ശ്രീ രമണമഹര്‍ഷി

ജൂലൈ 20, 1936

ഉ: പൂജിക്കുന്നത്‌ കുറ്റമാണെന്നവര്‍ പറഞ്ഞോ?

238. ഒരു ചോദ്യത്തിനുത്തരമായി ഭഗവാന്‍:

സംസാരം നിലയ്ക്കുകയും മൗനം പ്രബുദ്ധമാവുകയും ചെയ്യുന്ന മഹനീയമായ അവസ്ഥ ഒന്നുണ്ട്‌.

ചോ; അപ്പോള്‍ ആശയവിനിമയം ചെയ്യുന്നതെങ്ങനെ?

ഉ: ദ്വൈതം തോന്നുമ്പോഴല്ലേ അതു വേണ്ടു?

ചോ: ശാന്തിയുണ്ടാകുന്നതെങ്ങനെ?

ഉ: അത്‌ പ്രകൃത്യാ ഉള്ള അവസ്ഥയാണ്‌, മനസ്സിനെ ഭജ്ഞിക്കുന്നു. നമ്മുടെ അന്വേഷണം മനസ്സിനെ പരിശോധിക്കുമ്പോള്‍ അതൊഴിയും.

മനസ്സെന്ന പേര്‌ ഒരു വസ്തുവിനെക്കുറിക്കുകയല്ല. വിചാരങ്ങള്‍ ആവിര്‍ഭവിക്കുമ്പോള്‍ അതെവിടെനിന്നോ ഉണ്ടാവുകയാണെന്ന നമ്മുടെ അഭ്യൂഹം, ആ സ്ഥാനത്തെ നാം മനസ്സെന്നു പറയുന്നു. നാം അതെന്താണെന്നന്വേഷിക്കുമ്പോള്‍ അങ്ങനെയൊന്നില്ലെന്നു ബോദ്ധ്യമാവും. അതിന്റെ തിരോധാനത്തോടുകൂടി ശാശ്വതശാന്തി ലഭ്യമാവും.

ചോ: ബുദ്ധി എന്നതെന്താണ്‌?

ഉ: അത്‌ തിരിച്ചറിയാനുള്ള കരണമാണ്‌. ഇതൊക്കെ വെറും പേരുകളാണ്‌. അത്‌ അഹന്തയോ, മനസ്സോ, ബുദ്ധിയോ ആകട്ടെ. ആരുടെ മനസ്സ്‌, ആരുടെ ബുദ്ധി, ആരുടെ അഹന്ത? അഹന്ത സത്യമാണോ? നാം അഹന്തയെത്തന്നെ സംശയിച്ച്‌ ബുദ്ധിയെന്നോ മനസ്സെന്നോ പറയുകയാണ്‌.

ചോ: ആത്മാവിനെ ആത്മാവ്‌ തന്നെ വര്‍ണ്ണിക്കുന്നു. വാക്കുകളല്ല എന്ന്‌ എമേര്‍സണ്‍ പറയുന്നു.

ഉ: വളരെ ശരിയാണ്‌. എത്ര പഠിച്ചാലും അറിവിനവസാനമില്ല. സംശയിക്കുന്നവനെ തള്ളിക്കളയാം. പക്ഷെ സംശയത്തെത്തീര്‍ക്കണം. സംശയാലുവെ വിടാതെ അവനെ പറ്റി നിന്നാലും സംശയങ്ങള്‍ തീരും.

ചോ; അതായത്‌, തന്നെ അറിഞ്ഞാല്‍ ചോദ്യമുണ്ടാവുകയില്ല?

ഉ: അങ്ങനെ തന്നെ.

ചോ: തന്നെ അറിയുന്നതെങ്ങനെ?

ഉ: നിങ്ങള്‍ ഉദ്ദേശിക്കുന്ന ‘താന്‍’ പക്ഷേ മനസ്സോ, ബുദ്ധിയോ അഹംകാരനോ ആകാം. അഹംകാരനു ശേഷമാണ്‌ മറ്റെല്ലാം ജനിക്കുന്നത്‌. അതിനാല്‍ അഹംകാരനെ ചെറുത്തുനിന്നാല്‍ ആത്മാവിനെ വിട്ടേച്ച്‌ മറ്റെല്ലാം മാറിപ്പോവും.

ചോ: അതിനെ പ്രാപിക്കാനാണ്‌ വിഷമം.

ഉ: അതിനെ പ്രാപിക്കാനൊന്നുമില്ല. അതെങ്ങും എന്നും ഉള്ളതാണ്‌. അതിപ്പോഴും ഉണ്ട്‌.

ചോ: സമചിത്തത ഉണ്ടാകുന്നതെങ്ങനെ?

ഉ: അതു മുന്‍പും പറഞ്ഞു. മനസ്സിനെ പരിശോധിക്കുക. അത്‌ മാഞ്ഞ്‌ നിങ്ങളവശേഷിക്കും. നിങ്ങളുടെ ദൃഷ്ടിജ്ഞാനത്തില്‍ നിന്നാല്‍ ലോകം ബ്രഹ്മമയമായിത്തീരും. അപ്പോള്‍ നമ്മുടെ പ്രശ്നം വീക്ഷണമാണ്‌. നിങ്ങള്‍ എങ്ങും വ്യാപിച്ചിരിക്കുന്നു. നിങ്ങള്‍ നിങ്ങളെ കാണുമ്പോള്‍ എല്ലാം മനസ്സിലാവും. എന്നാല്‍ ഇപ്പോള്‍ നിങ്ങളെ കൈവിട്ടു നില്‍ക്കുകയാണ്‌. അന്യങ്ങളെ ചുറ്റിത്തിരിയുന്നു.

ചോ: ഞാന്‍ എന്നെ എങ്ങനെ അറിയും?

ഉ: രണ്ട്‌ ‘ഞാന്‍’ ഉണ്ടോ? ഉണ്ടെന്നു തന്നെ നിങ്ങള്‍ എങ്ങനെ അറിയുന്നു? കണ്ണുകൊണ്ട്‌ കാണുകയണോ? സ്വയം ചോദിക്കൂ. ഈ ചോദ്യം എങ്ങനെ ഉണ്ടായി? ഈ ചോദ്യം ചോദിക്കാന്‍ ‘ഞാന്‍’ ഉണ്ടോ? ഒരു കണ്ണാടിയില്‍ കൂടി എന്നപോലെ ഞാനെന്നെക്കാണുമോ?

നിങ്ങളുടെ ദൃഷ്ടി ബഹിര്‍മുഖമായി ഗമിക്കുന്നത്‌ കൊണ്ട്‌ നിങ്ങള്‍ നിങ്ങളെ കാണാതിരിക്കുന്നു.

ചോ: ഈ വിധം താന്‍ തന്നെക്കാണാന്‍ വര്‍ണ്ണാശ്രമധര്‍മ്മങ്ങളെല്ലാം ആവശ്യമുണ്ടോ?

ഉ: അതെല്ലാം മനോശുദ്ധിക്ക്‌ നല്ലത്‌ തന്നെ.