ജനുവരി 23, 1936
143. പോള്‍ ബ്രണ്ടന്‍: അരുണാചലത്തിനുള്ളില്‍ ഗുഹാഗര്‍ഭമൊന്നുണ്ടോ?
ഉ: അരുണാചലപുരാണത്തില്‍ അങ്ങനെ പറഞ്ഞിരിക്കുന്നു. ഹൃദയം ഒരു ഗുഹയാണ്. അതിനുള്ളില്‍ പ്രവേശിച്ചാല്‍ വെട്ടവെളിപ്രഭ കാണാം. അപ്രകാരം തന്നെ അണ്ണാമലയും പ്രഭാപൂരിതമാണ്.
ചോ: ആ മലയ്ക്കുള്ളില്‍ ഗുഹകളുണ്ടോ?
ഉ: എത്രയോ ഗുഹകളൂം വിചിത്ര നഗരസംവിധാനങ്ങളും ലോകം മുഴുവനും ഞാനതിനുള്ളില്‍ കണ്ടിരിക്കുന്നു!
ചോ: അവിടെ സിദ്ധന്മാരും ഉണ്ടോ?
ഉ: അവിടെ സിദ്ധന്മാരിരിക്കുന്നത് പ്രസിദ്ധമല്ലേ?
ചോ: സിദ്ധന്മാരല്ലാതെയുള്ളവരും ഉണ്ടോ?
ഉ: എല്ലാം ഈ ലോകം പോലെ തന്നെ.
ചോ: സിദ്ധന്മാര്‍ ഹിമാലയത്തിലുണ്ടെന്നു പറയുന്നല്ലോ.
ഉ: ഹിമാലയത്തിലെ കൈലാസം ശിവന്റെ വാസസ്ഥാനമാണ്. ഈ പര്‍വ്വതം ശിവസ്വരൂപമാണ്. ഭൂതഗണങ്ങള്‍ക്കെല്ലാത്തിനും ഇരിപ്പിടം ഇതാണ്.
ചോ: ഈ മലയ്ക്കുള്ളിലുള്ള ഗുഹകളിലെ പ്രകാശത്തെപ്പറ്റി ഭഗവാനെന്തു പറയുന്നു?
ഉ: എല്ലാം അവരവരുടെ കാഴ്ചയ്ക്കൊത്തിരിക്കും. ഈ മലമുകളില്‍ ആശ്രമങ്ങളെ കണ്ടതായിട്ട് നിങ്ങള്‍ തന്നെ എഴുതിയിരിക്കുന്നല്ലോ?
ചോ: അതെ, ആശ്രമങ്ങള്‍ മലക്കു മുകളിലാണ്. പക്ഷേ ആ കാഴ്ച എന്റെ ഉള്ളിലല്ലേ തോന്നിയത്?
ഉ: അതെ തോന്നുന്നതെല്ലാം നമുക്കുള്ളില്‍ തന്നെ. കാണുന്നവനുണ്ടെങ്കിലേ ലോകവുമുള്ളൂ. എല്ലാം തന്നില്‍ നിക്ഷിപ്തം. സത്യത്തില്‍ എവിടെ പ്രകാശിക്കുന്നതും താന്‍ തന്നെ. തനിക്കന്യമായിട്ടൊന്നുമില്ല.
ചോ: അങ്ങനെയാണെങ്കില്‍ മലയില്‍ എന്തു രഹസ്യമുണ്ട്?
ഉ: നിങ്ങള്‍ “രഹസ്യ ഈജിപ്തി”ല്‍ ‘പിരമിഡിന്റെ രഹസ്യം ആത്മാവിന്റെ രഹസ്യം തന്നെയാണ്’ എന്നു പറഞ്ഞതുപോലെ മലയുടെതും ആത്മാവിന്റെ രഹസ്യം തന്നെയാണ്.
മേജര്‍ ചാഡ്വിക്:
അഹങ്കാരന്‍ ആത്മാവിന് അന്യനാണെന്നെനിക്കറിയാന്‍ പാടില്ല.
ഉ: ഗാഢനിദ്രയില്‍ നിങ്ങളെങ്ങനെയായിരുന്നു?
ചോ: അറിയാന്‍ പാടില്ല.
ഉ: അറിഞ്ഞുകൂടാത്തതാര്‍ക്ക്? ഉണര്‍ന്നയാളിനല്ലേ? ഉറക്കത്തില്‍ നിങ്ങള്‍ക്ക് നിങ്ങളില്ലായിരുന്നോ?
ചോ: ഞാനുണ്ടായിരുന്നു. എന്നാല്‍ ഉറക്കത്തില്‍ ഞാനുണ്ടായിരുന്നതറിയാന്‍ പാടില്ല.
ഉ: അതെ. ഉണര്‍ന്ന ഞാന്‍ ഉറങ്ങിയ എന്നെ അറിയാതെ പോയി. ഇപ്പോള്‍ സംസാരിക്കുന്നയാള്‍ തന്നെയാണുറങ്ങിയത്. രണ്ടിനും തമ്മിലുള്ള വ്യത്യാസമെന്ത്? ഇപ്പോള്‍ ഉള്ള ഇന്ദ്രിയവൃത്തികളൂം വസ്തുക്കളും ഉറക്കത്തിലില്ലായിരുന്നു. ഉറക്കത്തില്‍ നിന്നും ഒരു പുതിയ ആള്‍ (അഹങ്കാരന്‍) ഉണ്ടായി, ഇന്ദ്രിയങ്ങള്‍ മുഖേന വര്‍ത്തിച്ച് വസ്തുക്കളെ കാണുന്നു. ദേഹത്തോട് ചേര്‍ന്നു നിന്ന് ആത്മാവു താനാണെന്ന് അഹങ്കരിക്കുകയും ചെയ്യുന്നു. ഇപ്പറഞ്ഞ അവസ്ഥാഭേദങ്ങളൊന്നും ഇല്ലാത്തതാണ് ആത്മാവ്.