ഫെബ്രുവരി 25, 1936
166. ദൈവശക്തികൊണ്ട് വാര്‍ദ്ധക്യത്തെയും, രോഗത്തെയും ഒഴിവാക്കാമോ എന്നൊരാള്‍ ചോദിച്ചു.
ഉ: അത്രയും മാത്രമെന്തിന്? ശരീരത്തെയും ഒഴിവാക്കാമല്ലോ?
ചോ: ഈശ്വരശക്തി എങ്ങനെ ഏര്‍പ്പെടും?
ഉ: അതെപ്പോഴുമുണ്ട്. അതിനെ അകത്തൊതുക്കേണ്ട കാര്യമില്ല. വെളിയിലിരിക്കുന്നുവെങ്കിലല്ലേ അകത്തൊതുക്കേണ്ടിയുള്ളൂ. അത് നിങ്ങള്‍ തന്നെയാണ്.
ചോ: അതിനു ബാഹ്യ നിയമങ്ങള്‍ ആവശ്യമാണോ?
ഉ: ഇതെല്ലാം ചിത്തഭ്രമങ്ങളാണ്.
167. ഒരാള്‍ മനസ്സിനെ അടക്കാന്‍ കഴിയാത്തതിനെപ്പറ്റി പരാതിപ്പെട്ടു.
ഉ: മനസ്സിപ്പോഴും എപ്പോഴും ഒന്നല്ലേ? പലതിനെ കാണുന്നുവെന്നത് അതിന്റെ സങ്കല്‍പമാണ്. എപ്പോഴും ഉള്ളതിനെ അടക്കുകയും വേണ്ട. അതുകൊണ്ട് വിഷാദമെന്തിന്?
168. ആത്മജ്ഞാനിക്ക് ആഹാരമാവശ്യമില്ലല്ലോ?
ഉ: അവനവന്റെ നിലയൊപ്പിച്ചിരിക്കും അവനവന്റെ മനസ്സും.
169. മനസ്സിനെ വശപ്പെടുത്തുന്നതെങ്ങനെ?
ഉ: മനസ്സിനെ പിടിച്ചു നിറുത്തണം.
ചോ: എങ്ങനെ?
ഉ: മനസ്സ് സത്തയറ്റതും വിചാരങ്ങളുടെ കേദാരവുമാണ്.
ചോ: കാമവികാരത്തെ ഒഴിവാക്കുന്നതെങ്ങനെ?
ഉ: താന്‍ ദേഹമാണെന്നു കരുതാതെയിരുന്നാല്‍ അതോടുകൂടി ദുര്‍വ്വാസനകള്‍ ഒഴിയും. രൂപമില്ലാത്ത ആത്മാവില്‍ ആണ്‍ പെണ്‍ ഭേദങ്ങളൊ ഗുണങ്ങളോ ഇല്ല.
ചോ: ഒരു യോഗിക്ക് തന്റെ മുന്‍ജന്മങ്ങളെപ്പറ്റി അറിവുണ്ടായിരിക്കുമോ?
ഉ: നിങ്ങള്‍ ഈ ജന്മത്തെ അറിയുന്നുണ്ടോ? ഈ ജന്മത്താര്‍ജ്ജിച്ച അജ്ഞാനം പോലും നമുക്കു താങ്ങാനൊക്കുകയില്ല. ഈ ഭാരത്തിന്റെ പുറത്ത് പഴയ ജന്മങ്ങളെക്കൂടി കയറ്റി വച്ച് കൂടുതല്‍ ദുഃഖത്തെ ക്ഷണിച്ചു വരുത്തേണ്ട.
ചോ: ഉപവാസം സാക്ഷാല്‍ക്കാരത്തിനു സഹായകമായിരിക്കുമോ?
ഉ: അത് താല്‍ക്കാലികം മാത്രം. മനസ്സിന്റെ ഉപവാസമാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. ഉപവാസത്തോടൊത്ത് ആത്മീയാഭിവൃദ്ധിയും വേണം. കഠിനോപവാസം ധ്യാനത്തിനാവശ്യമായ ബലത്തെ ഇല്ലാതാക്കും. മിതാഹാരത്തോടുകൂടിയുള്ള ആത്മധ്യാനമാണ് നല്ലത്.
171. ഇനിയൊരു ചോദ്യത്തിനു ഭഗവാന്‍ ഇങ്ങനെ ഉത്തരം പറഞ്ഞു:
ഉ: ഹൃദയത്തോട് ഹൃദയം സംസാരിക്കണം. ഹൃദയത്തോട് ഹൃദയം കേള്‍ക്കണം. അതാണ് നല്ല ഉപദേശം.
ചോ: ഗുരൂപദേശം ആവശ്യമല്ലേ?
ഉ: നിങ്ങള്‍ ഗുരുവിനെ വിട്ടിരിക്കുകയല്ല.
ഉ: ചോ: ഗുരുവിന്റെ സാമീപ്യം നല്ലതല്ലേ?
ഉ: ബാഹ്യ സാമീപ്യത്തെയാണോ നിങ്ങളൂദ്ദേശിക്കുന്നത്? അതുകൊണ്ടെന്തു ഫലം? മനസ്സ് ആത്മസ്വരൂപിയായ ഗുരുവിനെ വിട്ടിരിക്കാന്‍ പാടില്ല.