ശ്രീ രമണമഹര്‍ഷി
ഫെബ്രുവരി 24, 1936
164. മറ്റൊരമേരിക്കക്കാരന്‍ വിചാരരൂപത്തെപ്പറ്റി ചോദിച്ചു.
ഉ: വിചാരത്തിന്റെ ഉറവിടത്തെ അന്വേഷിക്കൂ! വിചാരം ഒഴിയും.
ചോ: വിചാരങ്ങള്‍ സത്യമായി ഭവിക്കുന്നു.
ഉ: വിചാരം ഉള്ളതാണെങ്കില്‍ അവ സത്യമായിത്തീരും. വിചാരങ്ങള്‍ മാറിക്കൊണ്ടിരുന്നാല്‍ സത്യമാകാനൊന്നുമില്ല. മാത്രമല്ല നിങ്ങള്‍ സ്ഥൂലമാണെങ്കില്‍ ലോകവും സ്ഥൂലമായിരിക്കും. നിങ്ങള്‍ സ്ഥൂലമാണോ എന്നു നോക്കൂ!
ചോ: ഈശ്വരന്റെ ലോകത്തിനു ഞാനെങ്ങനെ ഉപകാരിയാകാനൊക്കും?
ഉ: ‘ഞാന്‍’ എന്നത് ദൈവത്തിന് അനുയോജ്യമാണോ എന്നു നോക്കൂ’. സ്വയം സഹായിക്കാന്‍ കഴിവില്ലാത്തവനായി ഈശ്വരന്റെ അംശമാത്രമായ നിങ്ങള്‍ ലോകത്തെ സഹായിക്കാനുള്ള ശക്തിക്കുവേണ്ടി ഈശ്വരനെ പ്രാര്‍ത്ഥിക്കുകയാണ്. സൂക്ഷ്മമായി ചിന്തിച്ചാല്‍ ഈശ്വരനിയതി ലോകത്തെ ശരിയായി നടത്തുന്നുവെന്നറിയാം. ഉറക്കത്തില്‍ നാമെവിടെ ഇരിക്കുന്നു. എവിടെ നിന്നും വീണ്ടും ഉണരുന്നു?
ചോ: എന്റെ കര്‍മ്മങ്ങളും ചിന്തകളും എന്നെ ചൂണ്ടിവിടുന്നു.
ഉ: ചിന്തയും പ്രവൃത്തിയും ഒന്നാണ്.
ചോ: സൂക്ഷ്മ ലോകത്തെയും ദേവന്മാരെയും കാണാന്‍ മാര്‍ഗ്ഗമുണ്ടോ?
ഉ: നോക്കുന്നവന്റെ നിലയൊപ്പിച്ചിരിക്കും കാണപ്പെട്ടതും.
ചോ: ഒരേ കാഴ്ചയെത്തന്നെ പലരും കാണുന്നുണ്ടല്ലോ?
ഉ: എല്ലാരിലുമുള്ള ‘കാണുന്നവന്‍’ ഒരാളായിരിക്കുന്നതിനാല്‍ പ്രപഞ്ചത്തിനു നാനാത്വമിരുന്നാലും എല്ലാവരും നാനാത്വത്തെയും കാണുന്നു. നിദ്രയില്‍ നാനാത്വത്തെ കാണുന്നുണ്ടോ?
ചോ: വളരെ മുന്‍പ് മരിച്ചു പോയ എബ്രഹാം ലിങ്കനെ ഇപ്പോള്‍ കാണുന്നുണ്ട്.
ഉ: അനുഭവം സത്യമായിരിക്കാം. അത്, കാണുന്നവനനുസരണമായി കാഴ്ചയുമായിരിക്കും.