ശ്രീ രമണമഹര്‍ഷി

ജൂലൈ 4, 1936

227. ഭഗവാന്‍: നമ്മുടെ സ്വരൂപമേ ആനന്ദമായിരിക്കുമ്പോള്‍ ആനന്ദത്തിനുവേണ്ടി തപിച്ചു കൊണ്ടിരിക്കുന്നതെന്തിന്‌? ഈ താപം മാറ്റുന്നതേ മുക്തി. ശ്രുതികള്‍ ‘അത്‌ നീയാകുന്നു’ (തത്ത്വമസി) എന്നു ബോധിപ്പിക്കുന്നു. എന്നാല്‍ നാം തന്നെ ‘ഞാനാര്’എന്നുണര്‍ന്ന്‌ ‘അത്‌ ഞാന്‍ തന്നെ’ എന്നിരിക്കണം. അത്‌ ചെയ്യാതെ ‘ഇത്‌ ഞാനല്ല, അതാണ്‌ ഞാന്‍’ എന്നും മറ്റും ഉരുവിട്ടുകൊണ്ടിരിക്കുന്നത്‌ പാഴ്‌വേലയാണ്‌. പക്വമതി മനസ്സിന്റെ മൂലകാരണം കാണേണ്ടത്‌ ഉള്ളിലാണ്‌ വെളിയിലല്ല.

ഭഗവാന്‍ മലയില്‍ നിന്നും ഇറങ്ങി വരുന്ന വഴിക്ക്‌ ആശ്രമത്തിനു വെളിയില്‍ ജോലിചെയ്തു കൊണ്ടിരിക്കുന്ന ഒരു വേലക്കാരന്‍ പെട്ടെന്നു ജോലി നിറുത്തിയിട്ട്‌ ഭഗവാന്റെ കാല്‍ക്കല്‍ വീണു നമസ്കരിക്കാന്‍ ഓടി വന്നു.

‘തന്റെ ജോലി താന്‍ ശ്രദ്ധയോടുകൂടി ചെയ്യുന്നതാണ്‌ ശരിയായ നമസ്ക്കാരം’ ഭഗവാന്‍ പറഞ്ഞു. ‘അത്‌ ഈശ്വരനു ചെയ്യുന്ന മഹത്തായ സേവനമാണ്‌’

228. ഉച്ചഭക്ഷണത്തിനിരുന്നപ്പോള്‍ നെല്ലൂരില്‍ നിന്നും വന്ന ഒരു ഭക്തന്‍ ഭഗവാനോട്‌ പ്രസാദം (ഉരുളച്ചോര്‍) ആവശ്യപ്പെട്ടു. അഹാരം കഴിക്കുന്നവന്‍ ‘ഞാന്‍’ എന്ന വിചാരം കൂടാതെ ആഹരിച്ചാല്‍ അവന്‌ അതുതന്നെ ഈശ്വരന്റെ പ്രസാദമാവുമെന്നു സമാധാനം പറഞ്ഞു. അഹാരത്തിനുശേഷം തുടര്‍ന്നു പറഞ്ഞു.

ഒരു കബളം ചോറു വാങ്ങി ഉണ്ണുന്നതാണോ ഭക്തി? ചോദിക്കുന്നവര്‍ക്കെല്ലാം പ്രസാദം കൊടുത്താല്‍ എന്റെ ഇലയില്‍ പിന്നീടെന്തു മിച്ചം കാണും? ഉള്ളില്‍ സ്നേഹം ഇരിക്കണം. അതാണ്‌ നിറവ്‌, അതാണ്‌ പ്രസാദം.