ശ്രീ രമണമഹര്‍ഷി

ജൂണ്‍ 6, 1936

195. ബനാറീസ്‌ യൂനിവേര്‍സിറ്റിയില്‍ നിന്നും ജാര്‍ക്ക (എം.എ & എം.എസ്‌സി) തനിക്ക്‌ ഭാര്യപുത്രാദികളുടെ വേര്‍പാടാലുള്ള അസഹ്യമായ ദുഃഖത്തെപ്പറ്റി പറഞ്ഞപ്പോള്‍.

ഭ: ജനനമരണങ്ങളും സുഖദുഃഖങ്ങളും ഈ ലോകം പോലും മനസ്സിലേ സ്ഥിതി ചെയ്യുന്നുള്ളൂ. മനസ്സൊഴിഞ്ഞാല്‍ ഇതെല്ലാം ഒഴിയും. നിദ്രയില്‍ മനസ്സു മരവിച്ചിരിക്കുകയാല്‍ ദുഃഖമില്ല ഉണരുമ്പോള്‍ പഴയ മട്ടിലിരിക്കുന്നു. മാറിയിരുന്ന ദുഃഖം വീണ്ടുമുണ്ടാകുന്നു. മനസ്സ്‌ നശിച്ചിടത്ത്‌ അത്യന്തിക ദുഃഖനിവൃത്തി ഫലം.

ചോ: മനസ്സിനെ എങ്ങനെ നശിപ്പിക്കാം?

ഉ: അതിന്റെ സ്വരൂപത്തെപ്പറ്റി ചിന്തിച്ചറിയാന്‍ ശ്രമിച്ചാലതൊഴിയും.

ചോ: മനസ്സിലാകുന്നില്ല.

ഉ: മനസ്സ്‌ ചിന്തയുടെ സംഘാതമാണ്‌. ഈ ചിന്തകന്‍ അഹന്തയാണ്‌. അഹന്തയെ അന്വേഷിച്ചാല്‍ അതോടിമറയും. അഹന്തയും മനസ്സും ഒന്നു തന്നെ ചിന്താകന്ദമാണ് അഹന്ത. അതില്‍നിന്നുമാണ്‌ ചിന്തകളെല്ലാം ഉല്‍ഭവിക്കുന്നത്‌.

ചോ: മനസ്സിനെ എങ്ങനെയാണന്വേഷിക്കുന്നത്‌?

ഉ: ഉള്ളില്‍നിന്നും മനസ്സുണ്ടാകുന്നത്‌ നിങ്ങള്‍ മനസ്സിലാക്കുമല്ലോ. അതില്‍ ആഴ്‌ന്നിറങ്ങി നോക്കുക.

ചോ: അതെങ്ങനെ ചെയ്യാമെന്നെനിക്കിനിയും അറിയാന്‍ പാടില്ല.

ഉ: നിങ്ങള്‍ പ്രാണായാമം അഭ്യസിക്കുന്നല്ലോ. യാന്ത്രികമായ പ്രാണായാമത്താല്‍ ലക്ഷ്യത്തിലെത്തുകയില്ല. അതൊരു പിന്തുണ മാത്രം. അങ്ങനെ ചെയ്യുമ്പോള്‍ മനസ്സിനെ ശ്രദ്ധിക്കുക. ‘ഞാന്‍’ എന്നതിനെ ഓര്‍മ്മിച്ച്‌ അതിന്റെ ആദിയെ കണ്ടുപിടിക്കുക. ശ്വാസം എവിടെയൊടുങ്ങുന്നുവോ അവിടെ ‘ഞാന്‍’ ഉദയമാവുന്നു. ഇവ രണ്ടും ഒന്നിച്ച്‌ പൊങ്ങി, ഒന്നിച്ചു താഴുന്നു. ശ്വാസത്തോട്‌ ചേര്‍ന്ന്‌ ഈ അഹന്തയും താഴും. അതേ അവസരത്തില്‍ മറ്റൊരു തേജോജ്ജ്വലവും അനന്തവുമായ ‘ഞാന്‍’ ദൃശ്യമാവും. ഇതാണ്‌ ലക്ഷ്യം. അത്‌ നിത്യവും അഖണ്ഡവുമായിരിക്കും. ഇതിനു പല പേരുകള്‍ ഉണ്ട്‌. ഈശ്വരന്‍, ആത്മാവ്‌, കുണ്ഡലിനീശക്തി, അറിവ്‌, ബോധം, യോഗം, ഭക്തി, എന്നിവ.

ചോ: നന്നായിട്ടു മനസ്സിലാവുന്നില്ല.

ഉ: നിങ്ങള്‍ ഇതിനു ശ്രമിക്കുമ്പോള്‍ ആ ശ്രമം തന്നെ നിങ്ങളെ ലക്ഷ്യത്തിലെത്തിച്ചുകൊള്ളും.