ഫെബ്രുവരി 24, 1936
ചോ: ഒരു ഖനി ജോലിക്കാരന് യുദ്ധത്തില്‍ മരിച്ചു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം എടുത്ത ഒരു സംഘം ഫോട്ടോവില്‍ ഇയാളുടെ ചിത്രവും പതിഞ്ഞിരുന്നു. അതെങ്ങനെ?
ഉ: പക്ഷെ വിചാരം സ്വരൂപമായിത്തീര്‍ന്നിരിക്കാം. വിചാരിക്കുന്നവന്റെ ആദിയെ നോക്കുക.
ചോ: അതെങ്ങനെ കാണാന്‍?
ഉ: വിചാരത്തിന്റെ ആദി ബാഹ്യമാണെങ്കില്‍ പറയാനൊക്കും. അവനവന്റെ ഉള്ളിലുള്ളതിനെ സ്വയം നോക്കിക്കാണുകയല്ലേ വേണ്ടത്. അങ്ങനെ നോക്കുന്ന പക്ഷം അവിടെ ആത്മസ്വരൂപം എപ്പോഴും പ്രകാശം കൊണ്ടിരിക്കുകയാണെന്നു കാണാം. മുന്‍പിനാലേ ഇല്ലാത്തതിനെ പുതിയതായന്വേഷിക്കാം. ആത്മസ്വരൂപപ്രകാശം നമ്മിലെപ്പോഴുമുണ്ട്.
ചോ: ശരി, ശരി, എന്നെ ഞാനുണരുന്നു.
ഉ: അങ്ങനെയാണെങ്കില്‍ ഉണരുന്ന ഞാനെന്നും ഉണര്‍ത്തപ്പെടുന്ന ഞാനെന്നും രണ്ടു ഞാന്‍ ഉണ്ടായിരിക്കേണ്ടേ?
ചോ: ഞാന്‍ പറഞ്ഞതാമട്ടിലല്ല.
ഉ: ഉണര്ന്നെന്നോ ഉണര്ന്നില്ലെന്നോ വിചാരിക്കുന്നതാര്?
ചോ: ഒരേ ആത്മാവുതന്നെ സ്ഥിതി ചെയ്യുന്നു.
ഉ: ഉണര്ന്നെന്നതിനും ഉണര്ന്നില്ലെന്നതിനും ദ്വൈതം ഉണ്ടാകാതിരിക്കണം. അനാത്മാവിനെ താനെന്നു കരുതുന്നതിനെ വിട്ടാല്‍ ഒരേ ആത്മാവ് താനേ താനായി പ്രകാശിക്കുന്നത് കാണാം.
ചോ: ഇതറിവിന്റെ ഉച്ചകോടിയാണെന്നു വിചാരിക്കുന്നു.
ഉ: സത്യത്തിനേറ്റക്കുറച്ചിലൊന്നുമില്ല.
ചോ: എങ്കില്‍ ആ അനുഭവം ഉടനെ ഉണ്ടാകേണ്ടേ?
ഉ: ആ അനുഭവം തന്നെ നാം. നാമേ നാമായ അനുഭവമാണ് എല്ലാത്തിനെയും പ്രകാശിപ്പിക്കുന്നത്.
ചോ: ഭഗവാന്റെ ഉപദേശത്തിനും മറ്റാചാര്യന്മാരുടെ ഉപദേശത്തിനും ഭേദമുണ്ടോ?
ഉ: സത്യമാര്‍ഗ്ഗം ഒന്ന്. അനുഭവവും ഒന്നു തന്നെ.
ചോ: എന്നാല്‍ മനുഷ്യര്‍ പല മാര്‍ഗ്ഗങ്ങളില്‍ ചരിക്കുന്നതെങ്ങനെ?
ഉ: അത് മനസ്സിന്റെ ഭേദത്താലാണ്.