ജനുവരി 19, 1936
139. ശ്രീ എല്ലപ്പച്ചെട്ടിയാര്‍, (എം എല്‍ സി) സേലത്തുനിന്നും ഭഗവാനെ കാണാന്‍ വന്നിരുന്നു.
ചോ: നാം അന്തര്‍മുഖ വ്യാപാരത്തിലിരുന്നാല്‍ പോരേ, അതോ ‘ഞാന്‍ ബ്രഹ്മമാണ്’ എന്ന് ധ്യാനിക്കുകയും വേണമോ?
ഉ: ബഹിര്‍മുഖമായിരിക്കുന്ന മനസ്സിനെ അന്തര്‍മുഖമാക്കുകയാണേറ്റവും മുഖ്യം. വിജ്ഞാനം തന്നെ വിമോചനം എന്ന് ബൗദ്ധന്മാര്‍ കരുതുന്നു. വിജ്ഞാനത്തിനു അധിഷ്ഠാനമായിരിക്കുന്ന സത്തിനെ അറിഞ്ഞ് താന്‍ അതായിരിക്കണമെന്നു, നാം.
‘ഞാന്‍ ബ്രഹ്മ’മെന്നു ധ്യാനിക്കുന്നുതെന്തിന്? ഞാന്‍ എന്ന അഹങ്കാരന്‍ വിട്ടൊഴിയുന്നതാണ് മോചനം. ‘ഞാന്‍’ എന്നതിനെപ്പറ്റി നിരന്തരം വിചിന്തനം ചെയ്യുകയാണെങ്കില്‍ അത് സാദ്ധ്യമാവും. അതുകൊണ്ടാണ് അഹംവൃത്തിയില്‍ ഞാന്‍ എന്നതിന്റെ ആദിയെ അറിയണമെന്നു പറയുന്നത്. ‘ഞാ’നെന്നതിനെ വിടാതിരുന്നാല്‍ ശൂന്യാവസ്ഥ പ്രകാശിക്കുകയില്ല. അതിനെ വിട്ടാല്‍ ഉറക്കമോ മയക്കമോ നമ്മെ മയക്കും.
എപ്പോഴും ഇരിക്കുന്നതും അന്ത്യമറ്റ അഹംസ്വരൂപം. ഈ സ്വരൂപത്തില്‍ അപ്പപ്പോള്‍ ഉണ്ടായി മറയുന്നത് അഹംവൃത്തി. അഹംവൃത്തി ഒടുങ്ങിയ സ്ഥാനത്തും എപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കുന്ന അഹംസ്വരൂപം താനെതാനായി പ്രകാശിച്ചു കൊണ്ടിരിക്കും.
ഒരു ദേഹത്തിന്റെ ഉത്ഭവം ഒരു ജനനമല്ല, നേരെ മറിച്ച് അതിനെയും വഹിച്ചു കൊണ്ടുള്ള അഹംകാരന്റെ ജനനമാണ് ജനനം. ഈ അഹങ്കാരന്റെ നാശമാണ് മുക്തി. മുക്തി എന്നത് ഒരു പുതിയ ലാഭമല്ല. എന്നും ഉള്ള തന്റെ സ്വഭാവ പ്രകാശ സ്ഥിതിയാണ്.
140. സത്യത്തിന്റെ സ്വരൂപമെന്താണ്?.
ഉ: എപ്പോഴും ഉള്ളത് എന്നുള്ളതാണ് സത്യം. അതിന് രൂപമില്ല, നാമമില്ല. അത് നാമരൂപങ്ങള്‍ക്കധിഷ്ഠാനം. തന്നെ വേര്‍തിരിക്കുന്ന ഉപാധി ഒന്നും കൂടാതെ ഉള്ളവയെല്ലാത്തിനും അത് അധാരമായിരിക്കും. സര്‍വ്വസങ്കല്‍പ്പങ്ങള്‍ക്കും ആധാരമായ ആ പരമാര്‍ത്ഥ വസ്തു ഒന്നിനാലും ബദ്ധമല്ല. അതെങ്ങനെയിരിക്കുന്നുവെന്നാല്‍ അതെങ്ങനെയിരിക്കുന്നുവോ, അങ്ങനെയിരിക്കുന്നു എന്നേ പറയാവുള്ളു. ‘ഉണ്ട്’ ‘ഇല്ല” എന്നീ പരിമിതികളെ കടന്ന് എങ്ങനെയിരിക്കുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരിക്കുന്നു.
