ശ്രീ രമണമഹര്‍ഷി

ജൂണ്‍ 19, 1936

ചോ: ജഡദൃഷ്ടി ഉദ്ധരിക്കപ്പെടുമോ? അങ്ങനെതന്നെയിരിക്കുമോ?

ഉ: ജഡദൃഷ്ടിയില്‍കൂടി നോക്കുന്നതാര്‌? നോക്കുന്ന ഞാനാര്‌? മനസ്സുകൊണ്ട്‌ ഇന്ദ്രിയങ്ങള്‍ മുഖേന ഞാന്‍ തന്നെയാണ്‌ നോക്കുന്നത്‌. ഈ ഞാന്‍ ആരെന്നറിഞ്ഞാല്‍ ഇത്തരം ചോദ്യങ്ങളുദിക്കുകയില്ല.

നമ്മളാണ്‌ നമുക്കേറ്റവും അടുത്തിരിക്കുന്ന വിഷയം. നാമാരെന്നു നാം മനസ്സിലാക്കിക്കൊണ്ടാല്‍ മറ്റു വിഷയങ്ങളുടെ കാര്യം അവ നോക്കിക്കൊള്ളും. നോക്കുന്നവന്റെ അവസ്ഥയ്ക്കനുസരണമായിട്ടേ കാണപ്പെടുന്നവയും ഇരിക്കുകയുള്ളൂ. കാണപ്പെടുന്നവയ്ക്കുള്ള വൈവിധ്യത്തിനു ഹേതു നോക്കുന്നവനാണ്‌. അതിനാല്‍ ഈ നോക്കുന്നവനാരെന്നതാണ്‌ അടിസ്ഥാനപരമായ ചോദ്യം. അതറിഞ്ഞാല്‍ മനസ്സിന്റെ ചാഞ്ചല്യമവസാനിക്കും.

212. ഭഗവാന്‍: പ്രദക്ഷിണം വയ്ക്കുന്നത്‌ എല്ലാം തന്നകത്തിരിക്കുന്നു എന്നതിനെ കുറിക്കുകയാണ്‌. (രിപുഗീത) അരുണാചലത്തെ പ്രദക്ഷിണം വയ്ക്കുന്നത്‌ ലോകത്തെ മുഴുവന്‍ പ്രദക്ഷിണം വയ്ക്കുന്നതിനു തുല്യമാണ്‌. അതിന്റെ അര്‍ത്ഥം ലോകം മുഴുവനും ഈ മലയായി ചുരുങ്ങിയിരിക്കുന്നുവെന്നാണ്‌. അരുണാചലം ക്ഷേത്രത്തെ ചുറ്റുന്നതും ഇതുപോലെ നന്നാണ്‌. സര്‍വ്വവും തന്നിലും ഇരിക്കുന്നു. രിപുഗീതയില്‍ പറയുന്നു: ‘ഞാന്‍ നിശ്ചഞ്ചലനായിട്ടു നില്‍ക്കുന്നു. അസംഖ്യം ലോകങ്ങള്‍ എന്റെ മനസ്സിനു ചുറ്റുമുണ്ട്‌”. ഈ പ്രദക്ഷിണമാണ്‌ ഏറ്റവും വലിയ പ്രദക്ഷിണം.