ഫെബ്രുവരി 24, 1936
ചോ: പുനര്‍ജന്മം ഉണ്ടോ?
ഉ: ഇപ്പോള്‍ നാം ജനിച്ചിട്ടുണ്ടെങ്കില്‍ പുനര്‍ജന്മവുമുണ്ട്. ജനനമറ്റ ആത്മാവാണ് താനെങ്കില്‍ ജനിമൃതി വ്യവഹാരമേ ഇല്ല.
വേറൊരു ചോദ്യത്തിനിപ്രകാരം ഉത്തരം പറഞ്ഞു:
എല്ലാ പിണികള്‍ക്കും മൂലകാരണം അഹന്തയാണ്. അതൊഴിഞ്ഞാല്‍ അരോഗിയായി ദീര്‍ഘജീവിതം ഉണ്ടാകും.
ചോ: എല്ലാരും സന്യസിച്ചാല്‍ ലോകം എങ്ങനെ നടക്കും?
ഉ: ആദ്യം അഹന്തയെ ത്യജിക്കുക. എന്നിട്ട് ലോകത്തെ നോക്കുക. സാക്ഷാല്‍ക്കാരത്തില്‍ കൂടിയുള്ള സഹായം മനസ്സാ, വാചാ, കര്‍മ്മണാ ചെയ്യുന്ന എല്ലാ സഹായങ്ങളെക്കാളും വലുതാണ്. സ്വന്തം സാക്ഷാല്‍കാരത്തെയറിഞ്ഞാല്‍ യതീശ്വരന്മാരുടെയും മഹര്‍ഷികളുടെയും നിലയെന്താണെന്നറിയാം. ഗുരുവൊന്നേയുള്ളൂ. ആത്മാവ് മാത്രം.
ചോ: മൗനം അരുളും മുഖ്യവുമാണെന്നു പറയുന്നതെന്ത്?
ഉ: മൗനം നിരന്തരമായ സത്യപ്രവചനമാണ്. അരുള്‍ അചഞ്ചലമായ നിര്‍വ്വിഷയത്വവും.
ചോ: അമേരിക്കയിലേയും ഇന്‍ഡ്യയിലേയും പ്രതിഭാശാലികള്‍ തമ്മിലുള്ള ബന്ധം രണ്ട് രാജ്യത്തിനും ഗുണം ചെയ്യുമല്ലോ?
ഉ: എല്ലാ നാടുകളെയും ഒത്തൊരുമിപ്പിക്കുന്ന മഹാശക്തി ഒന്നുണ്ട്. അതിന്റെ ശക്തിയാല്‍ എല്ലാ ഗുണവും കിട്ടും. ഇതുകളെല്ലാം വിചാരിക്കുന്നത് തന്റെ സത്യത്തെ മറക്കുന്നതിനാലാണ്. നാം നമ്മുടെ സത്യനിലയില്‍ നിന്നാല്‍ അമേരിക്കയും ഇന്‍ഡ്യയും നമുക്കൊന്നു തന്നെയെന്നറിയും.
ചോ: ഈശ്വരശക്തിയുടെ പ്രകൃതമെന്താണ്?
ഉ: ഇരുമ്പിനെ കാന്തമെന്നതുപോലെ എല്ലാവരെയും ആകര്‍ഷിക്കുന്ന ആ ശക്തി എല്ലാവരിലും ഉണ്ട്. ആ ശക്തിമയമായ ശ്രീരാമകൃഷ്ണ പരമഹംസന്‍ വിവേകാനന്ദനിലും ഇരുന്നു. അവര്‍ രണ്ട് ശരീരങ്ങളല്ല. തനിക്കുള്ളില്‍ പരമഹംസനില്ലാതിരുന്നുവെങ്കില്‍ വിവേകാനാന്ദനു സമാധി ഉണ്ടാകുമായിരുന്നില്ല.
ചോ: തേള്‍ കടിക്കുമ്പോള്‍ വേദനിക്കുന്നു. അതിനെ തോന്നലാണെന്നു പറയാമോ?
ഉ: പ്രപഞ്ചത്തോന്നലിന്റെ മൂലകാരണത്തെ അറിയണം.
ചോ: ശരീരാദി പ്രപഞ്ചങ്ങള്‍ സമഷ്ടി മനസ്സിന്റെ വ്യാപാരങ്ങളാണല്ലോ?
ഉ: സമഷ്ടിമനസ്സിനെപ്പറ്റി നാമെന്തു കണ്ടു. നാമാരാണെന്നാദ്യം പഠിക്കാം.
ചോ: വിഷം ഭുജിക്കുന്നതും, തീയില്‍ നടക്കുന്നതും മറ്റും ഏതോ ശക്തിയുടെ സഹായം കൊണ്ടല്ലേ?
ഉ: ഇവയെല്ലാം സ്ഥൂല കാര്യങ്ങളാണ്. സ്ഥൂലശരീരം നാമല്ലെന്നു വന്നാല്‍ ഇതിനെപ്പറ്റി ചിന്തിക്കുന്നതെന്തിന്? ഒരിക്കലും ഒന്നിനാലും ബാധിക്കപ്പെടാത്തതും അരൂപവുമായ നമ്മുടെ നിജസ്വരൂപത്തെ നാം ഉണരേണ്ടതാണ്.
ചോ: ഈശ്വരന്‍ കരുണാസാഗരമെന്നു പറയുന്നതെന്ത്?
ഉ: കരുണ, ആത്മാനുഭൂതി, ചിത്ത്, ശുദ്ധസത്വം എന്നിവയെല്ലാം പരമസത്യത്തെ കുറിക്കുന്നവയാണ്.
ചോ: ഈ ഉപദേശമൊഴികള്‍ കേള്‍ക്കുന്തോറും ആനന്ദപ്രദമായിരിക്കുന്നു.