ശ്രീ രമണമഹര്‍ഷി

ജൂലൈ 20, 1936

ചോ: മനസ്സിനെ നിയന്ത്രിക്കുന്നതെങ്ങനെ?

ഉ: ഒരു കള്ളന്‍ സ്വയം ചതിക്കുമോ? മനസ്സ്‌ സ്വയം അതിനെ അറിയാനൊക്കുമോ? നിങ്ങള്‍ സത്യത്തെ വിട്ടിട്ട്‌ മിഥ്യയായ മനസ്സിനെ കടന്ന്‌ പിടിക്കുകയാണ്‌. നിദ്രയില്‍ മനസ്സുണ്ടായിരുന്നോ? ഇല്ല, അപ്പോള്‍ അതസ്ഥിരമാണ്‌. നിങ്ങള്‍ക്ക്‌ മനസ്സിനെ കാണാനൊക്കുമോ? നിങ്ങളതല്ല. മനസ്സുണ്ടെങ്കില്‍ നിയന്ത്രിക്കാം. പക്ഷെ അതവിടെ ഇല്ലല്ലോ. ഈ രഹസ്യം ചിന്തിച്ചറിയൂ. ഇല്ലാത്തതിനെ അന്വേഷിക്കുന്നത്‌ പാഴല്ലേ. അതിനാല്‍ ഉള്ള ആത്മാവിനെ അന്വേഷിക്കൂ.

ചോ: ആ യഥാര്‍ത്ഥ വസ്തു എന്താണ്‌?

ഉ: അത്‌ ഉള്ളത്‌ തന്നെയാണ്‌. മറ്റെല്ലാം തോന്നലുകളാണ്‌. നാനാത്വം യഥാര്‍ത്ഥ വസ്തുവിന്റെ പ്രകൃതിയല്ല. നാം കടലാസിലെ അക്ഷരങ്ങളെ വായിക്കുന്നുണ്ട്‌. പക്ഷെ കടലാസിനെ മറക്കുന്നു. അതുപോലെ നാം ദ്രഷ്ടാവിനെ വിട്ടിട്ട്‌ ദൃശ്യങ്ങളെ മാത്രം നോക്കിക്കൊണ്ടിരിക്കുന്നു. അതാരുടെ കുറ്റം?

ചോ: ആത്മാവിന്‌ അതിരുണ്ടോ?

ഉ: ആത്മാവെന്താണ്‌?

ചോ: വ്യഷ്ടി ജീവനാണാത്മാവ്‌.

ഉ: വ്യഷ്ടിജീവനെന്താണ്‌? വ്യഷ്ടിസമഷ്ടികള്‍ക്കെന്തു വ്യത്യാസം? അതോ അവരെങ്ങും ഒന്നാണോ? പുത്തനായി കാണപ്പെടുന്നവ പിന്നീട്‌ മറഞ്ഞു പോവും. അതിനാല്‍ അവയ്ക്കെല്ലാമാധാരമെന്തെന്നു നോക്കൂ. അതിനെ ശരണം പ്രാപിക്കൂ.

ചോ: മരണശേഷം ഒരാള്‍ക്കെന്ത്‌ സംഭവിക്കുന്നു?

ഉ: ജീവിച്ചിരിക്കുമ്പോഴുള്ള കാര്യം നോക്കൂ. നാളത്തേത്‌ നാളെ നോക്കിക്കൊള്ളും. ഗ്രന്ഥങ്ങളില്‍ സൃഷ്ടിയുടെ ഭൂതഭാവികളെപ്പറ്റി പറയുന്നത്‌ വര്‍ത്തമാനത്തെ അറിയാനാണ്‌. നിങ്ങള്‍ ജനിച്ചു എന്നു പറയുന്നതുകൊണ്ടാണ്‌ വേദങ്ങള്‍ അത്‌ സമ്മതിച്ചിട്ട്‌ ഈശ്വരന്‍ സൃഷ്ടിച്ചു എന്നു പറയുന്നത്‌. ഈശ്വരന്‍ സത്യമാണെങ്കില്‍ എന്തുകൊണ്ട്‌ ഉറക്കത്തില്‍ പ്രത്യക്ഷമാകുന്നില്ല. ഉറങ്ങുന്നതും ഉണര്‍ന്നിരിക്കുന്നതും ആളൊന്നാണെങ്കില്‍ അനുഭവം പരസ്പര വിരുദ്ധമായിട്ടിരിക്കുന്നതെന്ത്‌? ജനിച്ചിട്ടുള്ളവര്‍ ജനനത്തെപ്പറ്റിയും പരിഹാരത്തെപ്പറ്റിയും മറ്റും ചിന്തിച്ചുകൊള്ളട്ടെ.

ചോ: ഈ ചോദ്യങ്ങളെല്ലാം ചോദിക്കാനാരുണ്ട്‌?

ഉ: അങ്ങനെ പറയൂ. ചോദ്യങ്ങള്‍ക്കവസാനമുണ്ടോ?

ചോ: ചിന്തയും അന്വേഷണവും വിടണമെന്ന മട്ടിലാണ്‌ അങ്ങയുടെ ഉപദേശം!

ഉ: ആത്മവിചാരത്തെ നിറുത്തിയാല്‍ ആ സ്ഥാനത്ത്‌ ലോകവിചാരം വന്നുകയറും. (ഹാളില്‍ ചിരി) ആത്മവിചാരം തുടര്‍ന്നു ചെയ്താല്‍ അനാത്മാകാരം ഒഴിയും. ആത്മാകാരം അവശേഷിക്കും. ആത്മാവ്‌ എന്ന ഒറ്റവാക്ക്‌ ശരീരം, മനസ്സ്‌, മനുഷ്യന്‍, ജീവന്‍, ഈശ്വരന്‍, സര്‍വ്വത്തിനെയും കുറിക്കും.

239. ഫ്രീഡ്‌മാന്‍: ഒരാള്‍ വസ്തുക്കുളെ സങ്കല്‍പ്പിക്കുന്നു. സങ്കല്‍പ ബലം കൊണ്ടവയെ അനുഭവിക്കുകയും ചെയ്യുന്നു. സൃഷ്ടികര്‍ത്താവിനിങ്ങനെ സൃഷ്ടിക്കാന്‍ കഴിയുകയില്ലേ?

ഉ: ഇതും നിങ്ങളുടെ വിചാരം മാത്രം.

ചോ: തന്നെ കണ്ടറിയണമെന്നു കൃഷ്ണമൂര്‍ത്തി പറയുന്നു. അപ്പോള്‍ ഞാന്‍ മായും. അതിന്റെ പിന്നിലൊന്നുമില്ലത്രെ. ഇത്‌ ബുദ്ധന്റെ ഉപദേശം പോലിരിക്കുന്നു.

ഉ: അതെ. പിന്നീടുള്ളത്‌ വര്‍ണ്ണിക്കാനൊക്കാത്തതാണ്‌.