ശ്രീ രമണമഹര്‍ഷി

ജൂണ്‍ 18, 1936

ഭഗവാന്‍: അഹംവൃത്തിയാണ്‌ അഹങ്കാരം. അഹംസ്ഫൂര്‍ത്തി ആത്മസ്വരൂപപ്രകാശവും. വിജ്ഞാനകോശത്തില്‍ അതെപ്പോഴും ‘ഞാന്‍- ഞാന്‍’ എന്നു പ്രകാശിക്കും,. അത്‌ ശുദ്ധ അറിവിന്റെ സ്വരൂപം. വ്യാവഹാരികജ്ഞാനം വൃത്തിസ്വരൂപമാണ്‌. അനന്ദമയമായ കോശത്തില്‍ തോന്നുന്ന ആനന്ദവും വൃത്തിസ്വരൂപമാണ്‌. ‘ഞാന്‍ സുഖമായുറങ്ങി’ എന്നത്‌ വൃത്തിയുടെ അനുഭവമാകുന്നു. ജീവന്‍ ബുദ്ധിയില്‍ കൂടി ആനന്ദമയ കോശത്തിന്റെ അനുഭവത്തെ ഉണര്‍ത്തുകയാണ്‌. അതിനാല്‍ നിദ്രാസുഖം ബുദ്ധിവൃത്തിയില്‍പ്പെടും. അതിസൂക്ഷ്മവൃത്തിയാണത്‌. അനന്ദത്തിന്റെ അറിവിനെക്കൂടാതെ ആനന്ദാനുഭവമെന്ന സംസാരമേത്‌? ആനന്ദം ആത്മാവിന്റെ സ്വഭാവമത്രെ. പരാനന്ദാനുഭവവും ഏതോ അറിവിനെ സ്പര്‍ശിച്ചേ ഇരിക്കൂ. എന്നാല്‍ അത്‌ അതിസൂക്ഷ്മത്തെക്കാള്‍ സൂക്ഷ്മമായിരിക്കും.

വിജ്ഞാനം, ആത്മജ്ഞാനത്തെയും വിഷയജ്ഞാനത്തെയും കുറിക്കും. ആത്മാവ്‌ ശുദ്ധജ്ഞാനസ്വരൂപം. അഹന്തയുടെ സമ്പര്‍ക്കത്താല്‍ അത്‌ വിഷയജ്ഞാനമാകുന്നു. അഹന്തയു?ടെ ബന്ധം നീങ്ങിയാല്‍ പരമാത്മസ്വരൂപം വെളിപ്പെടും. അതിനെയും വിജ്ഞാനമെന്നു പറയും. വിജ്ഞാനമെന്ന വാക്ക്‌ വൃത്തി സംബന്ധത്തെ സൂചിപ്പിക്കുന്നു. അതിനാലാണ്‌ ജ്ഞാനി അതിസൂക്ഷ്മബുദ്ധിയാല്‍ സ്വസ്വരൂപത്തെ ബോധിക്കുന്നു എന്നും അത്‌ ശുദ്ധ സാത്വികമാണെന്നും പറയുന്നത്‌. വൃത്തികളായി ചിതറുന്ന മനസ്സ്‌ അശുദ്ധമനസ്സാണെന്നും ഏകാകാരമായി തന്നില്‍ത്തന്നെ നില്‍ക്കുന്ന മനസ്സ്‌ ശുദ്ധമനസ്സാണെന്നും പറയപ്പെടുന്നു. ശുദ്ധമനസ്സാണ്‌ ബ്രഹ്മം. ജ്ഞാനിയുടെ മനസ്സാണ്‌ ബ്രഹ്മം.

ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മം തന്നെയായിത്തീരുന്നു. എന്ന്‌ മുണ്ഡകോപനിഷത്ത്‌. ഇപ്പറയുന്നതൊരു വിരോധാഭാസമായിത്തോന്നുന്നില്ലേ? ഇതിന്റെ അര്‍ത്ഥം ജ്ഞാനി ബ്രഹ്മസ്വരൂപിയാണെന്നതാണ്‌. ഈ അനുഭവത്തെ മനോവൃത്തിയില്‍ കൂടിയല്ലാതെ വെളിപ്പെടുത്താനൊക്കുമോ? അവന്‍ എപ്പോഴും അഖണ്ഡ ചിദാകാശത്തെത്തന്നെ ധ്യാനിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ്‌’ ബ്രഹ്മാവ്‌ തുടങ്ങിയ ദേവന്മാരും സനകാദിമുനീവരന്മാരും ശുകന്‍ തുടങ്ങിയ പരിപൂര്‍ണ്ണന്മാരും ജ്ഞാനികളും ഒരു നിമിഷം പോലും ബ്രഹ്മാകാരവൃത്തിയിലല്ലാതെയിരിക്കുന്നില്ല എന്നു മഹത്തുക്കള്‍ പറയുന്നത്‌.

