ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
അദ്ധ്യായം മൂന്ന് – കര്‍മ്മയോഗം
ശ്ലോകം 1
അര്‍ജ്ജുന ഉവാചഃ
ജ്യായസീ ചേത് കര്‍മ്മണസ്തേ
മതാ ബുദ്ധിര്‍ജനാര്‍ദ്ദന
തത് കിം കര്‍മ്മണി ഘോരേ മാം
നിയോജയസി കേശവ!
അര്‍ഥം :
അല്ലയോ കൃഷ്ണ, കര്‍മ്മത്തെക്കാള്‍ അധികം ശ്രേഷ്ഠം ജ്ഞാനമാണെന്നാണ് അങ്ങയുടെ അഭിപ്രായമെങ്കില്‍, ഹേ കേശവാ, എന്തിനാണ് എന്നെ കൊണ്ട് ഭയാനകമായ ഈ കര്‍മ്മം അങ്ങ് ചെയ്യിക്കുന്നത് ?
ഭാഷ്യം :
അര്‍ജ്ജുനന്‍ ഭഗവാനോട് ചോദിച്ചു: അല്ലയോ കരുണാമയനായ ദേവാ! അങ്ങ് പറഞ്ഞതെല്ലാം ശ്രദ്ധാപൂര്‍വം ഞാന്‍ കേട്ടു. കര്‍മ്മമോ അതിന്റെ കര്‍ത്താവോ അവശേഷിക്കുന്നില്ല എന്നാണു അങ്ങയുടെ ദൃഢമായ അഭിപ്രായമെങ്കില്‍, പിന്നെ എന്തിനാണ് യുദ്ധം ചെയ്യണമെന്നു പറഞ്ഞ് എന്നെ ഭീഷണമായ ഈ കൃത്യത്തിലേക്ക് നിര്‍ദ്ദാക്ഷിണ്യം വലിച്ചിഴയ്ക്കുന്നത്? എല്ലാ കര്‍മ്മങ്ങളെയും നിരാകരിച്ച അങ്ങ് ഇപ്രകാരം ഹിംസാത്മകമായ ഒരു കര്‍മ്മം എന്നെകൊണ്ട് ചെയ്യിക്കുന്നത് എന്തുകൊണ്ടാണ്? അല്ലയോ ജനാര്‍ദ്ദന, സ്വയം ആലോചിച്ചാലും. എല്ലാ കര്‍മ്മങ്ങളില്‍നിന്നും മോചിതനാകാന്‍ ഉപദേശിച്ചിട്ട് എന്റെ കൈകള്‍ കൊണ്ട് ഈ അരുംകൊല ചെയ്യിക്കുന്നതെന്തിനാണു?