒരാളിന്റെ നിജനിലയാണ്. ഏതിനും അതാണാധാരം. അതിനാല്‍ ജാഗ്രത്തില്‍ സമാധിനിലയുണ്ടായിരുന്നാല്‍ ഉറങ്ങുമ്പോഴും ആ നില തുടര്‍ന്നു പ്രകാശിക്കും. അറിവ് അറിവില്ലായ്മ എന്ന വിഭിന്നാവസ്ഥകള്‍ മനസ്സിന്റെ പരിധിക്കുള്ളിലുള്ളതാണ്. യഥാര്‍ത്ഥ നില ഇവ രണ്ടുമല്ലാത്ത അറിവുസ്വരൂപം.
ചോ: പ്രത്യഗാത്മാവെന്നു പറയത്തക്കവണ്ണം തുടര്‍ന്നു നില്‍ക്കുന്ന ഒരു ജീവാത്മാവില്ലെന്ന ബൗദ്ധമതം ശരിയാണോ? പുനര്‍ജ്ജന്മത്തെ അംഗീകരിക്കുന്ന ഹിന്ദുമത സിദ്ധാന്തത്തിനിതു യോജിച്ചതാവുമോ? ഈ ജീവന്‍ വീണ്ടും വീണ്ടും പുനര്‍ജ്ജന്മങ്ങളില്‍ക്കൂടി തുടര്‍ന്നു നില്‍ക്കുന്ന ഒരു പ്രത്യേകശക്തിയാണോ? അതോ വ്യക്തിത്വമൊന്നുമില്ലാത്ത സംസ്കാരാംശമാണോ?
ഉ: ഒന്നിനാലും ബന്ധിക്കപ്പെടാതെ എപ്പോഴുമുള്ളത്, ആത്മസ്വരൂപം. ജനനത്തെത്തരുന്ന അഹങ്കാരന്‍, മനസ്സ്. വ്യവഹാരദശയില്‍ മാത്രം ഉണ്ടെന്നുള്ള അഹങ്കാരനെ കടന്നു നില്‍ക്കുന്നത്, ആത്മസ്വരൂപം. വെറും തോന്നലായ അഹങ്കാരനെ സംബന്ധിക്കുന്നതാണ് പുനര്‍ജന്മ വ്യവഹാരം. അതുകൊണ്ടാണ് അതിനൊരിരിപ്പില്ലെന്ന് ബൗദ്ധന്മാര്‍ സിദ്ധാന്തിക്കുന്നത്. മനസ്സും ജഡവും താദാത്മ്യപ്പെട്ടു നില്‍ക്കുന്നതില്‍ നിന്നും ജീവന്‍ എന്നൊന്നുണ്ടായി.
137. വിചാരങ്ങളുടെ സാക്ഷിയാണ് താനെന്നു കരുതാമോ? എന്നു ലക്ഷ്മണ ബ്രഹ്മചാരി ചോദിച്ചു.
ഉ: ‘സാക്ഷി ഞാന്‍’എന്ന ഭാവന വിക്ഷേപങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി ഉപശാന്തമായിരിക്കാന്‍ സഹായമാവും. എന്നാലും ഭാവന മനസ്സിന്റേതാണ്. അങ്ങനെ ഭാവിച്ചാലും ഭാവിച്ചില്ലെങ്കിലും ആത്മാവെന്നും സാക്ഷിയായിട്ടു പ്രകാശിക്കുന്നു. ഭാവന മനോശാന്തിക്കാവുമെന്നല്ലാതെ അതിവിടെ ഉപകാരപ്പെടുന്നുവെന്നു പറയാനില്ല. ഭാവന കൂടാതെ തന്നെ അപ്രകാരം ഇരിക്കുന്നതാണ് നിജനില. അതാണുല്‍കൃഷ്ടം.
138. പോള്‍ ബ്രണ്ടന്റെ ‘രഹസ്യമാര്‍ഗ്ഗം’ ഇന്‍ഡ്യക്കാര്‍ക്കും പ്രയോജനമായിരിക്കുമോ എന്ന് മൈസൂര്‍ സ്റ്റേറ്റ് ഫൈനാന്‍സ് സെക്രട്ടറി ചോദിച്ചു.
ഉ: അതെ, ആര്‍ക്കും പ്രയോജനപ്രദമാണ്.
ചോ: ശരീരേന്ദ്രിയങ്ങള്‍ നാമല്ല എന്നു സാധാരണ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അറിവിനെ അനുഭവത്തില്‍ കൂടി പ്രകാശിപ്പിക്കാനുള്ള മാര്‍ഗ്ഗമെന്താണ്?
ഉ: ആ ഗ്രന്ഥത്തില്‍ തന്നെ മാര്‍ഗ്ഗത്രയങ്ങളെപ്പറ്റിപറഞ്ഞിട്ടുണ്ട്.