ഈ ബ്രഹ്മാകാരവൃത്തിയെയും ഒരു വാക്കില്‍ കൂടിയേ പറയാനാവൂ. ഇവിടെയും ധ്യാനിക്കുന്നവന്‍, ധ്യാനിക്കപ്പെട്ടത്‌ എന്നു വസ്തു രണ്ടായി പിരിയുന്നു. അഖണ്ഡിതമായിരുന്നാല്‍ ധ്യാനമേത്‌? കടലില്‍ പതിച്ച നദി നദീസമുദ്രമായി നില്‍ക്കുമോ? അതുകൊണ്ട്‌ തന്നെ ‘ബ്രഹ്മാകാരവൃത്തി’യില്‍ മനസ്സിനു വൃത്തിയില്ലെന്നും അത്‌ ബ്രഹ്മം തന്നെയാണെന്നും ഉള്ളതിന്റെ ഇംഗിതാര്‍ത്ഥത്തെ വേണം മനസ്സിലാക്കാന്‍.

205. മി. കോഹന്‍: ഭഗവാന്‍ പറയുന്ന ഹൃദയത്തിനു തുടിപ്പുണ്ടോ? ഇല്ലെങ്കില്‍ എങ്ങനെ അതിനെ അറിയാനൊക്കും.?

ഉ: തുടിച്ചുകൊണ്ടിരിക്കുന്ന സ്ഥൂല ഹൃദയം വേറെ, ഇത്‌ വേറെ. ഈ ഹൃദയത്തെ ആത്മാനുഭവസ്ഥാനമെന്നല്ലാതെ അങ്ങനെയുള്ളത്‌, ഇങ്ങനെയുള്ളത്‌ എന്നൊന്നും പറയാനൊക്കുകയില്ല.

എത്രയോ ദീപങ്ങള്‍ക്കും, ഫാനുകള്‍ക്കും മറ്റും ഒരു ഡയനാമോ ശക്തിയെ പ്രദാനം ചെയ്യുന്നതുപോലെ ആദിപരാശക്തിയൊന്നാണ്‌ എല്ലാ വൃത്തികള്‍ക്കും ശക്തിയെ കൊടുക്കുന്നത്‌.

ചോ: ‘ഞാന്‍ ഞാന്‍’ എന്ന അഖണ്ഡബോധത്തിന്റെ അനുഭവം എങ്ങനെയിരിക്കും?

ഉ: നിരന്തരമായ അഹംസ്ഫൂര്‍ത്തിയാണത്‌. കേവല ചിന്മയം.

ചോ: ആ അനുഭവമുണ്ടാകുമ്പോള്‍ അതാണിതെന്നു മനസ്സിലാകുമോ?

ഉ: ആവും. അതാ അനുഭവത്തെത്തന്നെ കാണിക്കും. അവിടെ ദേഹബോധമറ്റിരിക്കും. അതുതന്നെ അടയാളം.

ചോ: ധ്യാനത്തില്‍ ഹൃദയത്തെ ലക്ഷ്യമാക്കണമെന്നുണ്ടോ?

ഉ: ആത്മബോധത്തിനു വേണ്ടിയല്ലേ ധ്യാനിക്കുന്നത്‌. അതിനെ നമുക്കുള്ളിലല്ലേ കരുതുന്നത്‌. അതുകൊണ്ടതുള്ളിലാണെന്നു പറയേണ്ടിവരും. ഒടുവില്‍ ഹൃദയമെന്നത്‌ ബോധത്തിന്റെ മൂലസ്ഥാനമാണെന്നറിയും. അത്‌ ബോധസ്വരൂപമാണ്‌.

ചോ: അതെ, ഏതിനെപ്പറ്റി ധ്യാനിക്കണം?

ഉ: ധ്യാനിക്കുന്നവന്‍ ആരാണെന്നറിഞ്ഞു അവനോട്‌ ചേര്‍ന്നുകൊണ്ടാല്‍ പിന്നീട്‌ ധ്യാനം ആവശ്യമില്ല.

