ശ്രീ രമണമഹര്‍ഷി

ജനുവരി 20, 1936

142. ബസ്വാഡയില്‍ നിന്നും പ്രകാശറാവു: ബ്രഹ്മാകാരവൃത്തി ഉദയമാവുംമുമ്പേ അവിദ്യാമായ ഒഴിയുകയില്ലേ? അല്ല, അത്‌ തുടര്‍ന്നു നില്‍ക്കുമോ?

ഉ: വാസന ക്ഷയിച്ചതില്‍ പിന്നീ‍ട്‌ അവിദ്യ ഉണ്ടായിരിക്കുകയില്ല. വാസനാക്ഷയത്തിനും സഹജാനുഭൂതിക്കും ഇടയ്ക്കുണ്ടായിരിക്കണം.

ചോ: ബ്രഹ്മാനുഭൂതിക്കു ശേഷവും വിഷയപ്രപഞ്ചം തോന്നപ്പെടുമോ?

ഉ: ബ്രഹ്മാനുഭൂതിയുണ്ടാകട്ടെ ആദ്യം. എന്നിട്ട്‌ ഈ ചോദ്യം ചോദിക്കാം.

ചോ: നാം ഇപ്പോള്‍ അറിയുന്നതുപോലെ അപ്പോഴും അറിയാനൊക്കുമോ?

ഉ: നിങ്ങള്‍ മനസ്സില്‍ നിന്നും മാറിനില്‍ക്കുന്നില്ലല്ലോ. പിന്നെയെങ്ങനെ അറിയാനൊക്കും?

ചോ: ചിത്തവിലാസത്തെ പൂര്‍ണ്ണമായറിയാനൊക്കുമോ?

ഉ: ഒഹോ! ചിത്തവിലാസത്തെയാണോ ബ്രഹ്മാനുഭൂതിയെന്നു പറയുന്നത്‌? അജ്ഞാനം മാറുമ്പോള്‍ അഴിയാത്ത സ്വസ്വരൂപം അവിടെയുണ്ട്‌. അത്‌ മനസ്സുകൊണ്ടറിയപ്പെടാവുന്നതല്ല. സ്വസ്വരൂപത്തെ അറിയുന്നത്‌ മനസ്സല്ല.