ഫെബ്രുവരി 9, 1936.
156. ചോ: ഏകാന്തത സാധനയ്ക്കു സഹായകമായിരിക്കുമോ?
ഉ: ഏകാന്തതയെന്നാലെന്താണ്?
ചോ: ജനക്കൂട്ടത്തില്‍ നിന്നും മാറിയിരിക്കുന്നത്.
ഉ: കൂട്ടത്തെ കണ്ട് ഭയപ്പെടുന്നതെന്തിന്? ഏകാന്തത്തെ ആരെങ്കിലും ഭജ്ഞിച്ചു കളയുമോ എന്ന ഭയം ജനിക്കാം. തനിച്ചിരുന്നാല്‍ വിചാരങ്ങള്‍ അടങ്ങിയിരിക്കുമോ? എവിടെയിരുന്നാലും ചിന്തയറ്റിരിക്കുകയാണ് മുഖ്യം.
ചോ: പക്ഷെ. വ്യഹാരകാര്യങ്ങളാല്‍ മനസ്സ് ചിതറിപ്പോകുന്നു.
ഉ: മനസ്സങ്ങനെ ചിതറിപ്പോകാന്‍ പാടില്ല. മനസ്സിനെ നിശ്ചലമാക്കുന്നതാണ് ഏകാന്തം. വ്യവഹാരത്തിനിടയിലും ഇതഭ്യസിക്കാം. അഭ്യാസം കൊണ്ടേ മനസ്സടങ്ങൂ. തനിച്ചിരുന്നതുകൊണ്ടായില്ല. ഏകാന്തത്തില്‍ചെന്നു ചെയ്യാനുദ്ദേശിച്ചതു ഇവിടെ ഇപ്പോഴേ ചെയ്യാം.
157. ചോ: ഞാനാരാണെന്ന അന്വേഷണത്താല്‍ ചിന്തയൊഴിയുമെന്നും ആ അവസ്ഥയില്‍ അരുളിനെ നോക്കിയിരിക്കണമെന്നും പറയുന്നു. ഈ ശൂന്യനിലയില്‍ എങ്ങനെ അരുളുദയമുണ്ടാകും?
ഉ: എപ്പോഴും നിലച്ചിരിക്കുന്നത് ആത്മസ്വരൂപം. അത് പുത്തനായി വരുന്നതല്ല. ശൂന്യമെന്നൊന്നില്ലേയില്ല.
ചോ: ചിന്തയറ്റ ശൂന്യനില അരുളിനെത്തരുന്നതെങ്ങനെ?
ഉ: അരുളിനെക്കൂടാതെയാണോ ഈ ചോദ്യം ചോദിക്കുന്നത്?. അടിമുടിനടുവെല്ലാം അരുളാണ്. അതുതന്നെ ആത്മസ്വരൂപം. സത്യം ഇതായിരിക്കെ, ശരീരമാണ് താനെന്നു കരുതി ഗുരുവിനെ ശരീരത്തില്‍ കൂടി കാണുന്നു. ഗുരുവായി കാണുന്നത് ആത്മാവിനെയാണ്. ഈ ആത്മാവൊന്നേയുള്ളൂ. അതിനെ ഗുരു ഉപദേശിക്കുകയും ചെയ്യുന്നു. ആത്മസ്ഫൂര്‍ത്തിയാണ് അനുഗ്രഹം. അത്മാവിലല്ലാതെ ഗുരു മറ്റെവിടെയിരിക്കുന്നു? വിപരീതജ്ഞാനത്താല്‍ സംശയമുദിക്കുന്നു. ആത്മാവായ തനിക്കന്യമൊന്നുമില്ല. ഇതു സത്യം.
ചോ: ഞങ്ങളുടെ നിലയിലിരുന്നു കൊണ്ട് ഏന്തൊക്കെയോ കേള്‍ക്കുന്നു. ഭഗവാന്റെ സമാധാനങ്ങള്‍ ആത്മസ്വരൂപത്തെ പ്രകാശിപ്പിക്കുന്നു. ചോദ്യങ്ങള്‍ തെറിച്ചു പോകുന്നു. പൂര്‍ണ്ണതൃപ്തി ജനിക്കുന്നു.