206. അലഹബാദ്‌ സര്‍വ്വകലാശാലയിലെ ഫിസിക്സ്‌ പ്രൊഫസര്‍ ബി.സി. ദാസ്‌:

ജീവനോട്‌ ചേര്‍ന്നു നിന്നുതന്നല്ലോ ബുദ്ധി ഉദിക്കുന്നതും മറയുന്നതും?

ഉ: ബുദ്ധി ആരുടേത്‌? ജീവന്റേത്‌. അതുകൊണ്ട്‌ ബുദ്ധി ഒരുപകരണമേ ആകുന്നുള്ളു.

ചോ: മരണത്തിനു ശേഷം ബുദ്ധി നിലച്ചിരിക്കുമോ?

ഉ: മരണത്തെപ്പറ്റി വിചാരിക്കുന്നതെന്തിന്‌? അനുദിനവും ഉറക്കത്തില്‍ എന്തു സംഭവിക്കുന്നു എന്നറിഞ്ഞുകൂടെ? ഉറക്കത്തില്‍ നമ്മുടെ അനുഭവമെന്താണ്‌?

ചോ: ഉറക്കം താല്‍ക്കാലികമാണല്ലോ. എന്നാല്‍ മരണമങ്ങനെയല്ലല്ലോ.

ഉ: രണ്ടുണര്‍വ്വുകള്‍ക്കിടയിലുള്ളതാണുറക്കം. അതുപോലെ രണ്ടു ജനനങ്ങള്‍ക്കിടയിലുള്ളത്‌ മരണവും. രണ്ടും താല്‍കാലികങ്ങള്‍ തന്നെ.

ചോ: ജീവന്‍ ശരീരത്തെ വിട്ടകലുമ്പോള്‍ അത്‌ ബുദ്ധിയെക്കൂടി കൊണ്ടുപോകുന്നുവോ എന്നാണ്‌ സംശയം.

ഉ: ശരീരത്തെ വേര്‍പിരിഞ്ഞാല്‍ ജീവന്‍ ഇല്ല. ശരീരത്തിനു വൈവിദ്ധ്യമുണ്ടായിരിക്കാം. സ്ഥൂലശരീരത്തെ വിട്ടാല്‍ ജീവന്‍ സൂക്ഷ്മശരീരത്തെ പറ്റിനില്‍ക്കുന്ന ഉറക്കത്തിലും സ്വപ്നത്തിലും എങ്ങനെയോ അതുപോലെ ബുദ്ധിക്ക്‌ മാറ്റം സംഭവിക്കുന്നില്ല.

ചോ: പിന്നീട്‌ ജീവോപാധി സൂക്ഷ്മശരീരമാണല്ലോ?

ഉ: ബുദ്ധിതന്നെ സൂക്ഷ്മശരീരം.

ചോ: അതെങ്ങനെ സൂക്ഷ്മശരീരമാവും?

ഉ: എന്തുകൊണ്ടാവുകയില്ല? ശരീരത്തെപ്പോലെ ബുദ്ധി കുടുസ്സായിരിക്കുകയില്ലെന്ന്‌ നിങ്ങള്‍ വിചാരിക്കുകയാണ്‌. ബുദ്ധി കുറേ തത്വങ്ങളുടെ സംഘാതം മാത്രമാണ്‌. സൂക്ഷ്മശരീരവും മറ്റെന്താണ്‌?

ചോ: പക്ഷേ ബുദ്ധി ഒരുപാധിയല്ലേ?

ഉ: അതെ, പക്ഷെ ബുദ്ധിയെക്കൂടാതെ ഉപാധിയെ അറിയാനൊക്കുകയില്ലല്ലോ. അഞ്ചുകോശമുണ്ടെന്നു പറയുന്നതാര്‌? അത്‌ പറയുന്നത്‌ ബുദ്ധിയല്ലേ?

