ശ്രീ രമണമഹര്‍ഷി

ജൂണ്‍ 10, 1936.

200. ‘രഹസ്യ ഇന്‍ഡ്യ’ (Secret India) ഒടുവിലത്തെ അദ്ധ്യായത്തില്‍ ഭഗവല്‍സന്നിധിയില്‍ പോള്‍ ബ്രണ്ടനനുഭവപ്പെട്ട ജ്യോതിയെപ്പറ്റി മി. കോഹന്‍ ചോദിച്ചു.

ഉ: ആ അനുഭവം മനസ്സിന്റേതായിരുന്നതിനാല്‍ അത്‌ ജ്യോതിസ്സല്ല, ജ്യോതിര്‍മയമായിരുന്നു. മനസ്സിന്റെ മുന്‍ഭാവനകള്‍ നശിക്കാതിരിക്കുന്നുവെന്നേ അതിനെപ്പറ്റി പറയാനുള്ളൂ. എന്നാലും ഈ അനുഭവത്തില്‍ മനസ്സിന്റെ ആത്മാകാരം വെളിപ്പെടുന്നുണ്ട്‌.

നിര്‍വ്വികല്പസമാധിയില്‍ ജ്ഞാനാജ്ഞാനങ്ങളുടെ ഭേദം മാറി ശുദ്ധചൈതന്യസ്ഫൂര്‍ത്തി പ്രകാശിക്കും. ഇവിടെ പ്രകാശാന്ധകാരങ്ങള്‍ മാറിയിരിക്കും. മനസ്സിനാണെങ്കില്‍ പിന്നൊരു പ്രകാരത്തില്‍ കൂടിയേ കാഴ്ച്ചയുണ്ടാകുന്നുള്ളൂ. സ്വയം പ്രകാശ വസ്തുവായ ആത്മാവിനതുവേണ്ട.

യോഗമാര്‍ഗ്ഗത്തില്‍ ആത്മസാക്ഷാല്‍ക്കാരത്തിനു മുന്‍പായി വിവിധവര്‍ണ്ണപ്രകാശങ്ങള്‍ കാണുമെന്നു പറയപ്പെടുന്നു.

അഖണ്ഡാനുഭൂതിക്ക്‌ വേണ്ടി പാര്‍വ്വതിദേവി തപസ്സു ചെയ്തു. അവള്‍ കണ്ട വര്‍ണ്ണ പ്രകാശങ്ങള്‍ സ്വസ്വരൂപത്തില്‍ തോന്നി മറയുന്നവയാണെന്നു കണ്ട്‌ അവയെ തള്ളീട്ട്‌ തുടര്‍ന്ന്‌ തപസ്സു ചെയ്തു. അനന്തപ്രകാശം കണ്ടു. അതും ദൃശ്യമാണല്ലോ എന്നു കരുതി, വീണ്ടും തപസ്സു ചെയ്തപ്പോള്‍ ഇന്ദ്രിയാതീതമായ ശാന്തി അനുഭവപ്പെട്ടു. തന്മയമായി പ്രകാശിച്ച ഈ ശാന്തി തന്നെയാണ്‌ പരതത്വത്തിന്റെ അഖണ്ഡാനുഭൂതിയെന്നവള്‍ക്കു ബോധ്യമായി.

“തപസ്സാല്‍ ബ്രഹ്മത്തെ അറിയുക, തപം തന്നെ ബ്രഹ്മം” എന്നു തൈത്തിരിയോപനിഷത്ത്‌. തപമാണതിന്റെ സ്വരൂപം. അത്‌ ജ്ഞാനമയം. അവിടെ സൂര്യ, ചന്ദ്ര നക്ഷത്രാദികളോ മിന്നലോ തീയോ പ്രകാശിക്കുന്നില്ല. സ്വസ്വരൂപത്തില്‍ നിന്നാണവയ്ക്കും പ്രകാശം ലഭിക്കുന്നത്‌.

201. ചോ: ആരിലും ഉള്ള ആത്മസ്വരൂപം എന്തുകൊണ്ടനുഭവമാകുന്നില്ല? എന്നു മുന്‍പറഞ്ഞ പാര്‍സി സ്ത്രീകള്‍ ചോദിച്ചു.

