ജൂലൈ 1, 1936.
220. ബി. സി. ദാസ്: മനസ്സടങ്ങിയാലേ ധ്യാനം ശരിയാവുകയുള്ളൂ. എന്നാല്‍ ധ്യാനം ശരിയായാല്‍ മാത്രം മനസ്സടങ്ങുമെന്നും മനസ്സിലാകുന്നു. ഇവ ഒന്നിനൊന്നാപേക്ഷികമായിരിക്കുന്നതെങ്ങനെ?
ഉ: അതെ. അങ്ങനെതന്നെ. അതിനാല്‍ മനസ്സടക്കി ധ്യാനം ശീലിക്കണം. വൈരാഗ്യത്താലും അഭ്യാസത്താലും കാലക്രമേണ സ്ഥിരനില സ്വയമേ കൈവരും. വൈരാഗ്യത്താല്‍ മനസ്സു ബാഹ്യമായി സഞ്ചരിക്കാതെ തടുക്കണം. അഭ്യാസത്താല്‍ അതിനെ അന്തര്‍മുഖമാക്കിയിരുത്തണം. ഇടയില്‍ ഒരു യുദ്ധം നടക്കും. ഒടുവില്‍ സര്‍വ്വവും ജയിച്ച് ധ്യാനം അഖണ്ഡസരൂപമാവും.
ചോ: ഈ മഹാസാധനയ്ക്ക് ഭഗവാന്റെ അനുഗ്രഹം കൂടിയേ തീരൂ.
ഉ: അനുഗ്രഹം എപ്പോഴുമുണ്ട്. വൈരാഗ്യമോ തത്വജ്ഞത്വമോ, സ്വരൂപനിഷ്ഠയോ ഏതും ഗുരുവരുള്‍ കൂടാതെ സിദ്ധിക്കുകയില്ല. ഉള്ളതിനെ ബോധിക്കാന്‍ നിരന്തരാന്വേഷണവും പരിശ്രമവും വേണം. മുന്‍പറഞ്ഞതുപോലെ കള്ളപ്പശുവിനു തൊഴുത്തില്‍ തന്നെ പുല്ലു കാണിച്ചുകൊടുത്ത് വെളിയിലലയുന്ന അതിന്റെ മുന്‍ശീലത്തെ മാറ്റണം.
മാനസഭൃംഗമേ നീ പൂക്കളിലല്‍പ്പം കിട്ടും
തേനിനെ വിട്ടിട്ടാദിനാഥനെ സ്മരിക്കുമ്പോള്‍
ചിന്തിക്കുമ്പോഴും കൂപ്പികീര്‍ത്തിക്കുമ്പോഴുമെല്ലാം
പൊന്തും ശിവാനന്ദത്തേനാവോളം നുകര്‍ന്നിടൂ.
എന്ന തിരുവാചക വരികളെ ഭഗവാന്‍ പാടിക്കേള്‍പ്പിക്കുകയുണ്ടായി.
ചോ: ധ്യാനത്തില്‍ ഭഗവന്നാമത്തെ സ്മരിക്കുമ്പോഴും സ്തുതിക്കുമ്പോഴും അതോടുകൂടി രൂപത്തെയും ധ്യാനിക്കണമോ?
ഉ: ധ്യാനമെന്നത് ഭാവനയല്ലാതെ വേറെന്താണ്?
ചോ: രൂപധ്യാനം മതിയാവുമോ അല്ല, മന്ത്രജപവും ഭഗവദ്‌ഗുണാനുസന്ധാനവും വേണോ?
ഉ: രൂപം നാമത്തിലടങ്ങുന്നു. നാമജപമോ മന്ത്രജപമോ വാചികമല്ലാതെ മാനസികമായിരുന്നാല്‍ അതു ധന്യമായിപ്പരിണമിക്കും.