ഗാഢനിദ്ര അദ്വൈതാവസ്ഥയാണ്‌. വ്യഷ്ടിസമഷ്ടിഭേദങ്ങള്‍ക്കവിടെ പ്രസക്തിയുണ്ടോ? സര്‍വ്വഭേദങ്ങളെയും മറക്കുകയാണുറക്കം. ഇതില്‍ മാത്രം ആനന്ദം സ്ഫുരിക്കുന്നു. ആ ആനന്ദത്തെ നുകരാന്‍ നോക്കൂ. എത്ര വെടിപ്പായിട്ടു നിങ്ങള്‍ കിടക്ക വിരിക്കുന്നു? മൃദുവും മനോഹരങ്ങളുമായ ശയ്യോപകരണങ്ങളൊരുക്കുന്നു? സുഖനിദ്രയ്ക്ക്‌. അതായത്‌ ഈ ജാഗ്രത്തിനെ ഒന്നു മാറ്റി വയ്ക്കാന്‍! എങ്കിലും ഉറങ്ങിത്തുടങ്ങിയാല്‍ എത്ര സുരഭില സുമശയ്യയും നിങ്ങള്‍ക്കൊരുപയോഗവും ചെയ്യുന്നില്ല. ഇതിന്റെ അര്‍ത്ഥം നിങ്ങളുടെ ശ്രമങ്ങളെല്ലാം അജ്ഞാനത്തെ ഒഴിക്കാന്‍ മാത്രമാണെന്നാണ്‌.

സാധനയായി സര്‍വ്വാര്‍പ്പണം ഒന്നു മതിയാവും. നിങ്ങളെക്കൂടി നിങ്ങള്‍ സ്വന്തം ആദി (ആത്മ) സ്വരൂപത്തിനു വിട്ടുകൊടുക്കുക. വിട്ടുകൊടുക്കുന്നത്‌ നിങ്ങള്‍ക്കന്യമായ വല്ല ദൈവത്തിനുമാകരുത്‌. നമ്മുടെ ആദി നമ്മില്‍ത്തന്നെയാണ്‌. അതിന്‌ വിട്ടുകൊടുക്കുക., നിങ്ങള്‍ നിങ്ങളുടെ ആദിക്കന്യമാണെന്നു കരുതുന്നതിനാല്‍ ആദി എവിടെ എന്നു ചോദിക്കുമാറാകുന്നു. പഞ്ചസാരയ്ക്ക്‌ അതിന്റെ രസമറിയാനൊക്കുകയില്ലെന്നും അതിനാല്‍ രസിക്കാന്‍ വേറൊരാള്‍ ഉണ്ടായിരിക്കണമെന്നും ചിലര്‍ പറയുന്നു. അതുപോലെ ഒരു വ്യക്തി ബ്രഹ്മമായാല്‍ ബ്രഹ്മസുഖമനുഭവിക്കാന്‍ സാധ്യമല്ല. അതിനാല്‍ ഒരിടത്ത്‌ രമിക്കാന്‍ വേണ്ടി വ്യക്തിത്വം നിലനിറുത്തണമെന്നും മറുപക്ഷത്ത്‌ ബ്രഹ്മസ്വരൂപത്തെ പറ്റിക്കൊള്ളണമെന്നും പറയുന്നു. ഈശ്വരന്‍ പഞ്ചസാരയെപ്പോലെ അചേതനമാണോ? സര്‍വ്വാര്‍പ്പണത്തിനുശേഷം ഒരാളിനെങ്ങനെ വ്യക്തിത്വം നിലനിറുത്താനാവും? നിങ്ങള്‍ ആത്മാവില്‍ ചേരൂ! വ്യക്തിത്വം അവശേഷിക്കുന്നില്ല. നിങ്ങള്‍ ആദിയില്‍ തന്നോടുനില്‍ക്കുന്നത്‌ കാണാം. ആത്മാവെന്ന വാക്കിനെ ദേഹം, ഇന്ദ്രിയങ്ങള്‍, മനസ്സ്‌, തത്വം, ജീവന്‍, പരമാത്മാ എന്നെല്ലാത്തിനും അവ്യവസ്ഥിതമായി കുറിക്കാനുപയോഗിക്കുന്നതാണ്‌ സംശയങ്ങള്‍ക്കെല്ലാം കാരണം.

അതിനാല്‍ തന്റെ യഥാര്‍ത്ഥ സ്വരൂപത്തെ അറിയുന്നതാണ്‌ ഭക്തി. വിശിഷ്ടാദ്വൈതികളും ഇതിനെ സമ്മതിക്കുന്നു. എന്നാലും ജീവാത്മാക്കള്‍ പരമാത്മാവിന്റെ അംശങ്ങളാണെന്നു പറയുന്ന ശീലത്തെ വിടുകയില്ല. പരിശുദ്ധമാക്കപ്പെട്ട ജീവാത്മാവിനെ പരമാത്മാവിനര്‍പ്പിക്കണം.