ജൂലൈ 2, 1936
222. ഡോക്ടര്‍ പോപ്പട്ട്‌ലാല്‍ ലോറെ എന്ന സന്ദര്‍ശകന്‍ വന്നിരുന്നു. ഭഗവാന്റെ ഉപദേശസാരം ഉള്‍പ്പെടെ അനവധി ഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുണ്ട്. സാധുക്കള്‍, മഹത്തുക്കള്‍, യോഗിമാര്‍ തുടങ്ങിയ 1500-ഓളം പേരെ കണ്ടിട്ടുണ്ട്. ഒരാള്‍ കര്‍മ്മം തീര്‍ന്നിട്ടില്ലെന്നു പറഞ്ഞു. മകന്റെ വിവാഹത്തോടെ അതും തീര്‍ന്നു. എന്നിട്ടും മനോദുഃഖം തീര്‍ന്നിട്ടില്ല. അതിനാല്‍ ഭഗവാന്റെ അടുക്കല്‍ വന്നതാണ്.
ഭ: ഉപദേശസാരം ഏതു വായിച്ചു.
ചോ: സംസ്കൃതത്തിലുള്ളത്.
ഭ: അതില്‍ നിങ്ങളുടെ പ്രശ്നത്തിനു സമാധാനമുണ്ട്.
ചോ: എത്ര പ്രയത്നിച്ചിട്ടും മനസ്സ് ശാന്തമാകുന്നില്ല. 1918 മുതലുള്ള ശ്രമമാണ്.
ഭ: “എങ്ങുനിന്നും വന്നുദിച്ചിതങ്ങേ പിന്നൊ-
ടുങ്ങുവതേ കര്‍മ്മം ഭക്തിയുമാം”
എന്നതില്‍ പറഞ്ഞിട്ടുള്ളതോര്‍മ്മയുണ്ടോ? അത് എല്ലാ ഉപദേശങ്ങളുടെയും സാരമാണ്.
ചോ: അതും എനിക്കു ശാന്തിയെത്തന്നില്ല.
ഉ: മനസ്സെന്താണെന്നുള്ള നിരന്തരാന്വേഷണം നിമിത്തം മനസ്സൊടുങ്ങുന്നു എന്നതില്‍ വീണ്ടും പറഞ്ഞിട്ടുണ്ടല്ലോ.
ചോ: മനസ്സിനെ അന്വേഷിക്കുന്നതെങ്ങനെ?
ഉ: “ചിന്തകളെ മനസ്സായി വന്നു, ഞാനെന്ന
ചിന്തയേ മൂലമാണെന്നറിയൂ
‘ഞാ’നെന്നതും മനസ്സെന്നറിയൂ
എന്നും അതില്‍ പറഞ്ഞിട്ടുണ്ട്.
ചോ: ഞാനെന്ന ചിന്ത എനിക്കുള്ളില്‍ തന്നെയുണ്ടാകുന്നത് മനസ്സിലാവുന്നു. എന്നാല്‍ ആത്മാവെന്നതെന്തെന്നറിയാന്‍ പാടില്ല.
ഉ: അറിയാം, അറിയാന്‍ പാടില്ല ഈ രണ്ടും വിചാരങ്ങളാണ്. വിപരീതമായങ്കുരിച്ചു വളര്‍ന്ന അഹങ്കാരനെയാണ് ഇപ്പോള്‍ ‘ഞാ’നെന്നു പറഞ്ഞു വരുന്നത്. ഇത് തോന്നി, മറയും. യഥാര്‍ത്ഥ ‘ഞാന്‍'(ആത്മാവ്) എന്നുമുണ്ട്. ഉറങ്ങിക്കിടന്ന ആള്‍ തന്നെ ഉണര്‍ന്നിരിക്കുന്നതും. എന്നാല്‍ ഉറക്കത്തില്‍ ഞാന്‍ ദുഃഖിയല്ല. ഉണര്‍ന്ന ‘ഞാന്‍’ ദുഃഖിയായിരിക്കുന്നു. ഇതിനിടയില്‍ സംഭവിച്ച മാറ്റമെന്ത്? ഉറക്കത്തില്‍ എന്നോടുകൂടി അഹന്തയില്ല, ഉണര്‍ച്ചയില്‍ എന്നോടു കൂടിയുണ്ട്. ഈ അസത്യ ഞാന്‍ (അഹങ്കാരന്‍) സത്യമായ ‘ഞാ’നി(ആത്മാവി)നെ മറച്ചുവച്ചുകൊണ്ട്, അത് (ആത്മാവ്) താന്‍ തന്നെയാണെന്നു ചേഷ്ടിക്കുകയാണ്. സത്യമായ അറിവിനു പ്രതിബന്ധമായിരിക്കുന്നത് ഈ കപട ‘ഞാന്‍’ ആണ്. ഈ കപട ഞാന്‍ എങ്ങനെ വന്നുവെന്നു ഗൗനിച്ചാല്‍ അതു മറഞ്ഞു പോകും.
