ജൂണ്‍ 30, 1936
218. ഭഗവാന്‍ ശിവപുരാണം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി.
ശിവന്‍ നിഷ്കളവും സകളവുമാവും. സര്‍വ്വത്തിനും അതീതമായ നിര്‍ഗ്ഗുണ സ്വരൂപത്തെ നിഷ്കളമെന്നും സര്‍വ്വത്തിനും അന്തര്യാമിയായിരിക്കുന്ന തത്വത്തെ സഗുണമെന്നും പറയുന്നു. ആദിയില്‍ അരുണാചലരൂപത്തില്‍ തോന്നിയ ലിംഗം ഇന്നും പ്രകാശിക്കുന്നു. ഇതാദ്യം പ്രകാശിച്ചതു ധനുമാസം തിരുവാതിര (ആര്‍ദ്ര) നക്ഷത്രനാളിലാണ്. ദേവാദികള്‍ ഇതിനെ ആദ്യമാരാധിച്ചതു ശിവരാത്രി ദിനത്തിലാണ്. അതിന്നും തുടര്‍ന്നുവരുന്നു.
പ്രണവം ശിവന്റെ നിഷ്കള സ്വരൂപത്തെയും പഞ്ചാക്ഷര മഹാമന്ത്രം (പഞ്ചകൃത്യങ്ങളെയും കുറിക്കുന്ന) അവന്റെ സ്വരൂപത്തെയും കുറിക്കും.
219. ഭഗവാനെ ശുശ്രൂഷിച്ചു കഴിഞ്ഞിരിന്ന ഒരു മുന്‍ഭക്തന്‍ (മഹര്‍ഷിയുടെ) പഞ്ചരത്നം രണ്ടാം പാട്ടിന്റെ അര്‍ത്ഥം ചോദിച്ചതിനിപ്രകാരം മറുപടി പറഞ്ഞു:
ഈ ലോകം സ്ക്രീനില്‍ കണ്ട ചിത്രം പോലെയുള്ളതാണ്. ഈ സ്ക്രീനാണ് അരുണാചലം. ഏതില്‍ നിന്നും ഈ ലോകമാകുന്ന ചിത്രം ദൃശ്യമാകുന്നുവോ ചിത്രം വീണ്ടും ഏവിടെ മറയുന്നുവോ അതിനെപ്പിരിഞ്ഞിട്ടു ചിത്രമിരിക്കുന്നില്ല. ലോകത്തിന്റെ സത്യം അരുണാചലമായി അവസാനിക്കുന്നു. ഈ ജഗത്തിനെ ആരു കാണുന്നുവെന്നു പരിശോധിച്ചാല്‍ ‘ഞാന്‍’ ഒരാളാണെന്നറിയുമാറാകും. ആ ‘ഞാന്‍’ എവിടെനിന്നുമുദിക്കുന്നുവെന്നു ചിന്തിച്ചു നോക്കിയാല്‍ ആ അഹങ്കാരനായ ഞാന്‍ മറഞ്ഞു തല്‍സ്ഥാനത്ത് അഖണ്ഡമായ ‘ഞാന്‍’ എന്നൊന്ന് സ്വയം പ്രകാശിക്കും. അതെങ്ങനെയിരിക്കും എന്നു വര്‍ണ്ണിക്കാന്‍ സാധ്യമല്ല. തദാകാരാനുഭൂതിസ്വരൂപമായ അതിനെ വിഷയീകരിക്കാനും സാധ്യമല്ല. ആ ആനന്ദസ്വരൂപമാണ് സര്‍വ്വജീവന്മാര്‍ക്കും അന്തര്യാമി. അതുകൊണ്ട് ഹൃദയമെന്നു (ആത്മാവെന്നു) വ്യവഹരിക്കപ്പെടുന്ന അതിനെ അന്തര്‍മുഖനായിരുന്നറിയുകയാണ് ജന്മോദ്ദ്യേശം. ചെയ്യത്തക്കതും ചെയ്യേണ്ടിയുള്ളതുമായി മറ്റൊന്നില്ല.
ചോ: വാസനകള്‍ മനസ്സിനെ ബഹിര്‍മുഖമാക്കി ചെയ്യുന്നു. അവയെ ഒഴിക്കുന്നതെങ്ങനെ?
ഉ: നമ്മുടെ സത്യസ്വരൂപം ഇന്നതാണെന്നറിഞ്ഞാല്‍ വാസനകള്‍ നമ്മെത്തീണ്ടുകയില്ല.
ചോ: സ്വസ്വരൂപത്തില്‍ ഉറച്ചു നിന്ന് വാസനകളുണരുമ്പോള്‍ തന്നെ അവയെ ദഹിപ്പിച്ചു കളയണമെന്നല്ലേ ഇപ്പറഞ്ഞതിനര്‍ത്ഥം?
ഉ: നാം നമ്മുടെ സാക്ഷാല്‍ സ്ഥിതിയില്‍ ഇരുന്നാല്‍ വാസനകള്‍ സ്വയം ഒഴിഞ്ഞുകൊള്ളും.