141. മുന്‍പ് ചോദിച്ചു കൊണ്ടിരുന്നയാള്‍ തന്നെ കൈവല്യനവനീതത്തില്‍ നിന്നും ഒരു പദ്യം ഉദ്ധരിച്ചുകൊണ്ട്, ഒരിക്കല്‍ നേടിയ ജ്ഞാനം പിന്നീടഴിഞ്ഞുപോകുമോ എന്നു ചോദിച്ചു.
ഉ: ജ്ഞാനം ഒരുവിധത്തില്‍ ഉണ്ടായാല്‍ മാത്രം പോരാ, അത് നമുക്ക് ദൃഢമാകണം. ആ അനുഭവം നമുക്കു സഹജമായിത്തീരണം. ആ നില നമുക്ക് നിരന്തരം പ്രകാശിച്ചു വാസനകളെല്ലാമൊഴിയണം.
ആത്മാവ് എല്ലാവര്‍ക്കും അനുഭവമായിരുന്നാലും അത് നാം വിചാരിക്കുമ്പോലല്ല. താന്‍ ഇരുന്നതുപോലിരിക്കുന്നു. ഈ അനുഭവമാണ് സമാധി. അഗ്നിക്ക് ഉഷ്ണം തന്റെ സ്വഭാവമായിരുന്നാലും മന്ത്രം, വിദ്യ മുതലായതുകളുടെ പ്രയോഗത്താല്‍ തല്‍ക്കാലം ചൂടില്ലാത്തതായിരിക്കുമ്പോലെ ആത്മജ്ഞാനം ഇപ്പോള്‍ വാസനകളാല്‍ മറവുറ്റതു പോലിരിക്കും. വാസനകള്‍ അറ്റയിടത്ത് നിരന്തരം പ്രകാശിക്കും. വാസനകള്‍ തുടര്‍ന്നു നില്‍ക്കുന്നിടത്തോളം ജനനമറ്റ നില കൈവരുകയില്ല. വാസനകള്‍ പൂര്‍ണ്ണമായി ശമിക്കുന്നത് വരെ ജ്ഞാനം ദൃഢപ്പെടുകയില്ല.
സഹജജ്ഞാനികളുടെ സാന്നിധ്യ വിശേഷത്താല്‍ അവരെ സമീപിച്ചവരുടെ വാസനകള്‍ ഒടുങ്ങി മനസ്സ് ഉപശാന്തമായി സമാധിനില ഏര്‍പ്പെടാം. ഗുരുസന്നിധിയില്‍വച്ചു ഏര്‍പ്പെട്ട ജ്ഞാനം ദൃഢമാവാന്‍ ആരും അനുഭവത്തില്‍ തുടര്‍ന്നു നില്‍ക്കണം. ഇപ്രകാരം ജ്ഞാനം ദൃഢമായി സഹജമായിത്തീര്‍ന്നവനാണ് ജീവന്മുക്തന്‍. അഗ്നിസ്തംഭനവിദ്യ മാറുമ്പോള്‍ അഗ്നി തന്റെ പൂര്‍വ്വ, ഉഷ്ണ സ്വഭാവത്തോടുകൂടിയതാകുമ്പോലെ വാസനകളൊഴിഞ്ഞ ജീവന്മുക്തന്‍ തന്റെ നിത്യവും സ്വഭാവവുമായ ആദി ആത്മബോധത്തില്‍ ആത്മാരാമനായി അവശേഷിക്കും. സമാധിയില്‍ അഖണ്ഡനില ഉണ്ടായാല്‍ മാത്രം പോര. വൃത്തിനിവൃത്തികള്‍ പരസ്പര ശത്രുക്കളാണെന്ന ഭാവം മാഞ്ഞ് ഒരേ നിലയില്‍ പ്രകാശിക്കണം. സഹജജ്ഞാനം തന്റെ സ്വഭാവമെന്നത് അഖണ്ഡാനുഭൂതിയാണ്. സഹജ ജ്ഞാനം തന്റെ സ്വഭാവമെന്ന അഖണ്ഡാനുഭൂതിയാണ് സഹജസമാധി.
ഈ. സഹജസമാധിനില സാധകനു അനായാസമായി സിദ്ധിയ്ക്കുന്നതുവരെ പ്രയത്നം വേണം. സമാധിയെ ഭയപ്പെടുന്നവന്‍ അജ്ഞാനിയാണ്. സമാധി ഒരുത്തന് തന്റെ തനിപ്രകൃതമായി വരേണ്ടതാണ്. സമാധിയില്‍ കിട്ടുന്ന ആനന്ദം ഒരിക്കല്‍ അനുഭവിച്ചവന്‍ അത് തുടര്‍ന്നനുഭവിക്കാന്‍ തന്നെ വഴി നോക്കും.