ഫെബ്രുവരി 13, 1936.
161. ഭഗവല്‍ സന്നിധിയില്‍ സായാഹ്ന വേളയില്‍ സാധാരണ നടത്തിവരുന്ന വേദപാരായണം തീര്‍ന്നപ്പോള്‍ മുന്‍വശത്തിരുന്ന അനന്തപ്പൂര്‍ക്കാരന്‍ ഒരാള്‍ എഴുന്നേറ്റ്, അബ്രാഹ്മണര്‍ കേള്‍ക്കത്തക്ക വിധം വേദപാരായണം ചെയ്യാന്‍ പാടില്ലെന്നു പറയുന്നത് ശരിയാണോ എന്നു ചോദിച്ചു.
ഭഗവാന്‍ (വലം കൈ പൊക്കി) അവിടെ ഇരിക്കൂ. സ്വന്തം ജോലി നോക്കൂ. അനാവശ്യമായ മറ്റു കാര്യങ്ങളില്‍ തലയിടുന്നതെന്തിന്? അവനവന്റെ കാര്യം നോക്കിയാല്‍ ഇതിനൊന്നും സമയം കിട്ടുകയില്ല. ആദ്യം ഇവിടെ വന്ന കാര്യം നോക്കീട്ട് പിന്നീട് മറ്റെല്ലാം. ‘ഞാന്‍ കേട്ടു’ എന്നു നിങ്ങള്‍ പറയുന്നു. ആ ‘ഞാന്‍’ ആരെന്നറിയാതെ എന്തിനാണ് വാക്കുപയോഗിക്കുന്നത്? ആദ്യം താനാരാണെന്നറിഞ്ഞിട്ട് മറ്റെല്ലാം പിന്നെ നോക്കാം.
ഭഗവാന്‍ തുടര്‍ന്നു പറഞ്ഞു. “സ്മൃതികളില്‍ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇക്കാലത്തേക്ക് അവ അനുയോജ്യങ്ങളല്ല. ഞാന്‍ ലോകത്തെ നന്നാക്കും, സ്മൃതികളെ തിരുത്തി എഴുതും” പണ്ടുമുതല്‍ക്കേ ഇപ്രകാരം തുള്ളിക്കൊണ്ട് എത്രയോ പരിഷ്കാരികള്‍ വന്നു, പോയി. പക്ഷേ ആദിവേദങ്ങള്‍ ഇന്നും നില നില്‍ക്കുന്നു. ഓരൊരുത്തനും അവനവന്റെ കാര്യങ്ങള്‍ നോക്കിയാല്‍ എല്ലാം ശരിയാവും.