ശ്രീ രമണമഹര്‍ഷി

ജൂണ്‍ 3, 1936.

192. ഒരു സംഭാഷണത്തിനിടയില്‍ ഭഗവാന്‍ ഇപ്രകാരം പ്രസ്താവിച്ചു.

മോക്ഷത്തെ ആരാഗ്രഹിക്കുന്നു? ഇന്ദ്രിയ സുഖഭോഗങ്ങളെയാണ് ആരുമാഗ്രഹിക്കുന്നത്‌. വിഷയസുഖം സ്വതന്ത്രമല്ല. അതു താല്‍ക്കാലികവുമാണ്‌. അതുകൊണ്ട്‌ അറിയാതെയാണെങ്കിലും എല്ലാവരും മോക്ഷസുഖത്തെ ആഗ്രഹിക്കുന്നുണ്ട്‌. അക്കാരണത്താല്‍ അവരെയും ആത്മജ്ഞാനത്തെ അന്വേഷിക്കുന്ന ജിജ്ഞാസുക്കളാണെന്നു കണക്കാക്കാം.

ജ്ഞാനശാസ്ത്രത്തില്‍ പറയുന്ന ലക്ഷണമൊത്ത ഒരാളിനെക്കാണാന്‍ വളരെ പ്രയാസം. എന്നാലും ജ്ഞാനത്തെ തള്ളിക്കളയാനൊക്കുമോ?

എല്ലാവരും ആത്മസ്വരൂപികളാണ്‌. എങ്കിലും ദേഹാത്മബുദ്ധിയാല്‍ അനുഭവം മാറിയിരിക്കുന്നു. സത്യത്തില്‍ ജഡവും മറ്റേതും നാം തന്നെയായാലും ആദ്യം ജഡത്തെ വിട്ടിട്ടു ചിത്തിനെ ഉണരണം. ചിത്തേ നാമായിനിന്നാല്‍, നമുക്കന്യമായ ജഡത്തിനു ഒരു നിലയുമില്ലെന്നറിയാനൊക്കും. ജ്ഞാനാനുഭവം സഹജമായിത്തീരുന്നതുവരെ നിരന്തരമായി മനനം ചെയ്യണം.

193. മതിയും വിധിയും ചേര്‍ന്നിരിക്കുന്നു. മുന്‍ കര്‍മ്മഫലത്തെ വിധിയെന്നു പറയുന്നു. അത്‌ ജഡസംബന്ധിയാണ്‌, ജഡം അതനുസരിച്ചു കഴിഞ്ഞോട്ടെ. നമുക്കെന്ത്‌? ദേഹാത്മബുദ്ധിയുള്ളതുവരെ വിധി,മതികളുമുണ്ടായിരിക്കും. ജനനം ഇതിനപ്പുറത്തുള്ളതാണ്‌. ജ്ഞാനാജ്ഞാനങ്ങള്‍ക്കുമപ്പുറത്തുള്ളതാണ് ആത്മാവ്‌.

194. അമലാപുരം സുബ്ബറാവു മനോനിഗ്രഹത്തെപ്പറ്റി ചോദിച്ചു.

ഉ: മനസ്സിനെ ദൃഢമായി പിടിച്ചുകൊള്ളുക.

ഉ: എങ്ങനെ?

ഉ: മനസ്സെന്നൊന്നില്ല. മനസ്സെന്നു പറയുന്നതെന്തിനെയാണെന്നു ചിന്തിച്ചാല്‍ മതി മനസ്സൊഴിയും.