മാര്‍ച്ച് 3, 1936.
175. ശ്രീ എന്‍. സുബ്ബറാവു ചോദിച്ചു: ആത്മസാക്ഷാല്‍ക്കാരം ബ്രഹ്മസാക്ഷാല്‍ക്കാരത്തിന്റെ മുന്നോടിയാണെന്നു വിശിഷ്ടാദ്വൈതികള്‍ പറയുന്നു. ഇതു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതായിരിക്കുന്നു.
ഉ: ആത്മസാക്ഷാല്‍ക്കാരം എന്നു പറഞ്ഞാലെന്താണ്? ഒരാത്മാവ് വേറൊരാത്മാവിനെ സാക്ഷാല്‍ക്കരിക്കത്തക്കവണ്ണം രണ്ടാത്മാക്കളുണ്ടോ? ആദ്യം ആത്മാവിനെ സാക്ഷാല്‍ക്കരിക്കൂ. തുടര്‍ന്നെന്തുണ്ടെന്നു പിന്നെ നിശ്ചയിക്കാം.
ചോ: എല്ലാ ഉയിരുകളുടെയും ഉള്ളിലുള്ള (ഒരേ) ആത്മാവു താനാണെന്നു ഭഗവാന്‍ ഗീതയില്‍ പറയുന്നു. അതെന്താണ്?
ഉ: അഹന്ത നശിക്കേണ്ടതാണെന്നാരും സമ്മതിക്കുന്നു. നാം സുസമ്മതമായ സ്ഥാനത്ത് നില്‍ക്കാം. ‘നാനാത്വ’ത്തെ പറ്റി മറ്റു ദ്വൈതികളും പറയുന്നു. ആ ആത്മാവിനെ അറിയൂ. പിന്നെന്തു വേണമെന്നപ്പോള്‍ നോക്കാം.