ജൂണ്‍ 15, 1936.
202. കാമകോടി പീഠം ശങ്കരാചാര്യരുടെ നിര്‍ദ്ദേശാനുസരണം പുരി ജഗന്നാഥിനടുത്തുള്ള ജലേശ്വറില്‍ നിന്നും ദുഃഖാര്‍ത്തനായ ഒരു പഞ്ചാബി മാന്യന്‍ ഭഗവാനെ വന്നു കണ്ടു. അദ്ദേഹം ഒരു ലോകസഞ്ചാരിയായിരുന്നു. അദ്ദേഹം ഹഠയോഗവും അഹം ബ്രഹ്മാസ്മി ധ്യാനവും പരിശീലനം നടത്തിയിരുന്നു. ചിലപ്പോള്‍ അദ്ദേഹം ഏതാനും നിമിഷം ശൂന്യം കാണും. മസ്തിഷ്കത്തിനു ചൂടു തോന്നുകയും മരണഭയം ഏര്‍പ്പെടുകയും ചെയ്യും. അദ്ദേഹം മഹര്‍ഷിയോട് ഉപദേശം അരാഞ്ഞു.
ഉ: ശൂന്യം കാണുന്നതാര്?
ചോ: ഞാന്‍ കാണുന്നു എന്നെനിക്കറിയാം.
ഉ: ആ കാണുന്നവന്‍ ആത്മാവാണ്.
ചോ: എനിക്കത് മനസ്സിലാക്കാനൊക്കുന്നില്ല.
ഉ: ‘ഞാന്‍’ എന്ന തോന്നലിനു ശേഷമാണ് മരണഭയം ഏര്‍പ്പെടുന്നത്. ആരുടെ മരണത്തെയാണ് ഭയപ്പെടുന്നത്?. ആരില്‍നിന്നുമാണ് ഭയം? താനെന്നു തോന്നിയത് ദേഹത്തെയാണ്. ദേഹാത്മവിചാരം ഉള്ളിടത്തോളം ഈ ഭയം ഉണ്ടാകും.
ഛൊ: ദേഹത്തെപ്പറ്റി എനിക്കോര്‍മ്മയേ ഇല്ല.
ഉ: എന്തു ധ്യാനമാണ് ചെയ്തിരുന്നത്?
ചോ: അഹം ബ്രഹ്മാസ്മി.
ഉ: ‘അഹം ബ്രഹ്മം’ എന്നതൊരു വിചാരം മാത്രം. ആത്മാവെന്തു വേണമെങ്കിലും ചെയ്തുകൊള്ളട്ടെ. മുന്‍പിനാലേ തന്നെ അഹന്ത ആത്മാവിന്റെ വകയാണ്. അത് നമ്മുടെതല്ല. അതിന്മേല്‍ നമുക്കൊരധികാരവുമില്ല. ഇതറിഞ്ഞ് എന്റെ അഹന്ത എന്നു തോന്നുന്നതിനെ ഒഴിയണം.
ചോ: ബ്രഹ്മജ്ഞാനസ്പര്‍ശം മൂലം കരണേന്ദ്രിയങ്ങളെയും ശരീരാദിപ്രപഞ്ചങ്ങളെയും ചൈതന്യമയമാക്കിത്തീര്‍ക്കാമെന്നു പറയുന്നതിനെപ്പറ്റി ഭഗവാന്റെ അഭിപ്രായം?
ഉ: ചൈതന്യം എപ്പോഴും ഹൃദയത്തിലുണ്ട് ‘എല്ലാ ജീവരാശിയിലുമുള്ള ആത്മാവ് ഞാനാ’ണെന്നു കൃഷ്ണന്‍ പറയുന്നു. സൂര്യമണ്ഡലത്തിലിരിക്കുന്നവനും ജീവന്മാരുടെ ഹൃദയത്തിലിരിക്കുന്നവനും ഒരുവനാണെന്ന് ഉപനിഷത്തുകള്‍. “ദൈവസാമ്രാജ്യം നിന്നില്‍”എന്ന് യേശുദേവന്‍. ഇങ്ങനെ ദൈവം (ചൈതന്യം) നമുക്കുള്ളിലാണെന്നിരിക്കേ, എന്തിനെ, എവിടെ നിന്നും കൊണ്ടുവരാന്‍. ആരു കൊണ്ടു വരാന്‍, എന്തിനുവേണ്ടി?
സാക്ഷാല്‍ക്കാരം ശാശ്വത സത്യത്തിനെ നിസ്തേജസ്സാക്കുന്ന ഉപാധികളെ മാറ്റുന്നതിനാണ്. ഉള്ളതവിടെയുണ്ട്. അതിനെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകേണ്ടാ.
