ശ്രീ രമണമഹര്‍ഷി

ഫെബ്രുവരി 12, 1936

159. കോഹന്‍: ആത്മസാക്ഷാല്‍ക്കാരത്തിന്‌ സമാധി അത്യന്താപേക്ഷിതമാണോ?

ഉ: ജാഗ്രദ്‌, സ്വപ്ന, സുഷുപ്തികളിലും നാം ആത്മാവില്‍ തന്നെ ഇരിക്കുന്നു. നാമതില്‍ നിന്നും വ്യതിചലിച്ചു നമ്മെ ഇന്ദ്രിയദേഹാദികളോട്‌ ബന്ധിപ്പിച്ചാല്‍ നാം ആളു മാറും. സമാധി ഒരു മാതിരി ലയം പോലെ തോന്നപ്പെടാം. ആത്മാവായ താന്‍ സങ്കല്‍പവികല്‍‍പങ്ങളെ കൂടാതെ ഉള്ള നാളൊക്കെയുമുള്ളതായിട്ടിരിക്കും.

ചോ: ശിരസ്സിലിരിക്കുന്ന ഒളിയെ ഹൃദയത്തിലുണരണമെന്നു ചിലര്‍ പറയുന്നതിന്റെ താല്‌പര്യമെന്താണ്‌?

ഉ: ഹൃദയത്തില്‍ മുന്‍പിനാലേ തന്നെ പ്രകാശമില്ലേ? സര്‍വ്വ വ്യാപകമായ ആത്മ പ്രകാശം അവിടവിടെയിരിക്കുന്നതല്ല.

ചോ: കര്‍മ്മയോഗിക്കും ഭക്തനും സമാധിയില്‍ കൂടെത്തന്നെ സാക്ഷാല്‍ക്കാരം ഉണ്ടാകണമെന്നുണ്ടോ?

ഉ: ഏതോ ഒന്നില്‍ മനം ഏകാഗ്രമായാല്‍ മനസ്സതില്‍ ഒടുങ്ങുന്നു. അതിനെയാണ്‌ സമാധി എന്നു പറയുന്നത്‌. മറ്റെല്ലാം മറയും. ആത്മാവ് അവശേഷിക്കും. കര്‍മ്മയോഗിയ്ക്കോ ഭക്തനോ ആര്‍ക്കും ഈ നിലയുണ്ടാകണം.

160. ചോ: ഹൃദയമെന്താണ്‌? അതിന്റെ സ്ഫുരണമെന്താണ്‌?

ഉ: ഹൃദയവും സ്ഫുരണവും ആത്മാവ്‌ തന്നെയാണ്‌. സ്ഫുരണത്തിനൊരാധാരം. ആവശ്യമാണ്‌. അതിനെപ്പറ്റി വിചാരസംഗ്രഹത്തില്‍ പറഞ്ഞിട്ടുണ്ട്‌.

സ്ഫുരണം ആത്മാവു തന്നെ. അതില്‍ ഇതെല്ലാമടങ്ങും. അത്‌ അവര്‍ണ്ണ്യമായ ഒരനുഭവമാണ്‌. സര്‍വ്വാതീതമായ അതില്‍ മനസ്സൊടുങ്ങി നില്‍ക്കണം.