ഒരു യതി ദേഹമോചനത്തെ കാത്തിരിക്കുന്നവനാണ് (175)
ജൂണ്‍ 17, 1936
203. പോസ്റ്റ് & ടെലഗ്രാഫ് ഫൈനാന്‍ഷ്യല്‍ സിക്രട്ടറി (ഡല്‍ഹി) ശ്രീ. വര്‍മ്മ പോള്‍ ബ്രണ്ടന്റെ രഹസ്യ ഇന്‍ഡ്യയും രഹസ്യ മാര്‍ഗ്ഗവും വായിച്ചിട്ടുണ്ട്. 12 വര്‍ഷത്തെ ആനന്ദകരമായ ദാമ്പത്യ ജീവിതത്തിനുശേഷം ഭാര്യ മരിച്ചുപോയി. ആ വേദനയില്‍ നിന്നും ആശ്വാസത്തിനു മാര്‍ഗ്ഗമാരായുകയായിരുന്നു. പുസ്തകവായനയെ വെറുത്തു. ചോദ്യം ചോദിക്കാനും ഇഷ്ടപ്പെട്ടില്ല. മഹര്‍ഷിയുടെ മുന്‍പില്‍ വന്നിരിക്കും. കിട്ടുന്ന ആശ്വാസം അനുഭവിക്കും. മഹര്‍ഷി കാരുണ്യപൂര്‍വ്വം ഇടക്കിടെ ചില സമാധാനങ്ങള്‍ പറഞ്ഞിരുന്നതിനെ ഇപ്രകാരം സംഗ്രഹിക്കാം.
ഒരാളിനു ഭാര്യ ദേഹാര്‍ദ്ധമാണ്. അതിനാല്‍ ഭാര്യാവിയോഗം പകുതി ദേഹം പോയതുപോലെ വേദനാജനകമാണ്. ഇത്തരം ദുഃഖങ്ങള്‍ വേദാന്തികളെപ്പോലും കരയിക്കുന്നു. ഗാഢനിദ്ര നമുക്കാനന്ദമാണ്. ആ നാം തന്നെ ഇപ്പോഴുമുള്ളത്. ഉറക്കത്തില്‍ നമുക്ക് ഭാര്യയും മക്കളൂമില്ല. എനിക്ക് ഞാന്‍ പോലും അപ്പോഴില്ല. ജാഗ്രത്തില്‍ ഉണ്ടെന്നു തോന്നുന്നു. സുഖദുഃഖങ്ങളും ഉണ്ടാകുന്നു. ഉറക്കത്തിലുള്ള സുഖം ഇപ്പോഴെവിടെപ്പോയി.
ഭഗവദ്‌ഗീതയില്‍ പറയുന്നു: ഇല്ലാത്തതുണ്ടായിരിക്കുകയില്ല ഉള്ളത് ഇല്ലതാവുകയുമില്ല. ഈ രണ്ടിന്റെയും സത്യം മഹാമതികള്‍ കണ്ടറിഞ്ഞിരിക്കുന്നു. ശരീരനാശം മരണമോ അതിന്റെ ഉല്‍പത്തിക്കു ജനനമോ അല്ല. മരിക്കുന്നത് ഉറക്കവും ജനിക്കുന്നത് ഉണര്‍വ്വ്വുമാകുന്നു. നിങ്ങള്‍ ആഫീസിലിരുന്നപ്പോഴോ, ഉറക്കത്തിലായിരുന്നപ്പോഴോ നിങ്ങളുടെ ഭാര്യ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നോ? എങ്കിലും ഭാര്യ ഉണ്ട് എന്ന് നിങ്ങള്‍ സമാധാനിച്ചു. ഇപ്പോള്‍ ആ ഭാര്യ ഇല്ലെന്നു ദുഃഖിക്കുകയാണ്. വിചാരത്തിനു വന്ന മാറ്റമാണ് ദുഃഖത്തിനു കാരണം. ഇപ്പോള്‍ ഭാര്യ ഇല്ലെന്നു പറയുന്നത് മനസ്സാണ്. സുഖദുഃഖങ്ങളെ സൃഷ്ടിക്കുന്നത് ഈ മനസ്സാണ്.
ഇനിയും മരിച്ചവരെക്കുറിച്ചെന്തിനു ദുഃഖിക്കുന്നു? അവര്‍ കഠിനമായ ജീവിത ദുഃഖത്തില്‍ നിന്നും മുക്തി നേടിയവരല്ലേ?
ഒരാള്‍ മരിച്ചാലെന്താണ്? നശിച്ചാലെന്താണ്? നിങ്ങളും മരിച്ചവനായിരിക്കൂ. അതായത് നിങ്ങള്‍ അഹന്തയറ്റവനായിരിക്കൂ. അങ്ങനെയിരുന്നാല്‍ മരിച്ചവരെപ്പറ്റി നിങ്ങള്‍ ദുഃഖിക്കുകയില്ല. അതിനാല്‍ അഹന്തയുടെ സ്വപ്നത്തില്‍ നിന്നും നിങ്ങള്‍ ഉണരൂ. ദേഹസ്പര്‍ശിയായ എല്ലാ ചിന്തയും തീരുമാനങ്ങളും ഉപേക്ഷിക്കുക. ഒരു യതി ദേഹമോചനത്തെ കാത്തിരിക്കുന്നവനാണ്, ഒരു ചുമട്ടുകാരന്‍ ചുമടിറക്കാന്‍ കാത്തിരിക്കുന്നതുപോലെ. ദേഹാര്‍ദ്ധത്തിന്റെ ചുമട് ഇപ്പോള്‍ നിങ്ങള്‍ക്കു കുറഞ്ഞിരിക്കുന്നതിനാല്‍ നിങ്ങള്‍ ഈശ്വരനോട് നന്ദി പറയേണ്ടതാണ്. ഇരിക്കട്ടെ, ബഹിര്‍മുഖ ചിന്തയാല്‍ ഇപ്പോള്‍ നിങ്ങള്‍ക്കതിനു കഴിവുണ്ടാകുന്നില്ല.
വിലാപം സ്നേഹത്തിന്റെ അടയാളമല്ല. മറഞ്ഞുപോയ ആപത്തിനെ ഓര്‍മ്മിച്ചിട്ടല്ലേ ദുഃഖിക്കുന്നത്? അത് മൂഢനു പറ്റിയതാണ്. യഥാര്‍ത്ഥ സ്നേഹം ആ വസ്തു തന്നെ വിട്ടുപിരിഞ്ഞിട്ടില്ലെന്നുള്ള ചിന്തയാണ്. മഹര്‍ഷി യോഗവാസിഷ്ഠത്തില്‍നിന്നും ഇന്ദ്രന്റെയും അഹല്യയുടെയും കഥ ഉദ്ധരിച്ചു വിശദീകരിച്ചുകൊടുത്തു.. ഈ അവസരങ്ങളിലെ ദുഃഖം കഠിനമാണെന്നും മഹത്തുക്കളുമായുള്ള സമ്പര്‍ക്കം മൂലം ശാന്തി ലഭ്യമാണെന്നും മഹര്‍ഷി കൂട്ടിച്ചേര്‍ത്തു.