മാര്‍ച്ച് 10, 1936
177. ‘മഹത്തത്വ’മെന്നതെന്താണ്?
ഉ: ശുദ്ധചിത്തിന്റെ ആഭാസപ്രകാശമാണ്. മുളയ്ക്കുന്നതിനു മുമ്പു വിത്ത് കുതിര്‍ക്കുമ്പോലെ ശുദ്ധചിത്തില്‍ നിന്നും ആഭാസപ്രകാശവും അതില്‍ നിന്നും അഹന്തയും ജനിച്ച് ശരീരപ്രപഞ്ചങ്ങള്‍ വിഷയപ്പെടുന്നു. ഉപാധിയറ്റ ശുദ്ധചിത്തില്‍നിന്നും മഹത്തത്വവും അതില്‍ നിന്നും അഹന്തയും അതില്‍ നിന്നും മനസ്സും വെളിപ്പെടുന്നു. ‘ഞാന്‍’ ‘ഇത്’ എന്നിത്യാദി പറയപ്പെടുന്ന ദൃക്-ദൃശ്യരൂപങ്ങളോടെ മനസ്സും ജനിക്കുന്നു.
ചിത്ത് – ശുദ്ധം
മഹത്ത് – ചിത്തിന്റെ വിജൃംഭണം (വിത്തു കുതിര്‍ന്നത്)
അഹങ്കാരം – ‘ഞാന്‍’ എന്ന തോന്നല്‍
മനസ്സ് – കല്‍പന
അഹം – ഇദം
ലോകം – ശരീരം
ചാഡ്വിക്: സമഷ്ടി മനസ്സെന്നത് മഹത്തത്വമാണോ?
ഉ: അതെ, അഹന്തയും ലോകവും ഉണ്ടാകുന്നതിനു മുന്‍പുള്ള അവസ്ഥയാണത്. അതിനുള്ളില്‍ ദൃക്-ദൃശ്യങ്ങള്‍ അടങ്ങിയിരിക്കും. സിനിമാ സ്ക്രീനില്‍ കാണുന്ന രൂപങ്ങളെല്ലാം മുമ്പിനാലേ തന്നെ അതിന്റെ മീതെ പരത്തിയ പ്രകാശത്തില്‍ എത്രത്തോളം തെളിഞ്ഞു കാണുന്നുവോ അതുപോലെ ശരീരാദി പ്രപഞ്ചങ്ങള്‍ ‘മഹത്’ എന്നു പറയുന്ന ആഭാസപ്രകാശത്തില്‍ തെളിഞ്ഞു കാണപ്പെടുകയാണ്. അതാണ് സമഷ്ടിമനസ്സെന്നു പറയപ്പെടുന്നത്.
ശരീരവും ജഗത്തും മനസ്സില്‍ അടങ്ങിയിരിക്കുന്നു. ആഭാസപ്രകാശമേറ്റ മനസ്സില്‍തന്നെ ശരീരവും ലോകവും നിഴലിക്കുന്നു. മനസ്സില്‍ മൂടിക്കിടക്കുന്ന സൂക്ഷ്മസംസ്കാരങ്ങളാണ് ആഭാസപ്രകാശമേറ്റ് ശരീര പ്രപഞ്ചങ്ങളായി വിളങ്ങുന്നത്. അഹംകാര മനസ്സ് ഉപാധികളെ താനാണെന്നഭിമാനിക്കുന്നതുകൊണ്ട് ലോകം തനിക്കന്യമായി കാണപ്പെടുന്നു.
ശയ്യയില്‍ കണ്ണുമൂടി കിടക്കുന്നു. ലണ്ടന്‍ പട്ടണം കാണപ്പെടുന്നു. അവിടെ ജനതയ്ക്കിടയില്‍ നമ്മളും ഇരിക്കുന്നു. അപ്പോള്‍ നാം സങ്കല്‍പരൂപത്തോടുകൂടി വ്യവഹരിക്കുന്നു. അതെല്ലാം സങ്കല്‍പദൃശ്യങ്ങളല്ലേ? ചിത്തം വളരെ ചെറുതാണെങ്കിലും ഇത്രയും ദേശകാല വികാസങ്ങള്‍ അതിനുള്ളില്‍ ഒതുങ്ങി ഇരിക്കുന്നത് വിചിത്രമല്ലേ? അളവില്‍ ചെറിയ സിനിമാസ്ക്രീനില്‍ ലോകമെല്ലാം കാണപ്പെടുന്നു. ആവിധം തന്നെ കാണുന്നവന്‍ കാഴ്ച എന്നീ വലിപ്പങ്ങളെല്ലാം ഒരു ചെറിയ മനസ്സിലാണടങ്ങിയിരിക്കുന്നത്.
ചോ: സമഷ്ടിമനസ്സിന്റെ അനുഭവം ആത്മസാക്ഷാല്‍ക്കാരമാവുകയില്ലല്ലോ?
ഉ: അഹന്ത മഹത്തത്വത്തെ ദ്യോതിപ്പിക്കുന്നു. മഹത്തത്വം ഈശ്വരന്റെ ഉപാധിയുമാണ്. അഹന്തമനസ്സ് ജീവന്റെ ഉപാധിയാണ്. എന്നാല്‍ ജീവന്‍ തന്റെ മനോപാധിയില്‍ ബന്ധിക്കപ്പെടിരിക്കുന്നതുപോലെ ഈശ്വരന്‍ തന്റെ മഹത്തത്വോപാധിയില്‍ ബന്ധിക്കപ്പെടിരിക്കുന്നില്ല. അവന്‍ പരബ്രഹ്മസ്വരൂപിയായിട്ടിരിക്കുന്നു. പരബ്രഹ്മതത്വത്തില്‍ നിന്നും ഈശ്വരതത്വവും അതില്‍ നിന്നും ജീവജഗത് സങ്കല്‍പവും വെളിപ്പെടുന്നു.
സമഷ്ടിബോധം ഈശ്വരനെയും ബ്രഹ്മത്തെയും സ്പര്‍ശിക്കുന്നു.
178. വിചാര സംഗ്രഹത്തില്‍ പരാമശിക്കുന്ന വിധം ഹൃദയമദ്ധ്യത്തില്‍ ജ്യോതിപോലെ പ്രകാശിക്കുന്ന ആത്മസ്വരൂപമെന്നതെന്താണ്?
ഉ: അവിടത്തെ ജ്യോതി ആഭാസപ്രകാശമാണ്. ഇതിനാദിയായ ആത്മപ്രകാശം ഹൃദയമദ്ധ്യത്തില്‍ പ്രകാശിക്കുന്നു. ‘തസ്യാശിഖായാ മദ്ധ്യേ പരമാത്മാവ്യവസ്ഥിതഃ’ (ആ ജ്യോതി പ്രകാശത്തിന്റെ മദ്ധ്യത്ത് പരമാത്മാവ് വിളങ്ങുന്നു.)