ജൂണ്‍ 9, 1936
ചോ: മിഥ്യയായ അഹന്തയെ എങ്ങനെ ഒഴിക്കും?
ഉ: അഹന്ത (തല്‍ക്കാലം) അവിടെ ഇരുന്നോട്ടെ. അതിന്റെ ആദിയെന്തെന്നറിഞ്ഞ് താന്‍ അതായി നില്‍ക്കണം. നാമത്രയ്ക്കു ശ്രമിച്ചാല്‍ മതി. അത് സ്വയം പ്രകാശിക്കും.
ചോ: താന്‍, തനിക്കെപ്പൊഴുമുണ്ടെങ്കില്‍ അതെന്തുകൊണ്ട് തനിക്കനുഭവമാകുന്നില്ല?
ഉ: ശരിയാണ്. അനുഭവമാകുന്നില്ല എന്നു പറയുന്നതാരാണ്? സത്യമായ ഞാനോ, അസത്യത്തിലുള്ള ഞാനോ? അത് അഹന്താ- ഞാനാണ്. അതാണ് തടസ്സം. അതിനെ ഒഴിക്കണം. സ്വസ്വരൂപം നിത്യസ്ഥിതമാണ്. അതനുഭവമാകുന്നില്ല എന്നു തോന്നുന്നതേ തെറ്റാണ്. അത് പുത്തനായനുഭവപ്പെടേണ്ടതല്ല. എങ്കിലും ഏതോ തടസ്സത്താല്‍ പ്രത്യക്ഷമല്ല. ആ തടസ്സം അജ്ഞാതമാണ്. അഹംകാരനാണ് അജ്ഞാനം. അതിന്റെ മൂലം എന്തെന്നു തെരക്കിയാല്‍ അതൊഴിയും.
ചോ: അഹന്ത മറയുന്നിടത്ത് ആനന്ദമുണ്ടോ?
ഉ: നിങ്ങളുടെ പ്രകൃതിയേ ആനന്ദമാണ്. സത്ത്, ചിത്ത്, ആനന്ദം – മൂന്നുമൊന്നാണ്. ആ അനന്ദം തന്നെ നാം. നാമതില്‍ത്തന്നെ ഇരുന്നാലും അതറിയുന്നില്ലെന്നു ദുഃഖിക്കുന്നു. ആനന്ദം സ്വതന്ത്രമായിരിക്കാന്‍ ഈ അജ്ഞാനത്തെ ഒഴിക്കുകയാണ് വേണ്ടത്.
ചോ: ഇതിന് ജീവന്‍, ഈശ്വരന്‍, ജഗത്ത് എന്നിവയുടെ യാഥാര്‍ത്ഥ്യത്തെപ്പറ്റി അറിഞ്ഞിരിക്കണ്ടേ?
ഉ: അഹന്ത ഉണ്ടായതിനു ശേഷമാണ് ഇപ്പറഞ്ഞവ ഉണ്ടാവുന്നത്. അഹന്ത ഇല്ലാതിരിക്കുന്ന ഉറക്കത്തില്‍ ഈ മൂന്നും തോന്നുന്നുണ്ടോ? ഇല്ല. ഉറക്കം വിട്ട് അഹന്ത വര്‍ത്തിക്കുമ്പോഴേ ദൃശ്യമാകുന്നുള്ളൂ. ലോകം ‘ഞാ’നിരിക്കുന്നുവെന്നു പറയുന്നില്ല. നിങ്ങളാണ് ലോകം ഇരിക്കുന്നു എന്നു പറയുന്നത്. നിങ്ങളെ അപേക്ഷിച്ചേ ശരീരവും പ്രപഞ്ചവും നിലനില്‍ക്കുന്നുള്ളൂ. അതിനാല്‍ നിങ്ങളറിയേണ്ടത് നിങ്ങളാരെന്നാണ്. അതറിഞ്ഞാല്‍ നിങ്ങളെ അപേക്ഷിച്ചുള്ള എല്ലാത്തിനെയും അറിഞ്ഞതാകും.
ആത്മജ്ഞാനിക്ക് ശരീരമോ ഈ ലോകം പോലുമോ അന്യമല്ല.
ചോ: എല്ലാം സച്ചിദാനന്ദമയമാണെങ്കില്‍ നമ്മെ എന്തിനാണീ ഭേദങ്ങളില്‍ പൂഴ്ത്തിവച്ച് കഷ്ടപ്പെടുത്തുന്നത്?
ഉ: നമുക്ക് ദുഃഖത്തെ തരുന്നുവെന്ന് ഈശ്വരന്‍ പറയുന്നില്ല. അതു പറയുന്നത് നമ്മളാണ്. ഇതാണ് അഹന്തയുടെ കളി. അതു നശിച്ചാല്‍ പിന്നെ നാം ഈശ്വരനെ കുറ്റം പറയുകയില്ല. ‘ഞാനുണ്ട്’ എന്നതിനെപ്പറ്റി സംശയം വന്നെങ്കിലല്ലേ ‘ഞാനുണ്ട്’ എന്നു പറയേണ്ടിവരുന്നുള്ളൂ. ‘ഞാന്‍ മനുഷ്യന്‍, ഞാന്‍ മനുഷ്യന്‍’ എന്നാരും പറയുന്നില്ല. സംശയമുള്ളിടത്ത് ഞാന്‍ മൃഗമല്ല മനുഷ്യനാണ് എന്നു പറയേണ്ടിവരും. ‘ഞാനുണ്ട്’ എന്നാരും പറഞ്ഞു പോരാത്തതിനാല്‍ തന്റെ ഉണ്മ (ഉള്ള അവസ്ഥ) യാഥാര്‍ത്ഥ്യമായിത്തീരുന്നു.