ചോ: സാക്ഷാല്‍ക്കരിച്ചതിനു ശേഷമാണ് യോഗം തുടങ്ങുന്നതെന്നു അരവിന്ദന്‍ പറയുന്നല്ലോ?
ഉ: അതെ, അതെ. ആദ്യം നാമാരെന്നറിയട്ടെ. പിന്നീടെന്തെന്നു സ്വയം അറിയാം.
ഇതുപോലുള്ള മറ്റു സിദ്ധാന്തങ്ങളെയും മഹര്‍ഷി വിമര്‍ശിച്ചു. വിശിഷ്ടാദ്വൈതികള്‍ ആദ്യം പ്രത്യഗാത്മാവിനെ സാക്ഷാല്‍ക്കരിച്ചിട്ട് പിന്നീടതിനെ ബ്രഹ്മത്തില്‍ അര്‍പ്പിക്കണമെന്നു പറയുന്നു. അംശത്തെ അഖണ്ഡത്തിലര്‍പ്പിക്കണമെന്ന്! അതാണുപോല്‍ സായൂജ്യം.!
ഒരാള്‍ മരിച്ചിട്ട് പ്രേതത്തെ വിട്ടു പിരിഞ്ഞാല്‍ വീണ്ടും ജനിക്കുമെന്നു ചില സിദ്ധന്മാര്‍ പറയുന്നു. ആകാശത്തോ പ്രകാശത്തിലോ മറയണമെന്നാണവര്‍ പറയുന്നത്. സാക്ഷാല്‍ക്കാരത്തോടെ അവസാനിക്കുന്ന ശങ്കരന്റെ മാര്‍ഗ്ഗം പോരെന്നു മറ്റു ചിലര്‍. ഇങ്ങനെ എത്രയോ മര്‍ഗ്ഗങ്ങള്‍, സിദ്ധാന്തങ്ങള്‍!
ബ്രഹ്മം നിങ്ങളാണെന്നു ബ്രഹ്മം പറയുന്നില്ല. ആത്മാവും അങ്ങനെ പറയുന്നില്ല. കാരണം ആത്മാവ് ബ്രഹ്മമായിട്ടുതന്നെ ഇരിക്കുകയാണ്. വിചാരങ്ങളെല്ലാം ‘ഞാന്‍’ എന്ന തോന്നലില്‍ നിന്നുമാണുണ്ടായത്. വിചാരം ഉള്ളിടത്തോളം ഭയവുമുണ്ടായിരിക്കും.
ചോ: ധ്യാനിക്കുന്തോറും മറവിയുണ്ടാകുന്നു. മസ്തിഷ്കം ചുടുന്നു. ഭയവും ഏര്‍പ്പെടുന്നു.
ഉ: മനസ്സ് ഞെരുങ്ങുമ്പോള്‍ തലച്ചോറിനു ചൂടുണ്ടാകുനു. സ്മൃതി ഉള്ളിടത്തോളം വിസ്മൃതിയുമുണ്ട്. ‘ഞാന്‍ ബ്രഹ്മം’ എന്ന വിചാരത്തില്‍ ‘ഞാന്‍’ എന്ന അഹന്ത തോന്നുന്നതിനാല്‍ മരണഭയമുണ്ടാകുന്നു അഹന്തയെപ്പിടിക്കൂ. അത് മലടീപുത്രനെപ്പോലെ മറയുന്നത് കാണാം. അവിടെ യഥാര്‍ത്ഥ ‘ഞാന്‍’ അവശേഷിക്കും. ‘അഹം ബ്രഹ്മാസ്മി’ ഒരുപായം മാത്രം. അത് മറ്റു വിചാരങ്ങളെ അകറ്റുന്നു. ‘അഹം’ എന്ന അഹന്തയെ പരിശോധിച്ചാല്‍ അത് തിരോധാനം ചെയ്യും. അപ്പോള്‍ ബ്രഹ്മം പ്രത്യക്ഷത്തില്‍ പ്രകാശിക്കും.
ഞാനും ബ്രഹ്മവും ഏകമാണെന്നു തീര്‍ച്ചയാണെങ്കില്‍ എന്തിനതുരുവിടണം? ഒരു മനുഷ്യന്‍ താന്‍ ‘മനുഷ്യന്‍’ ആണെന്നു പറഞ്ഞു നടക്കാറുണ്ടോ? ഇവിടെ അഹന്താ- ഞാനാണങ്ങനെ പറയുന്നത്. ആ ജീവബോധം ഒഴിയുമ്പോള്‍ തല്‍സ്ഥാനത്ത് ബ്രഹ്മം താനായി (യഥാര്‍ത്ഥ ഞാനായി ) പ്രകാശിക്കും.