ജൂണ്‍ 10, 1936.
198. ദര്‍ശനത്തിനു വന്നിരുന്ന സ്ത്രീകളില്‍ ചിലര്‍, മനുഷ്യന്‍ മൃഗമായി ജനിക്കുമോ എന്നു ചോദിച്ചു.
ഉ: ആഹാ, അങ്ങനെയും വരും. ജഡഭരതന്‍ മാനായിട്ടു ജനിച്ചതതിനുദാഹരണമാണ്.
ഈശ്വരനും ഗുരുവും ആത്മാവ് തന്നെയാണ്. ലോകത്ത് ദുഃഖത്തെക്കണ്ടിട്ട് അതില്‍നിന്നും മോചനത്തിനു ജീവന്‍ ഈശ്വരനോടപേക്ഷിക്കുന്നു. ഈശ്വരഭജനത്താല്‍ ഹൃദയം പരിശുദ്ധമാവുന്നു. അപ്പോള്‍ ഈശ്വരന്‍ ഗുരുരൂപത്തില്‍ അവനു സത്യത്തെ ബോധിപ്പിക്കുന്നു. അതോടുകൂടി അവനു അന്തര്‍ദ്ദൃഷ്ടിയുണ്ടായി ശാന്തിയടയുന്നു. ഇതാണ് ഈശ്വരകാരുണ്യം.
199. ആത്മാവ് നിത്യസിദ്ധമാണെന്നിരുന്നാലും ഞങ്ങള്‍ക്കതനുഭവമാകുന്നില്ല. എന്തുചെയ്യാം.
ഉ: ബോധം ഒന്നേയുള്ളൂ. അതിനെത്തന്നെ ജീവബോധമെന്നും ആത്മബോധമെന്നും മാറ്റി മാറ്റി പറയുന്നത്. ഇവയെല്ലാം അഖണ്ഡബോധത്തെ സ്പര്‍ശിച്ചുള്ളവയാണ്. ബോധത്തെ വിട്ടാല്‍ ദേശ, കാലങ്ങള്‍ക്കിരിപ്പില്ല. അവ ജാഗ്രത്തില്‍ മാത്രം നിലനില്‍ക്കുന്നവയുമാണ്. സകല ദൃശ്യങ്ങളും ബോധമാകുന്ന സ്ക്രീനില്‍ തോന്നിമറയുന്നവയത്രെ. ഗോചരമോ, അഗോചരമോ ആകാതെ സര്‍വ്വ സങ്കല്‍പങ്ങള്‍ക്കും അടിസ്ഥാനമായി നില്‍ക്കുന്ന ബോധമാണ് നാം.
ചോ: ഇത്രയും വിഷയങ്ങളെവിടെ നിന്നുമുദിക്കുന്നു?
ഉ: നാമെവിടെന്നുമുണ്ടാകുന്നുവോ അവിടെന്നിന്നുതന്നെ അവയും. വിഷയത്തെപ്പറ്റി അറിയുന്നതിനു മുന്‍പ് അവയെ അറിയുന്നവനെപ്പറ്റി അറിയേണ്ടതാണ്!
ചോ: അറിയുന്നവന്‍ സമഷ്ടിയുടെ ഒരംശം മാത്രമല്ലേ?
ഉ: അങ്ങനെയല്ല. അറിയപ്പെടുന്നവയെയെല്ലാം അറിയുന്നവനില്‍ അടങ്ങും. അതുകൊണ്ട് അവനെ വേണമറിയാന്‍. നമുക്കുള്ളിലില്ലാത്ത ഒന്നിനെയും വെളിയിലും കാണാനൊക്കുകയില്ല.
ചോ: സമാധി എന്നതെന്താണ്?
ഉ: നമ്മുടെ യഥാര്‍ത്ഥ സ്ഥിതി തന്നെ സമാധി.
