ഫെബ്രുവരി 24, 1936
സുബ്ബറാവു: വിശിഷ്ടാദ്വൈതമെന്താണ്?
ഉ: അദ്വൈതം വിശിഷ്ടാദ്വൈതം എല്ലാം ഒന്നു തന്നെ.
ചോ: വിശിഷ്ടാദ്വൈതികള്‍ മായയെ സമ്മതിക്കുന്നില്ലല്ലോ?
ഉ: നാം എല്ലാം ബ്രഹ്മമെന്നു പറയുന്നു. അവര്‍ ബ്രഹ്മം എല്ലാത്തിലും അതത് വിശേഷങ്ങളോടു കൂടിയിരിക്കുന്നുവെന്നു പറയുന്നു.
ചോ: അവര്‍, ലോകം സത്യമാണെന്നു പറയുന്നില്ലല്ലോ?
ഉ: നമ്മളും അങ്ങനെ തന്നെ പറയുന്നു. പ്രപഞ്ചത്തോന്നലിന്റെ അടിസ്ഥാന തത്ത്വത്തെക്കണ്ടാല്‍ ലോകം സത്യമയമെന്നു തന്നെ ശ്രീ ശങ്കരനും പറയുന്നു. ഒരാള്‍ മായയെന്നു പറയുന്നതിനെ വേറൊരാള്‍ മായുന്നത് എന്നു പറയുന്നു. ഒടുവില്‍ എല്ലാം ഒന്നു തന്നെ.
ചോ: ഡോക്ടര്‍ ഹാന്‍ഡ്: ഭഗവാനേ! ഞങ്ങള്‍ ചീത്തയാളുകളാണെന്നു വിചാരിക്കരുത്.
ഉ: നിങ്ങള്‍ അങ്ങനെയാണെന്നു പറഞ്ഞാലും ഞാന്‍ വിശ്വസിക്കുകയില്ല. നിങ്ങളും നിങ്ങളെ ചെറുതായി കാണരുത്.
എല്ലാവരും ചിരിച്ചുകൊണ്ട് വെളിയില്‍ പോയി. ഭഗവാന്‍ ക്ഷണനേരം കഴിഞ്ഞു പറഞ്ഞു. ” അവരിനി ഒരു ദിവസം കൂടി ഇവിടെ ഇരുന്നാല്‍ എല്ലാവരും മൗനികളായിപ്പോകും”
165. സുബ്ബറാവു: സമാധി ലഭിക്കാന്‍ ബുദ്ധിമുട്ടാണോ?
ഉ: അതിപ്പോഴില്ലേ?
ചോ: അതെപ്പോഴുമുള്ളതാണോ?
ഉ: അല്ലെങ്കിലത് സത്യമാകുന്നതെങ്ങനെ?
ചോ: മേല്‍?
ഉ: മേലുമില്ല, കീഴുമില്ല.
ഉ: അങ്ങനെയാണ് തോന്നുന്നത്
ഉ: ആര്‍ക്ക്?
ചോ: മനസ്സിന്.
ഉ: മനസ്സെന്താണ്? ഞാനാരാണ്?
(ചോദ്യമില്ല)