ഭ: തന്റെ കണ്ഠാഭരണം കാണുന്നില്ലെന്നു ഭ്രമിക്കുന്നതുപോലെയും, ആറു നീന്തിക്കടന്നവരില്‍, തന്നെവിട്ടെണ്ണിയകാരണം ഒരാളിനെ കാണാനില്ലെന്നു മൂഡന്‍ ഭ്രമിച്ചതുപോലെയുമാണ്‌ തന്നെയറിയാത്തവര്‍ക്ക്‌ ആത്മസ്വരൂപം അനുഭവമാകാതിരിക്കുന്നതും. ഇനം വിട്ടു പിരിഞ്ഞ്‌ ആട്ടിന്‍പറ്റത്തില്‍ ചെന്നു ചേര്‍ന്ന സിംഹക്കുട്ടി താനും ആട്ടിന്‍കുട്ടിയായിത്തന്നെ കഴിഞ്ഞുവന്നു. ഒരിക്കല്‍ സിംഹത്തെക്കണ്ട്‌ ഈ കുട്ടിയും ആടുകള്‍ക്കൊപ്പം ഭയന്നോടി. സിംഹം ഈ കുട്ടിയെ തിരിച്ചറിഞ്ഞ്‌ കടന്നു പിടികൂടി “നീയും ആട്ടിന്‍കുട്ടികള്‍ക്കൊപ്പം ഓടുകയാണോ, ഈ കിണറ്റുവെള്ളത്തില്‍ നിന്നെ നോക്കൂ” എന്നു പറഞ്ഞു. അങ്ങനെ സ്വന്തം രൂപത്തെക്കണ്ട്‌ താനാരെന്നു തിരിച്ചറിഞ്ഞ സിംഹക്കുട്ടി, തലപൊക്കി ഗര്‍ജ്ജിച്ചു നിന്നാനന്ദിച്ചു. ഇങ്ങനെയാണ്‌ ഗുരുദര്‍ശനം മൂലം ഒരാളിനു സ്വന്തം ആത്മസ്വരൂപം അനുഭവമാകുന്നത്‌. മാതാപിതാക്കളാരെന്നറിയാതെ വളര്‍ന്ന കര്‍ണ്ണന്റെ കഥയും പറഞ്ഞു കേള്‍പ്പിച്ചു.

ചോ: തന്റെ യോഗാനുഭവം പൂര്‍വ്വ ഋഷീശ്വരന്മാര്‍ പറയുന്ന സാക്ഷാല്‍ക്കാരത്തിനും അപ്പുറത്താണെന്നു ശ്രീ അരവിന്ദഘോഷ്‌ പറയുന്നു. ആ അശ്രമത്തിലെ അമ്മ സാക്ഷാല്‍ക്കാരത്തിനു ശേഷമാണ്‌ യോഗം ആരംഭിക്കുന്നതെന്നു പറയുന്നു. ഭഗവാനെന്തു പറയുന്നു?

ഭ: അരവിന്ദന്റെ മുഖ്യോപദേശം ആത്മസമര്‍പ്പണമാണ്‌. നാമാദ്യം അതുചെയ്യാം. വേണ്ടിവന്നാല്‍, പിന്നീട്‌, മറ്റു കാര്യങ്ങളെപ്പറ്റി ചിന്തിക്കാം. ഉപാധികളെ അപേക്ഷിച്ചു നില്‍ക്കുന്നവര്‍ നിരുപാധികനിലയെ മനസ്സുമുഖേന അറിയാന്‍ ശ്രമിക്കുന്നത് അര്‍ത്ഥശൂന്യമാണ്‌. നിങ്ങള്‍ സര്‍വ്വാര്‍പ്പണം ചെയ്യാന്‍ പഠിക്കൂ. അഹന്ത വൃത്തിപ്പെടാതെ അതിന്റെ ആദിയെനോക്കി അതില്‍ (ആത്മാവില്‍) ഒടുങ്ങി നില്‍ക്കുന്നതാണ്‌ ആത്മസമര്‍പ്പണം. അഹന്ത ആത്മാവിനെ ശരണം പ്രാപിച്ച്‌ അതിനൂണായിത്തീരുന്നു.