ചോ: അങ്ങനെയാണെങ്കില്‍ സമാധിക്കു പരിശ്രമിക്കുന്നതെന്തിന്?
ഉ: ശ്രമിക്കുന്നതാര്?
ചോ: അറിയാന്‍ പാടില്ല.
ഉ: അറിയാന്‍ പാടില്ലെന്നറിയുന്നതുകൊണ്ട് അതറിയാത്തതാവുകയില്ല. എന്നെ, ഞാനറിയുന്നില്ല, അല്ലെങ്കില്‍ എന്നെ ഞാനറിയുന്നു എന്നു പറയുമ്പോള്‍ രണ്ട് ‘ഞാ’നുണ്ടെന്നു വരുന്നു. ബോധം ആ മട്ടില്‍ വ്യത്യാസപ്പെടുകയില്ല. അതൊന്നേയൊന്നാണെന്നു സര്‍വ്വ വേദാന്ത സിദ്ധാന്തങ്ങളും ഘോഷിക്കുന്നു. താന്‍ ഒരുവനാണ്. ഒരിക്കലും രണ്ടാകുന്നില്ല. ഉറങ്ങിയവന്‍ തന്നെ ഉണര്‍ന്നിരിക്കുന്നവനും. അതിനെ മറന്നിട്ട് ഉണര്‍ന്നിരിക്കുന്ന ഞാന്‍ മാത്രമാണ് ഞാന്‍ എന്ന വിപരീത ദൃഷ്ടിയാലാണ് ഭേദമെല്ലാമുണ്ടാകുന്നത്. കാണുന്നവന്‍ വേറെ, കാണപ്പെടുന്നവന്‍ വേറെ, എന്നു കരുതി കുഴങ്ങുന്നു.
ചോ: അജ്ഞാനം എവിടെ നിന്നും വന്നു?
ഉ: അജ്ഞാനം എന്നൊന്നില്ലേ ഇല്ല. അതുദിക്കുന്നുമില്ല. എല്ലാവരും ഒരേ ജ്ഞാനത്തില്‍ തന്നെ ഇരിക്കുന്നു. പക്ഷേ ശരിയായിട്ടു പ്രകാശിക്കുന്നില്ല എന്നു മാത്രം. ഈ അപ്രകാശത്വത്തെ ഒഴിച്ചാല്‍ അതിനെത്തന്നെ വിജ്ഞാനമെന്നു പറയും. കഴുത്തിലണിഞ്ഞിരിക്കുന്ന ആഭരണത്തെ സംഗതിവശാല്‍ കണ്ടില്ല, എന്നന്വേഷിക്കുന്നതും പിന്നീട് കണ്ടുകിട്ടി എന്നു പറയുന്നതും പോലെയാണ് നമ്മെ നാമറിയുന്നില്ല എന്നു തോന്നുന്നതും പിന്നീടറിഞ്ഞു എന്നു തോന്നുന്നതും.
ചോ: ബഹിര്‍മുഖത്വത്തെ വിട്ടിട്ട് അന്തര്‍മുഖമായിട്ടിരിക്കണമല്ലേ?
ഉ: ഇത് രണ്ടും എവിടെ ഇരിക്കുന്നു? ഉറങ്ങുമ്പോള്‍ ഈ വ്യത്യാസങ്ങള്‍ തോന്നുന്നുണ്ടോ? ഉണര്‍ന്നശേഷം ദേഹത്തോടുചേര്‍ന്നു നില്‍ക്കുമ്പോഴല്ലേ അകം പുറ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത്. അതിനാല്‍ ജാഗ്രത്തെന്ന അവസ്ഥ സത്യത്തെ മറയ്ക്കുന്ന ഒരു വിപരീതജ്ഞാനത്തെ ഉളവാക്കുന്നു. ഈ വിപരീത ജ്ഞാനത്തിനിട കൊടുക്കാതിരുന്നാല്‍ എല്ലാം ബ്രഹ്മമയമാണെന്നറിയാം.