ചോ: ഇതെങ്ങനെ സാധിക്കാം. എന്റെ ഇതുവരെയുള്ള പരിശ്രമമൊന്നും ഫലിച്ചില്ല.
ഉ: അഹംവൃത്തിയുടെ ഉല്‍പത്തിയെ വീക്ഷിക്കണം. ഈ അഹംവൃത്തിയെ അപേക്ഷിച്ചുള്ളതാണു മറ്റെല്ലാ തോന്നലുകളും. അതിനാല്‍ ഈ അഹന്ത മാറിയാല്‍ എല്ലാ ദുഃഖങ്ങളും മാറും.
ഡോക്ടര്‍ ലോറ അപേക്ഷിച്ചതിനനുസരിച്ച് ഭഗവാന്‍ വിശദീകരിച്ചു.
നിദ്രയില്‍ അനായാസം അഹന്തയൊഴിവായി അഹന്തമൂലമുള്ള സര്‍വ്വക്ലേശങ്ങളും മാറി ആനന്ദമയമായിരിക്കുന്നു. ജാഗ്രത്തിലും അങ്ങനെയായിരുന്നാല്‍ എന്താനന്ദമായിരിക്കൂം. അതാണ് ആത്മാനുഭൂതി. ഇതിനെയാണ് ‘ഉറങ്ങാതെ ഉറങ്ങുക’ എന്നു വാഴ്ത്തുന്നത്. പരിശ്രമമെല്ലാം വിഘ്നങ്ങളെ ദൂരീകരിക്കാനാണ്. അല്ലാതെ ആത്മാവിനെ പ്രാപിക്കാനല്ല. അത് മുമ്പിനാലേ നമ്മില്‍ തന്നെ ഉള്ളതാണ്.
223. ചോ: ധ്യാനവേളയിലെങ്കിലും മനസ്സ് ആത്മാവിലൊടുങ്ങിയിരിക്കാത്തതെന്ത്?
ഉ: പൊങ്ങിക്കിടക്കുന്നതിനെ താഴ്ത്താന്‍ ചില ഉപായങ്ങള്‍ ആവശ്യമായി വരും. പ്രാണായാമം ഒരുപായമാണ്. പ്രാണായാമത്താല്‍ താല്‍ക്കാലിക ശാന്തിയേ കൈവരൂ എങ്കിലും ഉണ്ടായ ശാന്തിയെ വിടാതെ നിരന്തരാഭ്യാസത്താല്‍ ദൃഢപ്പെടുത്തണം. സത്സംഗം നല്ല ഉപായമാണ്. അത് രണ്ട് വിധം. നമ്മിലുള്ള സത്തിനെത്തന്നെ ധ്യാനിച്ച് അതിനോടുകൂടി ചേര്‍ന്നിരിക്കുക. അല്ലെങ്കില്‍ അന്തര്‍മുഖരായിരിക്കുന്ന സത്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുക.
224. നിജ (സ്വയ) നിലയെന്താണെന്ന് ഒരു ഭക്തന്‍ ചോദിച്ചു.
ഉ: ചിന്തയറ്റിരിക്കുന്നതു തന്നെ നിജ നില.
225. ഭഗവാനും രങ്കസ്വാമി എന്ന ഭൃത്യനും പാറപ്പുറത്തിരുന്നപ്പോള്‍ താഴെയുള്ള ഒരാശ്രമ കെട്ടിടത്തില്‍ ചാഡ്വിക് ഒരു കറക്കുകസേരയിലിരുന്ന് ആടിക്കൊണ്ടിരുന്നത് കണ്ടിട്ട് ഭഗവാന്‍:
ശിവന്‍ ലോകത്തെ മുഴുവന്‍ പാലിക്കാന്‍ വിഷ്ണുവിനെ ഏല്‍പിച്ചിട്ടാണ് താന്‍ യഥേഷ്ടം കാട്ടിലും മേട്ടിലും ശ്മശാനങ്ങളിലുമൊക്കെ ചുറ്റിത്തിരിഞ്ഞ് പിച്ചയെടുത്തുണ്ടു കഴിഞ്ഞത്. അധികാര ആധിപത്യങ്ങളെക്കാളും ഒന്നുമില്ലാതിരിക്കുന്നതാണ് സുഖമെന്നത്രെ ശിവന്റെ രഹസ്യം.
ചോ: ഒന്നുമില്ലാതിരിക്കുന്ന സുഖമെന്നതെന്ത്?
ഉ: ഉല്‍ക്കണ്ഠയറ്റിരിക്കുന്നത്. ‘തന്റേത്’ എന്നൊന്നിനെ അഭിമാനിച്ചാല്‍ അതിനെ സൂക്ഷിച്ചു കൊള്ളാനുള്ള വെമ്പല്‍, അതിനെ ശരിയായിട്ടനുഭവിക്കാനുള്ള കരുതല്‍ തുടങ്ങി പല ക്ലേശങ്ങളും ഉണ്ടാകുന്നു. ശിവന്‍ സര്‍വ്വവും വിഷ്ണുവിനൊഴിഞ്ഞു കൊടുത്തത് ഈ സുഖത്തിനു വേണ്ടിയാണ്.